ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി രമ്യ തന്നെക്കാളും പ്രായമായ സ്ത്രീകളെ കൊണ്ട് കാല് പിടിപ്പിക്കുന്നു എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ ഇന്നലെ മുതല്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരണത്തിന് ഉപയോഗിച്ചിരുന്നത്.
മണ്ഡലത്തിലെ തമിഴ് ജനങ്ങള്‍ ഏറെയുള്ള പ്രദേശത്ത് തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാന്‍ എത്തിയതായിരുന്നു രമ്യ. അവിടെയുള്ള സ്ത്രീകള്‍ താലത്തിലുള്ള ചന്ദനം രമ്യ തൊടീക്കുകയും അതിലെ വെള്ളം കാല്‍ച്ചുവട്ടിലൊഴിക്കുകയുമാണ് ചെയ്യുന്നത്. ഈ ദൃശ്യങ്ങളാണ് ‘കണ്ടില്ലേ രമ്യാ ഹരിദാസ് എംപി പൊതുജനത്തെ കൊണ്ട് കാല് പിടിപ്പിക്കുന്നു’. എന്ന തലക്കെട്ടോടെയും പ്രചരിപ്പിച്ചത്.
ഇന്ന് ഉച്ചക്ക് ശേഷം കോണ്‍ഗ്രസ് അനുഭാവികളായ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മറ്റ് വീഡിയോകളുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് സമയത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ എം.ബി രാജേഷിനെയും പി.കെ ബിജുവിനെയും രമ്യയെ സ്വീകരിച്ചതിന് സമാനമായ രീതിയില്‍ സ്വീകരിക്കുന്നതായിരുന്നു.
ഇതേ ചടങ്ങ് സ്വീകരണ കേന്ദ്രങ്ങളിലെ സ്ത്രീകള്‍ നടത്തുമ്പോള്‍ എം.ബി രാജേഷോ പി.കെ ബിജുവോ എതിര്‍പ്പൊന്നും പ്രകടിപ്പിക്കുന്നത് വീഡിയോയിലില്ല. വീഡിയോകള്‍ ഉപേയോഗിച്ച് പരസ്പര ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ് ഇരുപക്ഷവും.