ചീറ്റിപ്പോയ ലവ് ജിഹാദ് ആരോപണം ആവര്‍ത്തിച്ച് തലശ്ശേരി അതിരൂപത
ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തീവ്രവാദ സംഘടനകള്‍ പ്രണയക്കുരുക്കുണ്ടാക്കി ക്രിസ്തീയ കുടുംബങ്ങളെ ലക്ഷ്യമിടുന്നുവെന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ഞായറാഴ്ച പള്ളികളില്‍ വായിപ്പിച്ചു കേള്‍പ്പിച്ച ഇടയലേഖനത്തിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്.

മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിതാക്കള്‍ നിസഹായരായി നില്‍ക്കേണ്ടിവരുന്നുവെന്നും ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ രൂപതയുടെ ബോധവല്‍കരണം പ്രയോജനപ്പെടുത്തണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

‘ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നു. ജന്മം നല്‍കി സ്നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ഥനാ നിയോഗമായി നമുക്ക് സമര്‍പ്പിക്കാം.

നമ്മുടെ മക്കള്‍ സുരക്ഷിതരായിരിക്കാന്‍ എട്ടുനോമ്പില്‍ തീക്ഷ്ണമായി പ്രാര്‍ഥിക്കാം,’ എന്നൊക്കെയാണ് ഇടയ ലേഖനത്തില്‍ പറയുന്നത്.

തലശ്ശേരി അതിരൂപതയിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലൂടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഭൂദാന പ്രസ്ഥാനത്തിനും ആഹ്വാനം ചെയ്യന്നുണ്ട്.

നേരത്തേയും ലൗ ജിഹാദ് ആരോപണങ്ങള്‍ ഉന്നയിച്ച് ക്രിസ്തീയ സഭകള്‍ രംഗത്തെത്തിയിരുന്നു. കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നാര്‍ക്കോട്ടിക്-ലൗ ജിഹാദിന് ഇരയാക്കുന്നുവെന്ന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് വലിയ വിവാദത്തിനാണ് വഴിവെച്ചത്. വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

പല കോണില്‍ നിന്നും പ്രസംഗത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യങ്ങളും ശക്തമായിരുന്നു.

കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അടക്കം ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നുതന്നെ ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതും ശ്രദ്ധേയമായിരുന്നു.

അതേസമയം, കേരളത്തില്‍ ലൗ ജിഹാദിന് യാതൊരു തെളിവും ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നത്.

സംസ്ഥാന സര്‍ക്കാരും ബി.ജെ.പി ഒഴികെയുള്ള മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെ ലൗ ജിഹാദിനെ തള്ളിപ്പറഞ്ഞിരുന്നു.