ആരാണ് നഥുറാം വിനായക് ഗോഡ്സെ… ഇന്ത്യയിലെ ജനാധിപത്യ- മതേതര വിശ്വാസികള്‍ക്ക് ഗോഡ്സെ ഒരു തീവ്രവാദിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദി.
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാ ഗാന്ധിയ്ക്ക് നേരെ നഥുറാം ഗോഡ്സെയെന്ന മതഭീകരന്‍ 1948 ജനുവരി 30 ന് ഉതിര്‍ത്ത വെടിയുണ്ടകളാണ് സ്വതന്ത്ര ഇന്ത്യയില്‍ ഹിന്ദു ഭീകരവാദത്തിന്റെ ആദ്യവിത്തുകളായി മാറുന്നത്.
എന്നാല്‍ സംഘപരിവാറിന് ഗോഡ്സെ വീരപുരുഷനാണ്. ഉത്തരേന്ത്യയില്‍ ഗാന്ധിയുടെ ചരമവാര്‍ഷികം അവര്‍ ലഡുവിതരണം ചെയ്ത് കൊണ്ടാടും. ഗാന്ധിയുടെ ചിത്രത്തിന് നേരെ വെടിയുതിര്‍ത്ത് പൂജ ശകുന്‍ പാണ്ടേമാര്‍ ആഘോഷിക്കും
ജനുവരി 30 അവര്‍ക്ക് ശൗര്യ ദിവസ്’ ആയി മാറും.ഗോഡ്സെയുടെ ജന്മദിനത്തില്‍ പാലഭിഷേകവും തേനഭിഷേകവും നടത്തും.
ഹിന്ദുത്വം ഇന്ത്യ ഭരിക്കുമ്പോള്‍ ഇത് നമ്മള്‍ പലതവണയായി കണ്ടുകഴിഞ്ഞതാണ്. എന്നാല്‍ ഇങ്ങ് കേരളത്തില്‍ ഗോഡ്സെയ്ക്ക് വേണ്ടി വലിയ രീതിയില്‍ സംഘപരിവാറുകാര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നില്ല.
സംഘപരിവാറിന്റെ ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തില്‍ വിലപ്പോവില്ലെന്ന ബോധ്യം തന്നെയായിരിക്കാം ഒരുപക്ഷെ അവരെ ഇത്തരം പ്രചരണങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്.
എന്നാല്‍ ഇന്നവര്‍ കേരളത്തില്‍ പരസ്യമായി വിദ്വേഷം പരത്താനും ഒരു മറയുമില്ലാതെ വര്‍ഗീയത പ്രചരിപ്പിക്കാനും മടിക്കുന്നുമില്ല. ശബരിമല കലാപം മുതല്‍ തുടങ്ങിവെച്ച ആ കൗശലം ഏറ്റവുമൊടുവില്‍ കമല്‍ഹാസന്റെ ഹിന്ദു തീവ്രവാദി പരാമര്‍ശത്തിനെതിരെ സംവിധായകന്‍ അലി അക്ബര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വരെ എത്തിയിരിക്കുന്നു.
തമിഴ്നാട്ടിലെ അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയാണ് കമല്‍ ഹാസന്‍ ഗോഡ്‌സെയുടെ പേര് പരാമര്‍ശിച്ചത്.
‘ഇവിടെ ഒരുപാട് മുസ്ലിങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോഡ്സെയെന്നാണ്.’ എന്നായിരുന്നു കമലിന്റെ പ്രസ്താവന
‘കമല്‍ഹാസന്‍ താങ്കളേക്കാളും ഞാന്‍ ഗോഡ്സെയെ ഇഷ്ടപ്പെടുന്നു. കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാര്‍ത്ഥനയായിരുന്നു രാമരാജ്യം’ എന്നായിരുന്നു സംവിധായകന്‍ അലി അക്ബര്‍ ഇതിന് മറുപടിയായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഗാന്ധി സ്വപ്നം കണ്ട രാമരാജ്യമല്ല ഗോഡ്സെ സ്വപ്നം കണ്ടതെന്ന് ചരിത്രം അറിയുന്നവര്‍ക്ക് മനസിലാകും. ഇനി അഥവാ അങ്ങനെയാണെങ്കില്‍ ഒരേ സ്വപ്നമുള്ളയാളെ എന്തിന് ഗോഡ്സെ വെടിവെച്ചുകൊന്നു എന്ന് അലി അക്ബര്‍ വിശദീകരിച്ചാലും മതി.
