ഓക്‌സിജന്‍ കിട്ടാതായതോടെ രോഗികളെ ആശുപത്രിയില്‍ പൂട്ടിയിട്ട് ഡോക്ടര്‍മാര്‍ ഒളിച്ചു, ബന്ധുക്കളെത്തിയപ്പോള്‍ കണ്ടത് നിരനിരയായി കിടക്കുന്ന മൃതദേഹങ്ങള്‍: വീഡിയോ പുറത്ത്
national news
ഓക്‌സിജന്‍ കിട്ടാതായതോടെ രോഗികളെ ആശുപത്രിയില്‍ പൂട്ടിയിട്ട് ഡോക്ടര്‍മാര്‍ ഒളിച്ചു, ബന്ധുക്കളെത്തിയപ്പോള്‍ കണ്ടത് നിരനിരയായി കിടക്കുന്ന മൃതദേഹങ്ങള്‍: വീഡിയോ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th May 2021, 8:00 am

ന്യൂദല്‍ഹി: ആക്രമിക്കപ്പെടുമെന്ന് പേടിച്ച് ഓക്‌സിജന്‍ ഇല്ലാതായതിനെ തുടര്‍ന്ന് മരിച്ച കൊവിഡ് രോഗികളെ ഐ.സി.യുവില്‍ പൂട്ടിയിട്ട് ഡോക്ടര്‍മാര്‍ ഒളിച്ചു. രോഗികളെ അന്വേഷിച്ച് ബന്ധുക്കളെത്തെയിപ്പോള്‍ കണ്ടത് നിരനിരയായി കിടക്കുന്ന മൃതദേഹങ്ങള്‍. ഗുരുഗാവ് ആശുപത്രിയില്‍ നടന്ന ഈ ദാരുണസംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

ബന്ധുക്കള്‍ ആശുപത്രിയിലെത്തുന്നതും ഡോക്ടര്‍മാരെയോ സ്റ്റാഫുകളെയോ കാണാതായതിനെ തുടര്‍ന്ന് ഓരോ മുറികളും പരിശോധിക്കുന്നതും പൂട്ടിയിട്ട ഐ.സി.യു തുറന്നുനോക്കുമ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതുമെല്ലാം ഈ വീഡിയോയിലുണ്ട്.

ഗുരുഗാവിലെ കൃതി ആശുപത്രിയില്‍ ആറ് കൊവിഡ് രോഗികളാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്. ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ തങ്ങളെ കൃത്യമായ വിവരങ്ങള്‍ അറിയിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തന്നെ ഓക്‌സിജന്‍ തീര്‍ന്നുപോയ കാര്യം സര്‍ക്കാര്‍ അധികൃതരെ അറിയിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാല് മണിയ്ക്ക് തന്നെ രോഗികളെ മറ്റെവിടെയ്‌ക്കെങ്കിലും മാറ്റണമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും ആരും തയ്യാറായില്ലെന്നും തുടര്‍ന്ന് 11 മണിയോടെ ആറ് രോഗികളും മരിയ്ക്കുകയായിരുന്നുവെന്നും ഇവര്‍ അറിയിച്ചു.

വീഡിയോ എടുത്ത ദിവസം ഡോക്ടര്‍മര്‍ ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നെന്നും രോഗികളുടെ ബന്ധുക്കള്‍ ആക്രമിക്കുമെന്ന് പേടിച്ച് കാന്റീനില്‍ ഒളിച്ചിരിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. പൊലീസെത്തി ബന്ധുക്കളെ ആശുപത്രിയില്‍ നിന്നും മാറ്റിയ ശേഷം ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ ജോലി ആരംഭിച്ചെന്നും ഇവര്‍ അറിയിച്ചു.

അതേസമയം കൃതി ആശുപത്രി കൊവിഡ് ആശുപത്രിയായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും അതിനാലാണ് അവിടെ ഓക്‌സിജന്‍ ഇല്ലാതായ വിവരം അറിയാനും പരിഹാര നടപടികള്‍ സ്വീകരിക്കാനും വൈകിയതെന്നുമാണ് സര്‍ക്കാരിന്റെ പ്രതികരണം. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ രജിസ്‌ട്രേഷനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്തു തുടങ്ങാന്‍ തങ്ങളെ വാക്കാല്‍ അറിയിച്ചിരുന്നെന്നുമാണ് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കൊവിഡ് രോഗികള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ഓക്സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ മരിച്ചുപോകുന്നത് ക്രിമിനല്‍ ആക്ടാണെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കൂട്ടക്കൊലയില്‍ കുറഞ്ഞതൊന്നുമല്ല നടക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Videos Show Locked ICU, Dead Bodies Within, Staff In Hiding