മണ്ണാമ്മൂല ഭൂസമരം : ജാതികേരളത്തിന്റെ നേര്‍സാക്ഷ്യം
അമേഷ് ലാല്‍

 

തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്കാന്‍ നഗരസഭ പേരൂര്‍ക്കടയ്ക്ക് സമീപം മണ്ണാമ്മൂലയില്‍ വാങ്ങിയ ഭൂമിയിലാണ് ബിഎസ്പി കാന്‍ഷിറാം എന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂസമരം നടക്കുന്നത്. 1998 ല്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 50,23,400 രൂപയ്ക്ക് രൂപയ്ക്ക് രണ്ടേക്കര്‍ അഞ്ച് സെന്റ് ഭൂമി വാങ്ങിയത്. തിരുവനന്തപുരം നഗരഹൃദയത്തില്‍ സമ്പന്നരുടെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍പട്ടികജാതിക്കാര്‍ക്ക് വീട് വെച്ച് കൊടുക്കാനുള്ള പദ്ധതി പലരുടെയും മുഖം ചുളിപ്പിച്ചുവെന്ന് സമരക്കാര്‍ പറയുന്നു.

റസിഡന്‍സ് അസോസിയേഷന് നടുവില്‍ പട്ടികജാതി കോളനി അനുവദിക്കില്ലെന്നും, കോളനികള്‍ ക്രിമിനലുകളെ വളര്‍ത്തുമെന്നും വാദിച്ച് റസിഡന്‍സ് അസോസിയേഷനുകള്‍ പ്രതിഷേധമുയര്‍ത്തി. ഈ പ്രതിഷേധത്തില്‍ തട്ടി നഗരസഭയുടെപദ്ധതി മരവിച്ചു നിന്നു. 2005 ല്‍ ബേസിക് സര്‍വീസ് ഫോര്‍ അര്‍ബന്‍ പുവര്‍ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണാമ്മൂലയ്ക്കൊപ്പം ഏറ്റെടുത്ത ഭൂമിയില്‍ മണക്കാട്,കരിമഠം, കണ്ണമ്മൂല തുടങ്ങിയ സ്ഥലങ്ങളിലൊക്കെഭവനപദ്ധതികള്‍ നിര്‍മ്മാണമാരംഭിച്ചു. എന്നിട്ടും 1998 ല്‍ ഏറ്റെടുത്ത മണ്ണാമൂലയിലെ ഭൂമിയില്‍ 2015 വരെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. മറ്റിടങ്ങളിലെ പദ്ധതികള്‍ ജനറല്‍ ഫണ്ടായിരുന്നെങ്കില്‍ മണ്ണാമ്മൂലയിലേത്പട്ടികജാതിക്കാര്‍ക്ക് മാത്രമായുള്ളതായിരുന്നു എന്നറിയുമ്പോഴാണ് ഇതിന് പിന്നിലെ ജാതിയുടെ കളികള്‍ തിരിച്ചറിയാനാകുക.

2015 ല്‍ പദ്ധതി ലാപ്‌സായി പോകുമെന്ന ഘട്ടത്തിലാണ് ബിഎസ്പി കാന്‍ഷിറാം എന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നൂറോളം കുടുംബങ്ങള്‍ ഈ ഭൂമി കയ്യേറി കുടില്‍കെട്ടി സമരം ആരംഭിച്ചത്. തിരുവനന്തപുരം നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഭൂരഹിതരായ 50 കുടുംബങ്ങളാണ് ഇന്ന് ഈ സമരഭൂമിയില്‍ ഉള്ളത്.

വജ്രജൂബിലി ആഘോഷിക്കുന്ന പുരോഗമന സാക്ഷര കേരളത്തിന് നേര്‍ക്ക് ജാതി,ഭൂ ഉടമസ്ഥത , ദളിത് അവകാശങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ഒരു പിടി ചോദ്യങ്ങള്‍ ഉയര്‍ത്തി വിട്ടു കൊണ്ട് മണ്ണാമ്മൂല്ല ഭൂസമരം തിരുവനന്തപുരം നഗരത്തില്‍തുടരുകയാണ്.