അഹിംസയെ രാഷ്ട്രീയായുധമായി ഉപയോഗിച്ച ഒരു മനുഷ്യന്‍. ഒരു കരണത്ത് അടി കിട്ടിയാല്‍ മറുകരണം കാണിച്ച് കൊടുക്കണമെന്നു പറഞ്ഞ പരമസാത്വികനായ ഒരു മനുഷ്യന്‍..ഇതുപോലെ ഒരാള്‍ ഭൂമിയില്‍ ഉണ്ടായിരുന്നെന്ന് പറഞ്ഞാല്‍ വരും തലമുറ വിശ്വസിക്കില്ലെന്നു ഐന്‍സ്റ്റൈന്‍ എന്ന മഹാ ശാസ്ത്രജ്ഞന്‍ അടയാളപ്പെടുത്തിയ മനുഷ്യന്‍. ഇത്തരത്തിലുള്ള എല്ലാ വിശേഷണങ്ങള്‍ക്കും അപ്പുറത്തായിരുന്നു ഗാന്ധിജി.
അങ്ങനെയെങ്കില്‍ ഗോഡ്സെ എന്തിന് ഗാന്ധിയെ കൊന്നു?
ഒരാള്‍ ദേശീയവാദി ആവണമെങ്കില്‍ ഹിന്ദുക്കളെ മാത്രം സഹായിച്ചാല്‍ മതി എന്നാണു ഗോഡ്സെയുടെ സിദ്ധാന്തം.. ഹിന്ദുക്കള്‍ എന്നാല്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ മാത്രം… മുസ്ലീങ്ങളേയും ദളിതരേയും സഹായിച്ച, അവരോട് അനുഭാവം പ്രകടിപ്പിച്ച ഗാന്ധിജി സ്വാഭാവികമായും ഗോഡ്സെയുടെയും അയാളുടെ ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റേയും ശത്രുവാകും.
സാമ്രാജ്യത്വം ഒരു ജനതയെ കീഴടക്കി ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ഈര്‍ക്കില്‍ കമ്പ് കൊണ്ട് പോലും പ്രതിരോധം സൃഷ്ടിക്കാത്ത, ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുകയും ചെയ്ത ഹിന്ദുത്വഭീകരതയാണ് അതേ സാമ്രാജ്യത്വത്തിനെതിരെ അഹിംസാ മന്ത്രം ഉരുവിട്ട് പോരാടിയ ഒരു ജനകീയ നേതാവിനെ വെടിവെച്ചുകൊന്നത്.
മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയെന്ന മനുഷ്യനില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്യസമരത്തിന് ഏകശിലാരൂപം ഉണ്ടാകില്ലായിരുന്നു.
ഗാന്ധിയെ കൊന്ന തോക്കേന്തിയ കൈകളുടെ പിന്‍മുറക്കാരാണ് സ്വതന്ത്ര ഇന്ത്യയിലെ പൗരന്‍മാരെ ദേശസ്നേഹം പഠിപ്പിക്കാന്‍ വരുന്നത്. പ്രിയ്യപ്പെട്ട അലി അക്ബര്‍..ഭാരതത്തിനു രാഷ്ടപിതാവിനെ നഷ്ടപ്പെടുത്തിയ ആ കൊലയാളിയെ വന്ദിച്ചല്ല ദേശസ്നേഹം പ്രകടിപ്പിക്കേണ്ടത്.
കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ സ്വപ്നമാണന്നാണല്ലോ താങ്കള്‍ പറഞ്ഞത്. നിങ്ങള്‍ മനസിലാക്കിവെച്ച ആ സ്വപ്നം എന്തായിരുന്നു.?
കൊന്നവരുടെ സ്വപ്നത്തില്‍ ഹിന്ദുക്കള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നു. ഗാന്ധിജിയുടെ സ്വപ്നത്തില്‍ ജനാധിപത്യ-മതേതരവിശ്വാസികളായ എല്ലാവരും ഉണ്ടായിരുന്നു
ഇതിനു ഉത്തരം നല്കിയിട്ടേ ഏതൊരു ഫാസിസ്റ്റും മറ്റു മനുഷ്യരെ ദേശസ്നേഹം പഠിപ്പിക്കാന്‍ ചെല്ലാവൂ..
സ്വാതന്ത്ര്യ സമരം നടക്കുന്ന സമയത്ത് ഒന്നിലും ഇടപെടാതെ റോഡരികില്‍ കൈയ്യുംകെട്ടി നോക്കിനിന്ന, രാജ്യം മുഴുവന്‍ സ്വാതന്ത്ര്യത്തിനായി ദാഹിച്ചപ്പോള്‍ മാപ്പെഴുതികൊടുത്ത് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാകണമെന്ന് ആഗ്രഹിച്ച ഒരു സംഘത്തിന്റെ യുദ്ധപ്രഖ്യാപനമായിരുന്നു ഗാന്ധി വധം. അത് തീവ്രവാദത്തിന്റെ ആദ്യ ആവിഷ്‌കാരം തന്നെയായിരുന്നു… ഹിന്ദു തീവ്രവാദത്തിന്റെ.
ഈ പ്രത്യയശാസ്ത്രമാണ് തന്നെയാണ് ഇന്ന് നിര്‍ലജ്ജം ഇന്ത്യ ഭരിക്കുന്നതും.