| Friday, 2nd December 2022, 8:28 pm

ഹിഗ്വിറ്റയുടെ കുത്തക ആര്‍ക്കാണ്? | D Movies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹിഗ്വിറ്റ എന്ന പേരിന്റെ കുത്തകാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൂട് പിടിക്കുകയാണ്. ഹേമന്ത് ജി. നായര്‍ സംവിധാനം ചെയ്യുന്ന ഹിഗ്വിറ്റ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നതോടുകൂടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്.

സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നവംബര്‍ 28 നാണ് പുറത്തുവിട്ടത്. ഫുട്‌ബോളും രാഷ്ട്രീയവും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഹേമന്ത് ജി.നായരാണ്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വന്നതിനു പിന്നാലെ ‘ഹിഗ്വിറ്റ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ ‘ഹിഗ്വിറ്റ’ എന്ന തന്റെ പ്രശസ്തമായ കഥയുടെ പേരിനു മേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദുഖകരമാണെന്നാണ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.
”ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദുഃഖകരമാണ്.” എന്നായിരുന്നു എന്‍.എസ്.മാധവന്‍ ട്വിറ്ററിലൂടെ നടത്തിയ പ്രതികരണം. ഇവിടെ നിന്നാണ് ഈ ഹിഗ്വിറ്റ വിവാദങ്ങള്‍ തുടങ്ങിയത്.

1995ലാണ് എന്‍.എസ്. മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥ പ്രസിദ്ധീകരിക്കുന്നത്. പഴയ ഫുട്ബോള്‍ കളിക്കാരനും ഫുട്ബോള്‍പ്രേമിയുമായ ഒരു പുരോഹിതനെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. കൊളംബിയയുടെ മുന്‍ ഗോള്‍കീപ്പറായിരുന്ന റെനെ ഹിഗ്വിറ്റയുടെ പേരാണ് കഥക്ക് എന്‍.എസ്. മാധവന്‍ നല്‍കിയത്. ഹിഗ്വിറ്റയുടെ കളി രീതികള്‍ക്ക് വലിയ പ്രാധാന്യമായിരുന്നു കഥയിലുണ്ടായിരുന്നത്.

എന്‍.എസ്. മാധവന്‍ അയച്ച കത്തിനെ തുടര്‍ന്ന് വിവാദത്തില്‍ ഫിലിം ചേംബറിന്റെ ഇടപെടലുമുണ്ടായി. ‘ഹിഗ്വിറ്റ’ എന്‍.എസ്.മാധവന്റെ പ്രശസ്തമായ ചെറുകഥയാണെന്നും ആ പേരു നല്‍കണമെങ്കില്‍ അദ്ദേഹത്തിന്റെ അനുമതി വാങ്ങണമെന്നുമാണ് ഫിലിം ചേംബര്‍ പറഞ്ഞത്. ചേംബറിന്റെ നിലപാടിനെതിരെ നിയമപരമായ നീക്കത്തിന് ഒരുങ്ങുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

വിവാദമുയര്‍ന്നതിന് പിന്നാലെ മാധവനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നും നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്.

ഹിഗ്വിറ്റ എന്നത് മലയാളി വായനക്കാരെങ്കിലും അറിയുന്നത് എന്‍.എസ്. മാധവന്റെ കഥയിലൂടെയാണെന്നും ആ പേരില്‍ മറ്റൊരു കഥ പറയുന്ന സിനിമ ഇറങ്ങുന്നതില്‍ അനീതിയുണ്ടെന്നുമാണ് കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ. സച്ചിദാനന്ദന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സച്ചിദാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

