പുതുവൈപ്പിനില്‍ ആശങ്കകള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രിബ്യൂണല്‍ പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലിന് പ്രവര്‍ത്ത അനുമതി നല്‍കി. ടെര്‍മിനലിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന സമരസമിതിയുടെ ഹര്‍ജി തള്ളിയാണ് പുതിയ വിധി. പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെതിരെ പുതുവൈപ്പിന്‍ ഇന്നും സമരത്തിലാണ്.
വൃദ്ധരും കുട്ടികളുമടക്കം ദിവസവും സമരപന്തലിലേക്ക് എത്തുന്നു. ഐ.ഒ.സി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന 15450 ടണ്‍ ശേഷിയുള്ള എല്‍.പി.ജി സംഭരണ കേന്ദ്രത്തിനെതിരെ 2009 മുതല്‍ പ്രദേശവാസികള്‍ പ്രക്ഷോഭത്തിലാണ്. തീരദേശ സംരക്ഷണ സുരക്ഷയും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഈ സംഭര കേന്ദ്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതെന്ന് പരസ്ഥിതി പ്രവര്‍ത്തകരും പറയുന്നു.
കൊച്ചി അഴിമുഖത്തെ ജെട്ടിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ പൈപ്പ് ലൈനിലൂടെയാണ് ഇവിടെ എല്‍.പി.ജി എത്തിക്കുന്നത്. പുതുവൈപ്പിനില്‍ വീടുകളും പ്ലാന്റും തമ്മില്‍ 30 മീറ്റര്‍ മാത്രമാണ് ദൂരമുള്ളത്. ടെര്‍മിനലിനെതിരെ മരണം വരെ സന്ധിയില്ലാത്ത സമരത്തിന് തയ്യാറെടുക്കുകയാണ് പുതുവൈപ്പിന്‍. ട്രിബ്യൂണല്‍ വിധിയെക്കുറിച്ച് വിശദമായി മനസിലാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം