മോഡേണ്‍ ഡേ ഫുട്‌ബോളില്‍ ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യമാണ് മെസിയാണോ റൊണാള്‍ഡോ ആണോ മികച്ച ഫുട്‌ബോളര്‍ എന്നത്. ഇരുവരും മികച്ച താരങ്ങളാണെന്ന് ഫുട്‌ബോള്‍ ഫോളോ ചെയ്യുന്ന കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാവുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലൊരു താരതമ്യം അര്‍ത്ഥമില്ലാത്തതാണ്.
മെസിയുടെയും ക്രിസ്റ്റിയാനോയുടെയും പ്രൈം ടൈമില്‍ ഇരുവരുടെയും കളി കാണുന്നതും, ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ ലൈവ് കണ്ടതുമെല്ലാം തന്നെ ഒരു ഭാഗ്യമായിട്ടാണ് പല ഫുട്‌ബോള്‍ ആരാധകരും വിലയിരുത്തിപ്പോരുന്നത്.
ഇരുവരും തങ്ങളുടെ മുപ്പതുകളുടെ മധ്യത്തിലാണെങ്കിലും മികച്ച പ്രകടനമാണ് ഇപ്പോഴും കാഴ്ചവെക്കുന്നത്. വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പ് ഇരുവരുടെയും അവസാനത്തേതാവാനാണ് സാധ്യത.
മെസി ഏഴ് തവണയും റൊണാള്‍ഡോ അഞ്ച് തവണയും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ്ബിനും ദേശീയ ടീമിനും വേണ്ടി റൊണാള്‍ഡോ 815 ഗോള്‍ നേടി എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനായപ്പോള്‍, അര്‍ജന്റൈന്‍ ലെജന്‍ഡ് 773 ഗോളുമായി മൂന്നാമനാണ്.
എന്നാല്‍ മെസി – റൊണാള്‍ഡോ യുഗം അവസാനിച്ചെന്നും ഇനി പുതിയ പിള്ളേരുടെ വിളയാട്ടമാണെന്നുമാണ് ഒരുകൂട്ടം ആരാധകര്‍ പറയുന്നത്. മെസി vs റൊണാള്‍ഡോ എന്ന എപിക് റൈവല്‍റിക്ക് പകരമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത് ഹാലണ്ട്, എംബാപ്പെ എന്നിവര്‍ തമ്മിലുള്ള മത്സരമാണ്.
മെസിക്കൊപ്പം പി.എസ്.ജിയില്‍ കളിക്കുന്ന എംബാപ്പെ ഫ്രാന്‍സ് ദേശീയ ടീമിന്റെ താരമാണ്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സ് ലോകകപ്പ് നേടിയപ്പോള്‍ ഫ്രഞ്ച് പടക്കൊപ്പം നിര്‍ണായശക്തിയായി ഈ 23കാരനും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ പി.എസ്.ജി 2-1ന് യുവന്റസിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ട് ഗോളും നേടിയത് എംബാപ്പെ തന്നെയാണ്.
എംബാപ്പെയുടെ പ്രായത്തിലെ മറ്റ് താരങ്ങളെ അപേക്ഷിച്ച് അദ്ദേഹം അഹങ്കാരിയാണെന്നും സെല്‍ഫിഷാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ആരാധകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ടെങ്കിലും എംബാപ്പെ പി.എസ്.ജിയിലെ മിന്നും താരമായി തുടരുകയാണ്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ ഇന്റര്‍നാഷണല്‍ എര്‍ലിങ് ഹാലണ്ടാണ് പുതിയ റൈവല്‍റിയിലെ രണ്ടാമന്‍. സിറ്റിക്കൊപ്പം സീസണില്‍ മികച്ച പ്രകടനമാണ് ഈ 22കാരന്‍ കാഴ്ചവെക്കുന്നത്.
ചാമ്പ്യന്‍സ് ലീഗില്‍ സെവിയ്യക്കെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് ഹാലണ്ട് തിളങ്ങിയത്. ഹാലണ്ടിന് പുറമെ റൂബന്‍ ഡയസും ഫില്‍ ഫോഡനും ഗോള്‍ കണ്ടെത്തിയപ്പോള്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു സിറ്റി സെവിയ്യയെ പരാജയപ്പെടുത്തിയത്.
എന്നാല്‍ ഈ രണ്ട് മത്സരങ്ങളും കഴിഞ്ഞതിന് പിന്നാലെയാണ് പുതിയ എപിക് റൈവല്‍റിയുടെ തുടക്കമായി ഒരുകൂട്ടം ഫുട്‌ബോള്‍ ആരാധകര്‍ ഇവരെ നോക്കിക്കാണുന്നത്.
മെസിയുടെയും റൊണാള്‍ഡോയുടെയും റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടാണ് ഹാലണ്ട് കുതിക്കുന്നത്. ഇതിന് പുറമെ ചാമ്പ്യന്‍സ് ലീഗില്‍ 25 ഗോള്‍ കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും ഹാലണ്ട് സ്വന്തമാക്കിയിരുന്നു. എംബാപ്പെയുടെ റെക്കോഡ് തകര്‍ത്താണ് ഹാലണ്ട് പുതിയ നേട്ടം കൈവരിച്ചത്.
ഇതോടെയാണ് ഇത് ഫുട്‌ബോളിലെ തലമുറമാറ്റത്തിന്റെ കാലമാണെന്നും പുതിയ റൈവല്‍റിക്ക് തുടക്കമായെന്നുമാണ് ട്വിറ്ററില്‍ ചര്‍ച്ചകളുയരുന്നത്.
23കാരനായ എംബാപ്പെ ഇതിനോടകം തന്നെ 288 ക്ലബ്ബ് മത്സരത്തില്‍ നിന്നും 212 ഗോളുകള്‍ സ്വന്തമാക്കിയിരുന്നു. മൊണോക്കോ, പി.എസ്.ജി എന്നിവര്‍ക്ക് വേണ്ടിയായിരുന്നു താരം ഗോളടിച്ചുകൂട്ടിയത്.
191 മത്സരത്തില്‍ നിന്നും 147 ഗോളാണ് ഹാലണ്ടിന്റെ അക്കൗണ്ടിലുള്ളത്. ബൊറൂസിയ ഡോര്‍ട്മുണ്ട്, റെഡ്ബുള്‍ സാല്‍സ്‌ബെര്‍ഗ് നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ക്കൊപ്പമാണ് ഈ 22കാരന്‍ ഗോളടിച്ചുകൂട്ടുന്നത്.
Content Highlight: Twitter erupts after fans believe Erling Haaland – Kylian Mbappe rivalry could eclipse Lionel Messi vs Cristiano Ronaldo era