| Wednesday, 26th May 2021, 3:27 pm

84 വയസ്സുള്ള ഈ വൈദികനെ എന്തിനാണ് മോദി ഭരണകൂടം ജയിലിലിട്ട് കൊല്ലാന്‍ നോക്കുന്നത്

ഷഫീഖ് താമരശ്ശേരി

‘എട്ട് മാസങ്ങള്‍ക്ക് മുമ്പ് ജയിലെത്തുമ്പോള്‍ എന്റെ ശരീരം സാധാരണ നിലയിലായിരുന്നു. എന്നാല്‍ ഇന്നെനിക്ക് നടക്കാനോ സ്വന്തമായി കുളിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. എന്റെ രണ്ട് ചെവിയുടെയും കേള്‍വി ശക്തി ഏതാണ്ട് നഷ്ടമായ സ്ഥിതിയിലാണ്. ജയിലിലെ ചികിത്സയെക്കാള്‍ ഭേദം മരണമാണ്. ഞാന്‍ പ്രവര്‍ത്തിച്ച നാട്ടില്‍, റാഞ്ചിയില്‍ എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ വെച്ച് എനിക്ക് മരിക്കണം. എനിക്ക് ജാമ്യം തരൂ…’

ഝാര്‍ഖണ്ഡിലെ സാധാരണക്കാരായ ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നരേന്ദ്രമോദി ഭരണകൂടം തടവിലിട്ട 84 വയസ്സുള്ള വൃദ്ധനായ ഒരു വൈദികന്റെ തടവറയില്‍ നിന്നുള്ള അപേക്ഷയാണിത്.

പൊള്ളുന്ന മനസ്സുമായല്ലാതെ ഫാ. സ്റ്റാന്‍ സ്വാമിയുടെ ഇന്നത്തെ അവസ്ഥ നമുക്ക് വിവരിക്കാനാവില്ല. അരമനയിലെ സുഖസൗകര്യങ്ങളില്‍ പരിചാരകരാല്‍ ശുശ്രൂശിക്കപ്പെട്ട് വാര്‍ധക്യ ജീവിതം നയിക്കാമായിരുന്ന ഒരു വൈദികന്‍ 84ാമത്തെ വയസ്സില്‍ ഈവിധം ക്രൂരമായി തടവിലാക്കപ്പെട്ടതിന്റെ കാരണം അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളാണ്.

രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ ഇരട്ടത്താപ്പിനെതിരെ മര്‍ദിത ജനതയോടൊപ്പം നിന്ന് പോരാടിയതിന്റെ പേരിലാണ്, ശരീരം വലിയൊരളവില്‍ തളര്‍ന്നുകഴിഞ്ഞിട്ടും പക തീര്‍ന്നില്ല എന്ന മട്ടില്‍ ഇപ്പോഴും ഹിന്ദുത്വ ഭരണകൂടത്താല്‍ അദ്ദേഹം പീഡിപ്പിക്കപ്പെടുന്നത്. ജാമ്യം പോലും നിഷേധിക്കപ്പെട്ട് തടവറയില്‍ തന്നെ തളയ്ക്കപ്പെടുന്നത്.

വാര്‍ധക്യത്തിന്റെ അവശതകളില്‍ പാര്‍ക്കിന്‍സസ് രോഗമടക്കം മൂര്‍ച്ഛിച്ച് സ്വന്തമായി ഭക്ഷണം പോലും കഴിക്കാന്‍ പ്രാപ്തനല്ലാത്ത സാധുവായ ഒരു വൃദ്ധനെ ജാമ്യവും ചികിത്സയുമെല്ലാം നിഷേധിച്ച് ഈ വിധം കൊല്ലാക്കൊല ചെയ്യുന്നതിലൂടെ സംഘപരിവാര്‍ ഭരണകൂടം രാജ്യത്തിന് നല്‍കുന്നത് ഒരു താക്കീതാണ്. ഇനിയുമൊരു സ്റ്റാന്‍ സ്വാമി ഇവിടെയുണ്ടാകാന്‍ പാടില്ല എന്ന ഭീഷണി. തങ്ങള്‍ക്കെതിരെ ചോദ്യം ഉയര്‍ത്തുന്നവരുടെയെല്ലാം സ്ഥിതി ഇതുതന്നെ ആയിരിക്കുമെന്നാണ് സംഘപരിവാര്‍ പറയാന്‍ ശ്രമിക്കുന്നത്.

തമിഴ്നാട്ടില്‍ ജനിച്ച് ഫിലിപ്പൈന്‍സില്‍ നിന്നും ദൈവശാസ്ത്രം പഠിക്കുകയും വിമോചന ദൈവശാസ്ത്രത്തില്‍ ആകൃഷ്ടനായി അടിച്ചമര്‍ത്തപ്പെട്ട സാമൂഹ്യവിഭാഗങ്ങളുടെ പോരാട്ടങ്ങളോടൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോവുകയും ചെയ്ത സ്റ്റാന്‍ സ്വാമി തന്റെ കര്‍മമണ്ഡലമായി തെരഞ്ഞെടുത്തത് ഝാര്‍ഖണ്ഡിലെ ആദിവാസി മേഖലയായിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന നിരവധി സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും ബുദ്ധിജീവികളുമെല്ലാം ജയിലിലടയ്ക്കപ്പെട്ട ഭീമ കൊറേഗാവ് കേസിലാണ് 2020 ഒക്ടോബറില്‍ ഫാ. സ്റ്റാന്‍ സ്വാമിയും അറസ്റ്റിലാകുന്നത്.

