ബ്രിട്ടീഷ് തടവുകാരനെ തലയറുത്ത് കൊല്ലുന്ന ദൃശ്യം ഇസിസ് പുറത്തുവിട്ടു
Daily News
ബ്രിട്ടീഷ് തടവുകാരനെ തലയറുത്ത് കൊല്ലുന്ന ദൃശ്യം ഇസിസ് പുറത്തുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th October 2014, 7:30 am

isis01[]ലണ്ടന്‍: ബ്രിട്ടീഷ് തടവുകാരനെ തലയറുത്ത് കൊല്ലുന്ന ദൃശ്യം ഇസിസ് പുറത്തുവിട്ടു. അലന്‍ ഹെന്നിങ് എന്ന ടാക്‌സി ഡ്രൈവറെ തലയറുത്ത് കൊല്ലുന്ന ദൃശ്യമാണ് ഇസിസ് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ഒന്‍പത് മാസമായി ഹെന്നിങ് ഇസിസിന്റെ തടവില്‍ കഴിയുകയായിരുന്നു.

സിറിയയിലേക്ക് സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി പോകും വഴി കഴിഞ്ഞ ഡിസംബറിലാണ് ഹെന്നിങ്ങിനെ ഇസിസ് പ്രവര്‍ത്തകര്‍ പിടികൂടി തടവിലാക്കിയത്.

ബ്രിട്ടണില്‍ നിന്നുള്ള മൂന്നാമത്തെ ആളെയാണ് ഇസിസ് തലയറുത്ത് കൊല്ലുന്നത്. ഇതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരായ ജെയിംസ് ഫോലി, സ്റ്റീവന്‍ സോട്ട്‌ളോഫ് എന്നിവരെയും സ്‌കോട്ടിഷ് എയ്ഡ് പ്രവര്‍ത്തകന്‍ ഡേവിഡ് ഹൈനസിനെയും ഇസിസ് പ്രവര്‍ത്തകര്‍ വധിച്ചിരുന്നു.

മറ്റ് വീഡിയോകള്‍ക്ക് സമാനമായുള്ള വീഡിയോയും ഇസിസ് അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ വീഡിയോയിലും ബ്രീട്ടീഷുകാരാണ് എന്റെ മരണത്തിന് ഉത്തരവാദി എന്നാണ് ഹെന്നിങ് പറയുന്നത്.

“ഞാന്‍ അലന്‍ ഹെന്നിങ്. ഇസിസിനെതിരെ പോരാടാനുള്ള ബ്രിട്ടീഷ് പാര്‍ലറിമെന്റിന്റെ തീരുമാനമാണ് എന്റെ മരണത്തിന് കാരണം, ഞാന്‍ ഒരു ബ്രിട്ടീഷ് പൗരനായതുകൊണ്ട് തന്നെ ആ തീരുമാനത്തിന്റെ വിലയാണ് ഞാന്‍ ഇപ്പോള്‍ കൊടുക്കുന്നത്.”- ഹെന്നിങ് വീഡിയോയില്‍ പറയുന്നു.

“അമേരിക്കയ്ക്കും അവരുടെ കൂട്ടാളികള്‍ക്കുമുള്ള മറ്റൊരു സന്ദേശം” എന്ന പേരിലാണ് വീഡിയോ അയച്ചിരിക്കുന്നത്.

ഡേവിഡ് ഹൈനസിന്റെ രക്തം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കൈകളിലാണെന്നും. അലന്‍ ഹെന്നിങിന്റെ ജീവിതവും ബലികഴിക്കപ്പെടുകയാണെന്നും അദ്ദേഹത്തിന്റെ രക്തം ബ്രിട്ടീഷ് പാര്‍ലറിമെന്റിലാണ് വീഴുന്നതെന്നും ഹെന്നിങിന് പിറകില്‍ നിന്ന മുഖംമൂടി ധരിച്ച ഇസിസ് പ്രവര്‍ത്തകന്‍ പറയുന്നു.

ക്രൂരന്മാരും അറപ്പുളവാക്കുന്നവരുമാണ് ഈ തീവ്രവാദികളെന്ന് കാമറൂണ്‍ പ്രതികരിച്ചു.