ഇന്നാട്ടില്‍ നീന്താനറിയാത്ത ആരും ഇനി ഉണ്ടാവില്ല; ഒരു നാട് നീന്തുന്ന കുളം
ഷഫീഖ് താമരശ്ശേരി

ഒരു കുളം ഒരു നാടിന്റെ തന്നെ ആഘോഷമായി മാറുന്ന കാഴ്ചയാണ് കോഴിക്കോട് ജില്ലയിലെ ചേന്നമംഗലൂരില്‍ കാണുന്നത്. ചേന്നമംഗലൂരില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പരിസ്ഥിതി സംരക്ഷണകൂട്ടായ്മയുടെ മുന്‍കൈയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ പണികഴിപ്പിച്ച കുളമാണ് പ്രദേശത്തെ നാട്ടുകാര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിരിക്കുന്നത്.

ദിവസവും രാവിലെയും വൈകീട്ടുമായി നൂറുകണക്കിന് ആളുകളാണ് കുളത്തിലെത്തുന്നത്. പല രക്ഷിതാക്കളും കുട്ടികളുമായി വന്ന് അവരെ നീന്തല്‍ പഠിപ്പിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമെല്ലാം വൈകുന്നേരങ്ങളില്‍ കുളത്തിനരികില്‍ വന്ന് സമയം ചെലവഴിക്കുന്നുമുണ്ട്. ഒരു കുളം ഒരു നാടിന്റെ, നഷ്ടപ്പെട്ടുപോയ പാരിസ്ഥിതികവും സാമൂഹികവുമായ സവിശേഷതകളെ വീണ്ടെടുക്കുന്ന സുന്ദരമായ കാഴ്ച.

ഇരുവഞ്ഞിപ്പുഴയുടെയും ചാലിയാറിന്റെയും ഇടയിലുള്ള പ്രദേശമായതിനാല്‍ ഇക്കഴിഞ്ഞ പ്രളയകാലത്തടക്കം നിരവധി മഴക്കാലങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായ പ്രദേശം കൂടിയാണ് ചേന്നമംഗലൂര്‍. വെള്ളപ്പൊക്കഭീഷണി നേരിടുന്ന ഈ പ്രദേശത്ത് നീന്താനറിയാത്ത ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഇല്ലാതിരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കുളത്തിന്റെ നിര്‍മാണത്തിനായി സഹകരിച്ച, വാര്‍ഡിലെ കൗണ്‍സിലര്‍ കൂടിയായ ഷഫീഖ് മാടായില്‍ പറഞ്ഞു.

കേവലം കുളം നിര്‍മിക്കുക എന്നതിനപ്പുറം നാടിന്റെ പരിസ്ഥിതി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവിടുത്തെ മഹല്ലിന്റെ കൂടി മുന്‍കൈയില്‍ നടന്നുവരുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നെല്‍കൃഷി നശിച്ചുപോവുകയും മറ്റ് പല പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പരിവര്‍ത്തപ്പിക്കുകയും ചെയ്ത ഏക്കറ് കണക്കിന് വയലുകല്‍ പ്രദേശത്തെ കൂട്ടായ്മകളുടെ മുന്‍കൈയില്‍ തിരിച്ചുപിടിച്ചുമുണ്ട്.

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