ഗസ: ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ നടത്തിയ ആക്രമണത്തിനിടെ മൂന്ന് സ്ത്രീകളെ ബന്ദികളിയാക്കിയെന്ന് അവകാശപ്പെടുന്ന വീഡിയോ ഹമാസ് പുറത്തുവിട്ടു. വിഡിയോയില്‍ ബന്ദി പ്രശ്‌നങ്ങളില്‍ ഇസ്രഈലിന്റെ നിലപാടിനെ എതിര്‍ത്തുകൊണ്ട് ഒരു സ്ത്രീ സംസാരിക്കുന്നുണ്ടെന്ന് അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസ് നടത്തിയ റെയ്ഡിനിടെ 240ലധികം ഇസ്രഈലികളെ തങ്ങള്‍ പിടികൂടിയതായും, ഇസ്രഈല്‍ ബന്ദികളാക്കിയ ആയിരത്തോളം ഫലസ്തീനികളെ മോചിപ്പിക്കുകയാണെങ്കില്‍ ഇസ്രഈലികളെ തങ്ങള്‍ വിട്ടയക്കുമെന്നും ഹമാസ് വ്യക്തമാക്കി.
76 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലെ സ്ത്രീകളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും സ്ത്രീകള്‍ സയണിസ്റ്റ് തടവുകാരാണെന്ന് ഹമാസ് പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളെ മോചിപ്പിക്കുന്നതിനായി ഇസ്രഈലിലെ തടവുകാരെ കൈമാറ്റം ചെയ്യണമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സ്ത്രീകളില്‍ ഒരാള്‍ ആവശ്യപെടുന്നുണ്ടെന്നും, തുടര്‍ന്ന് അവര്‍ പ്രകോപിതയാവുന്നുണ്ടെന്നും മറ്റ് രണ്ട് സ്ത്രീകള്‍ നിശബ്ദത പാലിച്ചിരിക്കുകയായിരുന്നെന്നും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. വീഡിയോയെ കുറിച്ച് ഇസ്രഈല്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും എ.എഫ്.പി റിപ്പോര്‍ട്ട് സൂചിപ്പിച്ചു.