ചെന്നൈ: കേരളാ സ്‌റ്റോറി സിനിമയിലെ സംഘപരിവാര്‍ പ്രൊപ്പഗണ്ടക്കെതിരെ തമിഴ് ആര്‍.ജെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുന്നു. എന്തൊക്കെ അജണ്ട നിറച്ച് കേരളാ സ്‌റ്റോറി പോലെയുള്ള സിനിമകള്‍ ഇറക്കിയാലും സൗത്ത് ഇന്ത്യയില്‍ അത് ചെലവാകില്ലെന്നും, കേരളം എന്താണെന്ന് തങ്ങള്‍ക്ക് അറിയാമെന്നുമാണ് ആര്‍.ജ. അഞ്ജന എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വീഡിയോയിലൂടെ പറയുന്നത്.
ഒരു മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 2018ലെ പ്രളയത്തില്‍ മലയാളികള്‍ കാണിച്ച ഐക്യത്തെക്കുറിച്ചും കേരളാ സ്റ്റോറി സിനിമയുടെ പശ്ചാത്തലത്തില്‍ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ ഷെയര്‍ ചെയ്ത ട്വീറ്റും അഞ്ജലി പരാമര്‍ശിക്കുന്നുണ്ട്.
‘ഒരു കാര്യത്തില്‍ വലിയ സന്തോഷം ഉണ്ട്, പ്രൊപ്പഗണ്ടയില്‍ കഥകള്‍ മെനഞ്ഞെടുത്ത്, ഒരു സംസ്ഥാനത്തെ മുഴുവന്‍ മോശമായി മുദ്ര കത്തി, സംസ്ഥാനത്തിന്റെ പേരില്‍ നിങ്ങള്‍ ഒരു സിനിമ ഇറക്കിയാലും ഇവിടെ അതൊന്നും ചിലവാകാന്‍ പോകുന്നില്ല. ചുരുങ്ങിയത് സൗത്ത് ഇന്ത്യ എന്തായാലും ഇതിനെ തള്ളിക്കളയും.
ഞങ്ങള്‍ക്ക് അറിയുന്ന കേരളാ സ്‌റ്റോറി 2018ല്‍ പ്രളയമുണ്ടായപ്പോള്‍ ഒത്തൊരുമായോടെ നിന്ന കേരളമാണ്. അന്ന് ഓരോരുത്തരും മറ്റുള്ളവര്‍ക്കായി നിലകൊണ്ടത് നമ്മള്‍ കണ്ടതാണ്. നമ്മുടെ എ.ആര്‍. റഹ്‌മാന്‍ ട്വീറ്റ് ചെയ്ത പോലെ ഒരു മസ്ജിദില്‍ ഹിന്ദു കല്യാണം നടന്നില്ലേ, അതാണ് ഞങ്ങള്‍ക്ക് പരിചയമുള്ള കേരള സ്റ്റോറി, ഇത് മനസിലാക്കിക്കോ.
എന്തൊക്കെ ചെയ്താലും ഒരു മുഹമ്മദിനേയും ശണ്‍മുഖത്തേയും പിണക്കാന്‍ നിങ്ങള്‍ക്കാകില്ല. എന്തൊക്കൊ ചെയ്താലും ഒരു ഫാത്തിമയുടെയും അഞ്ജനയുടെയും ബന്ധത്തെ തകര്‍ക്കാമെന്ന് നിങ്ങള്‍ കരുതേണ്ട,’ എന്നാണ് ആര്‍.ജെ. അഞ്ജലി വീഡിയോയില്‍ പറയുന്നത്.
രണ്ട് ദിവസം മുമ്പ് അപ്‌ലോഡ് ചെയ്ത വീഡിയോക്ക് താഴെ നിരവധി മലയാളികള്‍ കമന്റുമായി എത്തുന്നുണ്ട്. കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പ്രചരത്തിനെതിരെ പ്രതികരിച്ചതിന് നന്ദി പറഞ്ഞാണ് ഈ കമന്റുകള്‍.