ഹിഗ്വിറ്റ വിഷയത്തില്‍ എന്‍.എസ്. മാധവനെ പിന്തുണക്കുന്നില്ലെന്നാണ് എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞത്. എന്നാല്‍ സിനിമാക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് പറയാതെ തരമില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ചെറുകഥക്ക് എന്‍. എസ്. മാധവന്‍ ഹിഗ്വിറ്റയെന്ന പേരിട്ടത് ആരോട് അനുവാദം വാങ്ങിയിട്ടാണെന്നാണ് സംവിധായകന്‍ വേണു ചോദിച്ചത്. മാധവനില്ലായിരുന്നുവെങ്കില്‍ ഹിഗ്വിറ്റയെ കേരളത്തിലാരും ആരുമറിയില്ലായിരുന്നുവെന്ന അവസ്ഥയിലേക്കെല്ലാം വിവാദം മാറുകയാണ്. ഫുട്‌ബോളിനെയും ഹിഗ്വിറ്റയെയും അറിയുന്ന എത്രയോ പേര്‍ ഈ കേരളത്തിലുണ്ട്. മലയാളത്തില്‍ ഹിഗ്വിറ്റയുടെ പിതൃത്വാവകാശം എന്‍.എസ്. മാധവനാണോയെന്ന് ഫിലിം ചേംബറിനോടാണ് ചോദിക്കേണ്ടതെന്നും വേണു പറഞ്ഞു.

എന്‍.എസ്. മാധവന്റെ വാദത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത് ലോക പ്രശസ്തനായ ഒരു ഗോളിയുടെ പേരിന്റെ അവകാശം ഒരാള്‍ക്ക് എങ്ങനെയാണ് ലഭിക്കുന്നതെന്നാണ്. എന്‍.എസ് മാധവനെതിരെ നിലപാട് എടുക്കുന്നവര്‍ക്ക് കൃത്യമായ കാരണങ്ങളുണ്ട്.

എന്‍.എസ്. മാധവന്റെ കഥ കേള്‍ക്കുന്നതിനെക്കാള്‍ മുമ്പ് തന്നെ ഹിഗ്വിറ്റ എന്ന പേര് കേട്ട മലയാളികള്‍ ഉണ്ടെന്നത് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ചും കേരളത്തിലെ ജനങ്ങള്‍ ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങളെ എത്രത്തോളെ ആഴത്തില്‍ ആരാധിക്കുന്നുണ്ടെന്ന് ഈ ലോകകപ്പ് നടക്കുന്ന സാഹചര്യത്തില്‍ തന്നെ എടുത്തുപറയേണ്ട ആവശ്യമില്ല. ചെറുകഥ വായിക്കുന്നവരെക്കാള്‍ കൂടുതല്‍ ഫുട്‌ബോള്‍ പ്രേമികളുള്ള നാടാണ് കേരളമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഹിഗ്വിറ്റയുടെ അനുവാദം ചോദിച്ചിട്ടാണോ എന്‍.എസ്. മാധവന്‍ തന്റെ കഥയില്‍ ആ പേര് ഉപയോഗിച്ചത് എന്നാണ് ഇതിനിടക്ക് എല്ലാവരും ചോദിക്കുന്നത്. ഗാന്ധി എന്നൊരു നേതാവ് ഇന്ത്യയില്‍ ജീവിച്ചിരുന്നു. ഗാന്ധി എന്ന പേരില്‍ കഥകളും കവിതകളും സിനിമകളും ഇന്ത്യക്കകത്തും പുറത്തും ഇറങ്ങിയിട്ടുണ്ട്. ഗാന്ധി പോലെ തന്നെയാണ് ഹിഗ്വിറ്റയെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

ഹിഗ്വിറ്റയെ താന്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു എന്ന് ഒരാള്‍ക്ക് എങ്ങനെയാണ് പറയാന്‍ കഴിയുകയെന്നും ഒരാളില്‍ ആ പേര് എങ്ങനെയാണ് ഒതുങ്ങുക എന്നും സോഷ്യല്‍ മീഡിയ എന്‍.എസ്. മാധവനോട് ചോദിക്കുന്നു.

Content Highlight: video story about the discussion about higuita movie and ns madhavan

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്