രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ചെറിയ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്ത് വിദര്‍ഭ. ഗുജറാത്തിനെതിരായ മത്സരത്തില്‍ 73 റണ്‍സ് വിജയകരമായി ഡിഫന്‍ഡ് ചെയ്താണ് വിദര്‍ഭ ചരിത്ര പുസ്തകങ്ങളില്‍ ഇടം നേടിയത്.
വിദര്‍ഭ ഉയര്‍ത്തിയ 73 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 54 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെയാണ് രഞ്ജിയിലെ ഏറ്റവും ചെറിയ ടോട്ടല്‍ വിജയകരമായി ഡിഫന്‍ഡ് ചെയ്തതിന്റെ റെക്കോഡ് വിദര്‍ഭയുടെ പേരിലായത്.
75 വര്‍ഷം പഴക്കമുള്ള ബീഹാറിന്റെ റെക്കോഡാണ് വിദര്‍ഭ സ്വന്തം പേരിലാക്കിയിരിക്കുന്നത്. 1947-48 സീസണില്‍ ദല്‍ഹിക്കെതിരെ 78 റണ്‍സ് വിജയകരമായി ഡിഫന്‍ഡ് ചെയ്തതായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിദര്‍ഭക്ക് ആദ്യ ഇന്നിങ്‌സില്‍ അടി തെറ്റിയിരുന്നു. കേവലം 74 റണ്‍സിന് വിദര്‍ഭയുടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു.
33 റണ്‍സ് നേടിയ സഞ്ജയ് രഘുനാഥാണ് ആദ്യ ഇന്നിങ്‌സില്‍ വിദര്‍ഭയുടെ ടോപ്പ് സ്‌കോറര്‍. ഏഴ് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായിരുന്നു, നാല് താരങ്ങള്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ആര്യ ദേശായിയുടെയും ഭാര്‍ഗവ് മെരായിയുടെയും ബാറ്റിങ് കരുത്തില്‍ 256 റണ്‍സ് നേടി.
182 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റിങ് ആരംഭിച്ച വിദര്‍ഭ രണ്ടാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പരാജയപ്പെട്ട പലരും രണ്ടാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 69 റണ്‍സ് നേടിയ ജിതേഷ് ശര്‍മയും 42 റണ്‍സ് നേടിയ നചികേത് ഭൂട്ടയും വിദര്‍ഭ നിരയില്‍ കരുത്തായി.
72 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഗുജറാത്തിന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. 54 റണ്‍സിന് വിദര്‍ഭ ബൗളര്‍മാര്‍ ഗുജറാത്തിന്റെ എല്ലാ താരങ്ങളെയും മടക്കി.
15.3 ഓവറില്‍ 17 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വാതെയും 11 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷ് ദുബെയുമാണ് വിദര്‍ഭക്ക് വിജയം സമ്മാനിച്ചത്.
Content Highlight: Vidharbha success fully defended lowest score in Ranji Trophy History