| Saturday, 15th April 2017, 9:43 am

'മനുഷ്യാവകാശത്തിന്റെ വക്താക്കളായ' ഗംഭീറുമാരും സെവാഗുമാരുമൊക്കെ എവിടെപ്പോയി? കശ്മീരി യുവാവിനെ മനുഷ്യകവചമാക്കി ജീപ്പില്‍ കെട്ടിയിട്ട സൈന്യത്തിനെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: യുവാവിനെ സൈന്യത്തിന്റെ വാഹനത്തിനു മുന്നില്‍ കെട്ടിയിട്ട് വലിച്ചിഴച്ചുകൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ സൈന്യത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി കശ്മീരി നിവാസികള്‍. കശ്മീരികളുടെ രോഷം ശക്തമായതോടെ വീഡിയോ പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഉത്തരവിട്ടിരിക്കുകയാണ്.

അതിനിടെ, കശ്മീര്‍ യുവാവിനെതിരായ സൈന്യത്തിന്റെ അതിക്രമത്തെ അപലപിച്ചുകൊണ്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയും രംഗത്തെത്തി. “ജീപ്പിനുനേരെ ആരും കല്ലെറിയാതിരിക്കാന്‍ സൈന്യത്തിന്റെ ജീപ്പിനു മുമ്പില്‍ യുവാവിനെ കെട്ടിയിട്ടിയിരിക്കുന്നു? ഇത് വളരെയേറെ ഞെട്ടലുണ്ടാക്കുന്നു” എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പം ഉമര്‍ അബ്ദുള്ള ട്വീറ്റു ചെയ്തത്.


Must Read: സി.പി.ഐ.എമ്മുമായി സാഹോദര്യ ബന്ധം; ഇടതു നയം മറന്ന് കാനം പ്രതികരിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം 


“സി.ആര്‍.പി.എഫിന്റെ വീഡിയോ സൃഷ്ടിച്ച രോഷം എനിക്കു മനസിലാകും.” എന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശത്തിന്റെ വക്താക്കളെല്ലാം എങ്ങോട്ട് പോയി എന്നു ചോദിച്ചുകൊണ്ടാണ് കശ്മീരി സ്വദേശിയായ ജേണലിസ്റ്റ് ഈ സംഭവത്തോടു പ്രതികരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നത്.

“കശ്മീരില്‍ മനുഷ്യകവചമാക്കി ഒരു മനുഷ്യനെ ട്രക്കിനു മുമ്പില്‍ കെട്ടിയിട്ടിരിക്കുന്നു. മനുഷ്യാവകാശത്തിന്റെ വക്താക്കളായ ഗംഭീറുമാരും സേവാഗുമാരുമൊക്കെ എവിടെപ്പോയി?” അദ്ദേഹം കുറിക്കുന്നു.

“മനുഷ്യകവചമാക്കി വലിക്കുന്നു? ഇവിടെ മനുഷ്യാവകാശവും രോഷവുമൊന്നുമില്ലേ?” കശ്മീരിലെ ഒരു വിദ്യാര്‍ഥി ചോദിക്കുന്നു.

സി.ആര്‍.പി.എഫ് ജവാനെ ഒരു കുട്ടിയടിച്ചപ്പോളുണ്ടായ രോഷപ്രകടനമൊന്നും ഈ സംഭവത്തില്‍ എന്തുകൊണ്ട് ഉണ്ടാവുന്നില്ല എന്നു ചോദിച്ചുകൊണ്ടാണ് മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ ഷ്രിമോയി രംഗത്തുവന്നത്. ” കുട്ടി സി.ആര്‍.പി.എഫ് ജവാനെ മര്‍ദ്ദിച്ചു: രോഷപ്രകടനം, കൂട്ടക്കുരുതി ഭീഷണി, അന്വേഷണം, ശിക്ഷ. സി.ആര്‍.പി.എഫ് ജവാന്‍ കുട്ടിയുടെ തലയ്ക്ക് വെടിവെയ്ക്കുന്നു. “അപ്പോള്‍ ക്രിക്കറ്റ് മാത്രം.” അവര്‍ ട്വീറ്റു ചെയ്തു.

രണ്ടുദിവസം മുമ്പാണ് യുവാവിനെ മനുഷ്യകചവമാക്കി സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഏപ്രില്‍ 9ന് ശ്രീനഗറിലെ പാര്‍ലമെന്ററി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നിതിനിടെയാണ് ഇത് ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more