കീവ്: ഉക്രൈനില്‍ നാശം വിതച്ച് തങ്ങളുടെ ആക്രമണം റഷ്യ തുടരവേ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഉക്രേനിയന്‍ യുവതിയുടെ വീഡിയോ. ആയുധധാരികളായ റഷ്യന്‍ സൈനികരോടാണ് യുവതി ദേഷ്യപ്പെടുന്നത്.
ഉക്രൈനിലെ ഹെനിചെസ്‌കില്‍ വെച്ച് യുവതിയെ തടഞ്ഞ സൈനികര്‍ മറ്റൊരു വഴിയിലൂടെ പോവാന്‍ ആവശ്യപ്പെടുകയായിരുന്നു. റഷ്യന്‍ സൈനികരാണെന്ന് മനസിലാക്കിയതോടെ നിങ്ങള്‍ക്കിവിടെ എന്താണ് കാര്യമെന്ന് യുവതി ചോദിച്ചു. നമ്മള്‍ തര്‍ക്കിക്കുന്നതില്‍ കാര്യമില്ലെന്ന് സൈനികര്‍ മറുപടി പറഞ്ഞതോടെ യുവതി കയര്‍ത്തു.
‘നിങ്ങള്‍ അധിനിവേശം നടത്തുന്നവരാണ്, നിങ്ങള്‍ ഫാസിസ്റ്റുകളാണ്. ഞങ്ങളുടെ ഭൂമിയില്‍ ഈ തോക്കുകളെല്ലാം ഉപയോഗിച്ച് നിങ്ങള്‍ എന്താണ് ചെയ്യുന്നത്? ഈ വിത്തുകള്‍ എടുത്ത് നിങ്ങളുടെ പോക്കറ്റില്‍ ഇടുക, നിങ്ങള്‍ ഇവിടെ കിടക്കുമ്പോള്‍ കുറഞ്ഞത് സൂര്യകാന്തിപ്പൂക്കളെങ്കിലും വളരും,’ യുവതി പറഞ്ഞു. ഉക്രൈന്റെ ദേശീയ പുഷ്പമാണ് സൂര്യകാന്തി.
വഴിയിലൂടെ നടന്നു പോയവരായിരുന്നു വീഡിയോ ചിത്രീകരിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
നിരവധി പേരാണ് യുവതിയുടെ ധീരതയെ അഭിനന്ദിച്ചു രംഗത്തെത്തിയത്. ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അന്താരാഷ്ട്ര സമൂഹത്തോട് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയ സമയത്തായിരുന്നു യുവതിയുടെ വീഡിയോ പുറത്ത് വന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഉക്രേനിയന്‍ പൗരന്മാര്‍ റഷ്യക്കെതിരെ പ്രതിഷേധം തുടരുകയാണ്. ടോക്കിയോ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള റഷ്യന്‍ എംബസിക്ക് മുമ്പില്‍ ഉക്രേനിയന്‍ പൗരന്മാര്‍ പ്രതിഷേധം ശക്തമാക്കുകയാണ്.
അതേസമയം ഉക്രൈന്‍ ആയുധം താഴെവെച്ചാല്‍ ചര്‍ച്ചയാകാമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. റഷ്യയുടെ ആക്രമണങ്ങള്‍ക്ക് ഉക്രൈന്‍ തിരിച്ചടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ ഉക്രൈന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം.
റഷ്യന്‍ സേനയുടെ ആക്രമണത്തോട് ചെറുത്ത് നില്‍ക്കാന്‍ ഉക്രൈന്‍ ജനതയോട് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. പൗരര്‍ക്കും കീവില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ആയുധം വിതരണം ചെയ്തു. ഉക്രൈന്‍ തലസ്ഥാനം പിടിക്കാനുള്ള കനത്ത പോരാട്ടത്തിലാണ് റഷ്യ.
Content Highlight: video of Ukrainian woman confronts Russian soldiers hoes viral