| Friday, 23rd March 2018, 10:22 am

യു.പിയില്‍ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ മരത്തില്‍ കെട്ടിയിട്ട് ലെതര്‍ ബെല്‍റ്റു കൊണ്ടടിച്ച് നാട്ടുകൂട്ടം (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: കാമുകനൊപ്പം ഒളിച്ചോടിയതിന് യുവതിയെ പരസ്യമായി മരത്തില്‍ കെട്ടിയിട്ട് ലെതര്‍ ബെല്‍റ്റുകൊണ്ട് മര്‍ദ്ദിക്കാന്‍ ശിക്ഷ വിധിച്ച് നാട്ടുകൂട്ടം. യു.പിയിലെ ബുലന്ദ്ഷഹര്‍ ജില്ലയിലുള്ള ലൗംഗ ഗ്രാമത്തിലാണ് ഈ മാസം 10ന് നാട്ടുകൂട്ടത്തിന്റെ വിധിപ്രകാരം ഭര്‍ത്താവ് യുവതിയെ മരത്തില്‍ കെട്ടിയിട്ട് തല്ലിയത്.

സംഭവസ്ഥലത്തുണ്ടായിരുന്ന ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. 73 സെക്കന്റ് നീളമുള്ള വീഡിയോ ദൃശ്യത്തില്‍ യുവതിയുടെ കൈകള്‍ മരത്തിനു മുകളിലേക്ക് കെട്ടിയിട്ട് ലെതര്‍ ബെല്‍റ്റ് കൊണ്ട് തല്ലുന്ന ദൃശ്യങ്ങളാണുള്ളത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് സൗധാന്‍ സിംഗ്, മുന്‍ പഞ്ചായത്ത് മുഖ്യന്‍ ഷേര്‍ സിംഗ്, അയാളുടെ മകന്‍ ശ്രാവണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. താന്‍ അയല്‍ക്കാരനായ മറ്റൊരാള്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ച് മാര്‍ച്ച് 5ന് ഒരു ബന്ധുവിന്റെ വീട്ടിലെക്ക് താമസം മാറിയിരുന്നു എന്നും പ്രശ്നങ്ങള്‍ സമാധാനമായി പറഞ്ഞു തീര്‍ക്കാം എന്നു വിശ്വസിപ്പിച്ച് ഭര്‍ത്താവും മുന്‍ പഞ്ചായത്ത് മുഖ്യനും ചേര്‍ന്ന് യുവതിയെ ഗ്രാമത്തിലേക്ക് വിളിച്ചു വരുത്തി സമുദായത്തിന് “ചീത്തപ്പേരുണ്ടാക്കിയെന്ന്” വിധിച്ച് പരസ്യമായി ശിക്ഷിക്കുകയുമായിരുന്നു എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പരസ്യമായി മര്‍ദ്ദിച്ചതിനു ശേഷം ഷേര്‍സിംഗും കുട്ടരും യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ചതായും പരാതിയിലുണ്ട്. ഒളിച്ചോടുന്നവര്‍ക്കൊരു പാഠമാക്കാനും മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാക്കാനും ശിക്ഷ നടപ്പാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഷേര്‍ സിംഗ് അയാളുടെ കൂട്ടാളികളോട് ആവശ്യപ്പെട്ടിരുന്നു എന്നും യുവതി മൊഴിനല്‍കി.

സംഭവത്തില്‍ 18 പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതായി ബുലന്ദ്ഷഹര്‍ എസ്.പി പ്രവീണ്‍ രഞ്ജന്‍ സിംഗ് പറഞ്ഞു. ഇതില്‍ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരഭിമാനക്കൊലകള്‍ ഇല്ലാതാക്കാന്‍ സുപ്രീം കോടതി അടക്കം മുന്നോട്ടു വന്നിട്ടും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്നും ഇത്തരം നടപടികളും ശിക്ഷാരീതികളും നടക്കുന്നുണ്ട്.


Also Read: ഗര്‍ഭപാത്രം വാടകക്കു നല്‍കുന്നതിനെ പൂര്‍ണമായും നിരോധിക്കുന്ന ബില്ലില്‍ ഭേദഗതി വരുത്താനൊരുങ്ങുന്നു

We use cookies to give you the best possible experience. Learn more