ട്വന്റി ട്വന്റി പുരുഷ ലോകകപ്പ് അതിന്റെ എല്ലാ ആവേശത്തോടും കൂടി ഓസ്‌ട്രേലിയയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് വണ്ണിലെ ഇംഗ്ലണ്ട്- ന്യൂസിലാന്‍ഡ് മത്സരത്തില്‍ ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീം 20 റണ്ണിന്റെ വിജയം സ്വന്തമാക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ന്യൂസിലാന്‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റ് തന്നെ നഷ്ടപ്പെടുത്തി 159 റണ്‍സിലെത്തിക്കാനേ കഴിഞ്ഞുള്ളൂ.
ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ഓപ്പണിങ് പാര്‍ട്ണര്‍ അലക്‌സ് ഹെയ്ല്‍സും അര്‍ധസെഞ്ച്വറി സ്വന്തമാക്കി. ന്യൂസിലാന്‍ഡിന് വേണ്ടി ഗ്ലെന്‍ ഫിലിപ്‌സ് 62 റണ്‍സ് നേടിയെങ്കിലും ടീമിന് വിജയിക്കാനായില്ല.
എന്നാല്‍ ഈ മാച്ചിനേക്കാള്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് മാച്ചിനിടയിലെ ഒരു പുസ്തകം വായനയാണ്. ലോകകപ്പിന്റെ ആവേശത്തിനിടയിലും ഗാലറിയില്‍ നിന്നുള്ള ആര്‍പ്പുവിളികളെ അക്ഷരാര്‍ത്ഥത്തില്‍ ‘അവഗണിച്ചുകൊണ്ട്’ കാഴ്ചക്കാരനായെത്തിയ ഒരു ജെന്റില്‍മാന്‍ ഗാലറിയിലിരുന്ന് പുസ്തകം വായിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
‘പ്രസ്തുത കക്ഷി’ പുസ്തകം വായിക്കുന്നതായുള്ള വീഡിയോ ഇംഗ്ലണ്ട് സ്‌കോറിനെ പിന്തുടര്‍ന്ന് കിവീസ് ബാറ്റിങ് ആരംഭിച്ച സമയത്താണ് ലൈവില്‍ വന്നത്.
വീഡിയോ ഐ.സി.സിയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ”പുസ്തകം മാച്ചിനേക്കാള്‍ എന്റര്‍ടെയ്‌നിങ്ങാണോ സുഹൃത്തേ?” (Book way more entertaining than the match, mate?) എന്നാണ് വീഡിയോക്ക് ഐ.സി.സി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
അപ്‌ലോഡ് ചെയ്ത് വെറും രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം ലൈക്കാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.
അതേസമയം ഇംഗ്ലണ്ടിനും ന്യൂസിലാന്‍ഡിനും നിലവില്‍ അഞ്ച് പോയിന്റുകള്‍ വീതമാണുള്ളത്. വെള്ളിയാഴ്ച അയര്‍ലാന്‍ഡുമായാണ് ന്യൂസിലാന്‍ഡിന്റെ അടുത്ത മാച്ച്. ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം ശനിയാഴ്ച ശ്രീലങ്കയുമായാണ്.
Content Highlight: Video of spectator reading book in gallery during England vs New Zealand match goes viral