പാട്‌ന: ബിഹാറിലെ ബെഗുസരായില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങിന് വോട്ടു ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പരാതി. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് പോളിംഗ് ബൂത്തിന് മുന്നില്‍ ജനങ്ങള്‍ ആരോപണം ഉന്നയിച്ചത്. ഇ.വി.എമ്മില്‍ ഒന്നാമത് കനയ്യയുടെ പേരാണ്, എന്നാല്‍ രണ്ടാമതിരിക്കുന്ന ഗിരിരാജ് സിങിന് വോട്ടു ചെയ്യാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്നതായി പ്രദേശത്തെ വോട്ടര്‍മാര്‍ പറയുന്നു.
ബെഗുസരായില്‍ ബി.ജെ.പിയുടെ ഗിരിരാജിനെതിരെയും, ആര്‍.ജെ.ഡിയുടെ തന്‍വീര്‍ ഹസ്സനെതിരെയുമാണ് സി.പി.ഐയുടെ സ്ഥാനാര്‍ഥിയായ കനയ്യ മത്സരിക്കുന്നത്. ‘രണ്ടാം നമ്പര്‍ ബട്ടണ്‍ അമര്‍ത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ബമംഗവ പഞ്ചായത്തിലേക്ക് എത്രയും പെട്ടെന്ന് സഹായം എത്തിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു’- യുവതി പറയുന്നു. തന്നെക്കൊണ്ട് ഗിരിരാജ് സിങിന് വോട്ടു ചെയ്യിച്ചെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന യുവതി ആരോപിക്കുന്നുണ്ട്.
‘എനിക്ക് കനയ്യകുമാറിന് അനുകൂലമായി വോട്ടു ചെയ്യണമെന്നുണ്ട്, എന്നാല്‍ അവരെന്നെ രണ്ടാം നമ്പര്‍ ബട്ടണില്‍ അമര്‍ത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു’- വനിതാ വോട്ടര്‍ പറയുന്നു. അവര്‍ക്കു ചുറ്റും നില്‍ക്കുന്ന ആളുകളും തെരഞ്ഞെടുപ്പ് നടത്തുന്നവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി വോട്ടറുടെ അവകാശവാദം ശരിവെക്കുന്നതും വീഡിയോയില്‍ കാണാം.
ബെഗുസരായില്‍ ആദ്യം കനയ്യക്കു പിന്തുണ നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആര്‍.ജെ.ഡി തീരുമാനിക്കുകയായിരുന്നു. രാജ്യശ്രദ്ധയാകര്‍ഷിച്ച പ്രചാരണമായിരുന്നു കനയ്യകുമാറിന്റേത്. കനയ്യക്കുവേണ്ടി ജാവേദ് അക്തര്‍, ശബാന ആസ്മി, സ്വര ഭാസ്‌കര്‍, പ്രകാശ് രാജ് തുടങ്ങിയവര്‍ പ്രചാരണത്തിനെത്തുകയും ചെയ്തിരുന്നു.