തിരുവനന്തപുരം: കാര്യവട്ടത്തിനും കേരളത്തിനും മറക്കാനാവാത്ത കളിയോര്‍മ്മകള്‍ നല്‍കി വിരാട് കോഹ് ലിയും സംഘവും മടങ്ങി. എന്നാല്‍ കേരളവും കളിയാരാധകരും വിരാടിനെ ഓര്‍ത്തുവെക്കുക കളിക്കളത്തിലെ നായകനായി മാത്രമല്ല, കളിക്കളത്തിന് പുറത്തെ നന്മയുള്ള മനുഷ്യനായി കൂടിയാണ്.
പൊതുവെ ചൂടനാണെന്നാണ് കോഹ് ലിയെ കുറിച്ച് എല്ലാവര്‍ക്കുമിടയിലുള്ള ധാരണ. എന്നാല്‍ അത്തരം മുന്‍വിധികളെയെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് വിരാട്. താനെത്ര സിമ്പിളാണെന്നും മനസില്‍ എത്രമാത്രം നന്മ സൂക്ഷിക്കുന്നവനാണെന്നും വിരാട് തെളിയിച്ചിരിക്കുകയാണ്.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ഇന്ത്യന്‍ താരങ്ങളുമായി വാഹനം കടന്നുവരുമ്പോള്‍ താരങ്ങളെ വരവേല്‍ക്കാനായി ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘം കാത്തുനിന്നിരുന്നു. കാത്തിരിപ്പിനൊടുവില്‍ ടീം ബസ് എത്തി. ആദ്യം പുറത്തിറങ്ങിയത് ഇന്ത്യന്‍ ടീം കോച്ച് രവിശാസ്ത്രിയായിരുന്നു. കുട്ടികളെ തിരഞ്ഞു നോക്കാതെ ഗൗരവ്വക്കാരനായി ശാസ്ത്രി കടന്നു പോയി. പിന്നെയാണ് ബസില്‍ നിന്നും കോഹ്‌ലി ഇറങ്ങിയത്.
കാത്തു നിന്ന കുട്ടികളെ പക്ഷെ വിരാട് കണ്ടു. അവര്‍ക്കരികിലേക്ക് ചെന്നു. കുട്ടികള്‍ ഓരോരുത്തര്‍ക്കായി കൈ കൊടുത്തും ഓട്ടോഗ്രാഫ് നല്‍കിയും ഇന്ത്യന്‍ നായകന്‍ താരപ്രഭയില്‍ നിന്നും ഇറങ്ങി വന്നു. കുട്ടികള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തു. കുട്ടികള്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചശേഷമാണ് കോഹ്‌ലി അവിടെനിന്നും പോയത്.
കോഹ്‌ലിയുടെ കുട്ടികള്‍ക്കൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഇന്ത്യന്‍ നായകന് അഭിനന്ദവുമായി രംഗത്തെത്തിയിരിക്കുന്നത്.
വീഡിയോ കാണാം