അരിസോ: കരുത്തരായ ഇറ്റലിയുടെ പ്രതിരോധക്കോട്ട തകര്‍ത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ തകര്‍ത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ അണ്ടര്‍-17 ടീം. ഈ വിജയത്തില്‍ കേരളത്തിനും അഭിമാനിക്കാനേറെയുണ്ട്. കാരണം ഇറ്റലിയുടെ പ്രതീക്ഷയുടെ മേല്‍ അവസാനത്തെ ആണി അടിച്ചത് മലയാളി താരം രാഹുല്‍ ആയിരുന്നു. തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്ന ഗോളടിച്ച് വരവറിയിക്കാന്‍ രാഹുലിന് സാധിച്ചിരിക്കുകയാണ്. തൃശ്ശൂര്‍ സ്വദേശിയാണ് രാഹുല്‍.
Also Read: ‘വഴികാട്ടുന്നത് വനിതകള്‍’; കൊച്ചി മെട്രോ ട്രെയിനുകളോടിക്കാന്‍ ഏഴ് വനിതകള്‍
മത്സരത്തിന്റെ 80 ആം മിനുറ്റിലായിരുന്നു രാഹുലിന്റെ ഗോള്‍. കോര്‍ണറില്‍ നിന്നും സഹതാരം നീട്ടി നല്‍കിയ പാസ് മറ്റൊരു ഇന്ത്യന്‍ താരത്തിലൂടെ രാഹുലിന്റെ കാലുകളിലേക്ക് എത്തുകയായിരുന്നു. പന്ത് കാലിലെത്തിയ ഉടനെ തന്നെ ലക്ഷ്യം മാര്‍ക്ക് ചെയ്തു കഴിഞ്ഞ രാഹുല്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ലോകകപ്പിനു മുന്നോടിയായി നടക്കുന്ന യൂറോപ്യന്‍ ട്രിപ്പിലെ ഇന്ത്യയിലെ ആദ്യ വിജയമാണിത്. ഇരുപകുതികളിലും ഓരോ വട്ടം ഇറ്റാലിയന്‍ പ്രതിരോധക്കോട്ട തകര്‍ത്ത് ഇന്ത്യ ഗോള്‍ നേടുകയായിരുന്നു.
31 ആം മിനുറ്റില്‍ അഭിജിത്ത് സര്‍ക്കാരായിരുന്നു ഇന്ത്യയ്ക്കായി ആദ്യ ലീഡ് നേടിയത്. ലീഡുയര്‍ത്താന്‍ ഇന്ത്യ പലവട്ടം ശ്രമിച്ചെങ്കിലും പേരുകേട്ട ഇറ്റാലിയന്‍ മതിലില്‍ തട്ടി ഇന്ത്യയുടെ ശ്രമങ്ങള്‍ തകരുകയായിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ ലോകകപ്പോടെ സ്വന്താമായൊരു സ്ഥാനം നേടാന്‍ കഴിയുമെന്ന് കരുതുന്ന ഇന്ത്യയ്ക്ക് ഈ വിജയം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നേരത്തെ ചേട്ടന്മാര്‍ പോയന്റ് പട്ടികയില്‍ നൂറാം സ്ഥാനത്തേക്ക് കയറിവന്ന് അനിയന്മാര്‍ക്ക് മാതൃക കാണിച്ചു കൊടുത്തിരുന്നു. ഒക്ടോബര്‍ 6 മുതല്‍ 28 വരെയാണ് ഇന്ത്യയില്‍ ഫിഫ അണ്ടര്‍-17 ലോകകപ്പ് നടക്കുക.