പ്രകൃതിവിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ ഇന്ത്യയിലെ ആദിവാസി മേഖലകളിലേക്ക് ബഹുരാഷ്ട്ര കുത്തകകളും അവര്‍ക്കനുകൂലമായി നിന്ന ഇന്ത്യന്‍ ഭരണകൂടവും വിവിധങ്ങളായ പദ്ധതികളുമായെത്തിയപ്പോള്‍, തലമുറകളായി ജീവിച്ചുപോന്ന ആവാസ വ്യവസ്ഥകളില്‍ നിന്നും പുറത്താക്കപ്പെട്ട ആദിവാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ട് സാമൂഹ്യരംഗത്ത് നിലയുറപ്പിച്ചയാളാണ് ഫാ. സറ്റാന്‍ സ്വാമി.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസി അവകാശ സമരങ്ങളുടെ നേതൃനിരയിലുണ്ടായിരുന്നു അദ്ദേഹം. 1996ല്‍ യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ ജാര്‍ഖണ്ഡിലെ ആദിവാസികള്‍ നടത്തിയ സമത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധയാകര്‍ഷിക്കുന്നത്. കുടിയൊഴിപ്പിക്കലിനെതിരായി നടന്ന ഈ പ്രക്ഷോഭത്തിലൂടെ നൂറുകണക്കിന് ആദിവാസികളുടെ ആവാസഭൂമിയാണ് അന്ന് സംരക്ഷിക്കപ്പെട്ടത്. ചൈബാസ് ഡാമിന്റെ നിര്‍മാണം തടയുന്നതിന് വേണ്ടിയും ആദിവാസികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയുമടക്കം നടന്ന അനേകം സമരങ്ങളില്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു.

ജാര്‍ഖണ്ഡിലെ പൊലീസ് അതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തിയ വ്യക്തി കൂടിയാണ് അദ്ദേഹം. സാധാരണക്കാരായ ആദിവാസികളെ മാവോയിസ്റ്റുകള്‍ എന്ന് മുദ്രകുത്തി ജയിലിലടച്ച്, വിചാരണ പോലുമില്ലാതെ വര്‍ഷങ്ങളായി തടവിലിടുന്നതിനെതിരെയും അദ്ദേഹം ശക്തമായി രംഗത്ത് വന്നിരുന്നു. 2010ല്‍ ദ ട്രൂത്ത് ഓഫ് അണ്ടര്‍ ട്രയല്‍സ് എന്ന പേരില്‍ അദ്ദേഹം ഒരു പുസ്തകവും എഴുതിയിരുന്നു.
ഭരണകൂടം മാവോയിസ്റ്റുകളെന്ന പേരില്‍ തടവിലിട്ടവരില്‍ 98 ശതമാനം പേര്‍ക്കും മാവോയിസ്റ്റുകളുമായി ഒരു ബന്ധവുമില്ലെന്ന് കണ്ടെത്തുകയും അവരുടെ മോചനത്തിനായി ശബ്ദിക്കുകയും ചെയ്ത ഒരു വൈദികന്‍ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തപ്പെട്ട് ഇന്ന് തടവില്‍ കഴിയുകയാണ്.

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ലാപ്ടോപില്‍ നിന്നും പൊലീസ് കണ്ടെടുത്തുവെന്ന് പറയപ്പെടുന്ന ഫയലുകള്‍ കൃത്രിമമായി ഹാക്ക് ചെയ്ത് സൃഷ്ടിച്ചവയാണെന്ന് അന്താരാഷ്ട്ര ലാബുകളുടെ പരിശോധനാ ഫലം പുറത്തുവരികയും വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടും കേസില്‍ തുടരന്വേഷണങ്ങള്‍ നടത്താനോ, സമൂഹത്തിലെ ഉന്നത നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന അധ്യാപകരും എഴുത്തുകാരും ചിന്തകരും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമെല്ലാമായിരുന്ന പ്രതികള്‍ക്ക് ജാമ്യം നല്‍കാനോ ഇവിടുത്തെ നീതിന്യായ സംവിധാനം ഇനിയും തയ്യാറായിട്ടില്ല.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോട് മല്ലിട്ട് തടവറയില്‍ നരകയാതനകള്‍ അനുഭവിക്കുന്ന സ്റ്റാന്‍ സ്വാമിയും മലയാളിയായ ഹാനി ബാബുവും അടക്കമുള്ള കേസിലെ മുഴുവന്‍ പ്രതികള്‍ക്ക് വേണ്ടിയും ശക്തമായ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് സംഭവിക്കേണ്ടതുണ്ട്.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