ഗാസയില്‍ നിരായുധനായി തിരിഞ്ഞോടുന്ന പ്രതിഷേധക്കാരനെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്
world
ഗാസയില്‍ നിരായുധനായി തിരിഞ്ഞോടുന്ന പ്രതിഷേധക്കാരനെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st April 2018, 11:27 am

ഗാസ: ലാന്‍ഡ് ഡേ പ്രതിഷേധത്തിനിടെ നിരായുധനായ പലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം പിറകില്‍ നിന്ന് വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. 19കാരനായ അബ്ദുല്‍ഫത്താഹ് അബ്ദുല്‍നബി എന്നയാളെ വെടിവെച്ചിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ഇയാള്‍ മരണപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് പ്രതിഷേധക്കാര്‍ക്ക് ഇടയിലേക്ക് മറ്റു പലസ്തീനികള്‍ക്കൊപ്പം ഓടുന്ന ഫത്താഹിന്റെ കൈയില്‍ ഒരു ടയര്‍ മാത്രമാണുള്ളത്. അതേ സമയം കെട്ടിച്ചമച്ചതും എഡിറ്റ് ചെയ്തതുമായ വീഡിയോകളാണ് പുറത്തിറങ്ങുന്നതെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു.

ഗാസ അതിര്‍ത്തിയില്‍ പലസ്തീനികള്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ 17 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1400ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2014ലെ ഗാസ ആക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. 1976ല്‍ തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്നതിനെതിരെ പ്രതിഷേധിച്ച ആറ് പലസ്തീനികളെ ഇസ്രായേല്‍ സേന വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ ഓര്‍മ്മയായാണ് ലാന്‍ഡ് ആചരിച്ചു വരുന്നത്.

അതേസമയം  വെടിവെയ്പിനെ ന്യായീകരിച്ചും സൈനികരെ അഭിനന്ദിച്ചും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രായേല്‍ സൈന്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് പിന്‍വലിച്ചതായി പലസ്തീന്‍ സംഘടനയായ അദ്‌ലാഹ് റിപ്പോര്‍ട്ട് ചെയ്തു.