ലിറിക്കല്‍ ഗാനം തന്നെ ഇരുപത്തഞ്ച് ലക്ഷത്തോളം പേര്‍ കണ്ടു തരംഗമായി മാറിയ
സായാഹ്ന തീരങ്ങളില്‍ എന്ന് തുടങ്ങുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലെ വൈറല്‍ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.
മ്യൂസിക് 24*7 യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ ഗാനം എത്തിയിട്ടുള്ളത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിട്ടുള്ളത്.
കെ.എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ വലിയ ഹിറ്റായി മാറിയ പാട്ടിലെ ഒറ്റയ്ക്കുപോയി പൂക്കാലം എന്ന വരികള്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലും യൂട്യൂബിലും ഇപ്പോഴും ട്രെന്‍ഡിംഗാണ്.
ചിത്രത്തില്‍ ആകെ അഞ്ച് പാട്ടുകളാണുള്ളത്.
ബി.കെ. ഹരിനാരായണന്റെ രചനയില്‍ ഉണ്ണിമേനോന്‍ ആലപിച്ച കാതോര്‍ത്തു കാതോര്‍ത്തു എന്ന ഗാനവും, ബി.കെ. ഹരിനാരായണന്റെ രചനയില്‍ രഞ്ജിന്‍ രാജ് പാടിയ എന്തിനാണെന്റെ ചെന്താമരെ എന്ന ഗാനവും ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞിട്ടുള്ളവയാണ്.
അജീഷ് ദാസനും ശരത് ജി. മോഹനും ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. കണ്ണൂര്‍ ശരീഫും സിയാ ഉള്‍ ഹഖും ചിത്രത്തിനായി പാടിയിട്ടുണ്ട്. ഫാമിലി ത്രില്ലര്‍ സ്വഭാവമുള്ള കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഈ മാസം 28ന് കേരളത്തിലെ നൂറിലധികം തിയേറ്ററുകളിലേക്കെത്തും.
ഫസ്റ്റ് പേജ് എന്റെര്‍ടെയ്ന്‍ന്മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മിച്ച് ശരത് ജി. മോഹന്‍ രചനയും സംവിധാനവും ചെയ്തിരിക്കുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗില്‍ ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്നു.
ഒരു സാങ്കല്‍പിക ഗ്രാമ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കോമഡിക്കും ക്രൈം ത്രില്ലറിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്.
ഇവരെ കൂടാതെ ഇന്ദ്രന്‍സ്, നന്ദു, ജോയ് മാത്യൂ, വിജയ് കുമാര്‍, സുനില്‍ സുഖദ, സുധീര്‍ കരമന, ശ്രീലക്ഷ്മി, സേതുലക്ഷ്മിയമ്മ തുടങ്ങി മലയാളത്തിലെ പ്രമുഖരായ നാല്‍പതോളം നടീനടന്‍മാര്‍ ചിത്രത്തിലുണ്ട്.