അഹമ്മദാബാദ്: കുടിവെള്ള ക്ഷാമ പ്രശ്‌നം അറിയിക്കാനെത്തിയ സ്ത്രീയെ ഗുജറാത്തിലെ നരോദ എം.എല്‍.എ ബല്‍റാം താവനി റോഡിലിട്ട് ചവിട്ടി. മറ്റു സ്ത്രീകള്‍ക്കൊപ്പം എം.എല്‍.എയെ പ്രതിഷേധം അറിയിക്കാനെത്തിയ യുവതിയെ നിലത്ത് വെച്ച് എം.എല്‍.എയുടെ ആളുകള്‍ അടിയ്ക്കുന്നതിനിടെ താവനി വന്ന് ചവിട്ടുകയായിരുന്നു.
സംഭവത്തില്‍ ആദ്യം മാപ്പ് പറഞ്ഞ എം.എല്‍.എ താന്‍ അക്രമിക്കപ്പെട്ടപ്പോള്‍ സ്വയം രക്ഷയ്ക്കായാണ് യുവതിയെ ചവിട്ടിയതെന്ന് പിന്നീട് ന്യായീകരിച്ചു. എന്നാല്‍ നിലത്ത് കിടക്കുന്ന യുവതിയെ ബല്‍റാം താവനി വന്ന് ചവിട്ടുന്നത് വ്യക്തമാണ്.
എം.എല്‍.എയുടെ ആളുകള്‍ തന്നെ ഹോക്കി സ്റ്റിക്കടക്കം ഉപയോഗിച്ച് മര്‍ദ്ദിച്ചതായി യുവതി പറഞ്ഞു. ഇവര്‍ എന്‍.സി.പി വാര്‍ഡ് നേതാവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെങ്കിലും ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സോണ്‍ 4 ഡി.സി.പി നീരജ് ബാദ്ഗുജര്‍ പറഞ്ഞു.