സവര്‍ണ വില്ലനെ ഗ്ലോറിഫൈ ചെയ്തും മാസ് ബി.ജി.എം ചേര്‍ത്തും വീഡിയോ; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
Film News
സവര്‍ണ വില്ലനെ ഗ്ലോറിഫൈ ചെയ്തും മാസ് ബി.ജി.എം ചേര്‍ത്തും വീഡിയോ; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th July 2023, 6:25 pm

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഫഹദ് ഫാസില്‍ കഥാപാത്രമായ രത്‌നവേല്‍. മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഫഹദിന്റെ കഥാപാത്രത്തെ ഗ്രോറിഫൈ ചെയ്തുകൊണ്ടുള്ള വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

ജാതിബോധവും അധികാരവും തലക്ക് പിടിച്ച സവര്‍ണനായ വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ചിരുന്നത്. ഈ കഥാപാത്രത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം മാസ് ബി.ജി.എം ചേര്‍ത്തുകൊണ്ടുള്ള വീഡിയോകളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. രത്‌നവേലിന്റെ സ്പിന്‍ ഓഫ് വേണമെന്ന ആവശ്യങ്ങളും ട്വിറ്ററില്‍ ഉയരുന്നുണ്ട്.

ചിലര്‍ ഇതിലുള്ള അപകടത്തെ ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഏത് പ്രവണതക്കെതിരെയാണോ മാരി സെല്‍വരാജ് ചിത്രത്തിലൂടെ സംസാരിച്ചത് ആ സവര്‍ണ ആധിപത്യ സ്വഭാവമാണ് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നതെന്നാണ് സോഷ്യല്‍ മീഡിയ കമന്റുകളില്‍ കാണുന്നത്.

രത്‌നവേലിനെ കണ്ട് ‘ഇവന്‍ എങ്ക ആള് ഡാ’ എന്ന് പറയുന്നത് കാണുമ്പോള്‍ ജാതി വെറി എത്ര ആഴത്തിലാണ് നിലകൊള്ളുന്നത് എന്ന് മനസ്സിലാകുന്നുവെന്നാണ് മറ്റൊരു കമന്റ്.

അതേസമയം കഥാപാത്ര സൃഷ്ടിയില്‍ മാരി സെല്‍വരാജിന് അപാകതകള്‍ ഉണ്ടായി എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ജാതിവെറിക്കെതിരെയും തുല്യതക്കുമായുമുള്ള കീഴാളരുടെ പോരാട്ടം ആവിഷ്‌കരിച്ച ചിത്രത്തില്‍ ഫഹദിന്റെ കഥാപാത്രത്തിന് അറിഞ്ഞോ അറിയാതെയോ ഹീറോ പരിവേഷം ലഭിച്ചിട്ടുണ്ടെന്നുമുള്ള പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.

ഫഹദിനെതിരെ നില്‍ക്കുന്ന നായകനായി ഉദയനിധിയെ കാസ്റ്റ് ചെയ്തതിലാണ് പ്രശ്‌നമെന്നും ചിലര്‍ പറയുന്നുണ്ട്. രത്‌നവേലിന്റെ ക്യാരക്ടര്‍ ആര്‍ക്ക് കൃത്യമായി വരച്ചിട്ടപ്പോള്‍ ഉദയനിധിയുടെ വീരനെ പൂര്‍ണമാക്കുന്നതില്‍ ആ കൃത്യത മാരിക്ക് നഷ്ടമായി പോയെന്നും വിമര്‍ശനമുണ്ട്.

നായകനടന്മാര്‍ വില്ലന്മാരാവുമ്പോള്‍ ആരാധന തോന്നുന്ന പ്രവണത പണ്ടും ഉണ്ടായിട്ടുണ്ടെന്നും ഈ വാദങ്ങള്‍ക്ക് മറുപടിയായി ചിലര്‍ കുറിച്ചു. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിക്കും ആരാധകരുണ്ടെന്നും ക്രൂരനായ വില്ലനെ ആരാധിക്കുന്നവര്‍ക്കാണ് കുഴപ്പമെന്നും കമന്റുകളുണ്ട്.

ഫഹദിന്റെ പ്രകടനം ഗംഭീരമായെന്നും എന്നാല്‍ രത്‌നവേലിനെ പോലെയുള്ള മനുഷ്യരെ സമൂഹം ഒറ്റപ്പെടുത്തണമെന്നുമാണ് മാസ് ബി.ജി.എം ഇട്ടുള്ള വീഡിയോകള്‍ക്കെതിരെ പൊതുവിലുയരുന്ന വികാരം.

Content Highlight: Videos circulating in social media that glorifying Fahadh’s character in maamannan