|

ആ വീഡിയോ എഡിറ്റ് ചെയ്തതല്ല; യോഗി തെറിവിളിക്കുന്ന വീഡിയോ വ്യാജമല്ലെന്ന് ആള്‍ട്ട് ന്യൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പച്ചത്തെറി വിളിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഫാക്ട് ചെക്കിംഗ് വെബ് പോര്‍ട്ടലായ ആള്‍ട്ട് ന്യൂസ്. യോഗി തെറിവിളിച്ചുവെന്ന തരത്തിലുള്ള വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും ബി.ജെ.പി അനുഭാവികളും പ്രചരിപ്പിക്കുന്നതിനിടെയാണ് സത്യാവസ്ഥ പുറത്തുവിട്ട് ആള്‍ട്ട് ന്യൂസ് രംഗത്തെത്തിയത്.

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ കുറിച്ചും കൊവിഡ് മുക്ത ഭാരതത്തിനായുള്ള പ്രധാനമന്ത്രിയുടേയും ആരോഗ്യവകുപ്പിന്റേയും പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിക്കുന്നതിനിടെയാണ് യോഗി തെറി വിളിച്ചത്.

എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു തെറിവിളി. കൊവിഡ് മുക്ത ഭാരതത്തിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര ആരോഗ്യവകുപ്പ് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു തുടങ്ങിയതിന് പിന്നാലെ സാങ്കേതികമായി ചിലപ്രശ്നങ്ങള്‍ ഉണ്ടായെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ആദിത്യനാഥ് തെറിവിളിച്ചത്.


ഇതോടെ എ.എന്‍.ഐ ഈ വീഡിയോ പിന്‍വലിക്കുകയും ആദിത്യനാഥിന്റെ മറ്റൊരു ബൈറ്റ് വീണ്ടും അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. നേരത്തെ നല്‍കിയ ലൈവ് സൗണ്ട് ബൈറ്റ് പിന്‍വലിച്ചിരിക്കുന്നു എന്ന എഡിറ്ററുടെ കുറിപ്പോടെയാണ് പുതിയ ബൈറ്റ് എ.എന്‍.ഐ അപ്‌ലോഡ് ചെയ്തത്.

എന്നാല്‍ സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയാണെന്നും ഇത് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നുമായിരുന്നു യു.പി സര്‍ക്കാരിന്റെ ഭീഷണി.


എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനായി എ.എന്‍.ഐയിലേക്ക് വിളിച്ചപ്പോള്‍ സംസാരിക്കാന്‍ താല്‍പ്പര്യമില്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യം ഷൂട്ട് ചെയ്ത വീഡിയോയും പിന്നീട് പുറത്തുവിട്ട വീഡിയോയും പരിശോധിക്കുമ്പോള്‍ എഡിറ്റ് ചെയ്തതല്ലെന്നാണ് വ്യക്തമാകുന്നതെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാത്രമല്ല രണ്ട് വീഡിയോയിലും യോഗി പറയുന്ന വാക്കുകളില്‍ വ്യത്യാസമുണ്ടെന്നും ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാണിക്കുന്നു.

ആദ്യം ഷൂട്ട് ചെയ്ത വീഡിയോയില്‍ ആരോഗ്യമന്ത്രാലയത്തിനും പിന്നീട് ഷൂട്ട് ചെയ്ത വീഡിയോയില്‍ രാജ്യത്തെ ജനങ്ങള്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമാണ് യോഗി നന്ദി പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Video of Yogi Adityanath using abusive word is NOT edited