| Monday, 17th October 2022, 10:54 pm

വിജയ് ചിത്രം വാരിസിലെ പാട്ടിന്റെ വീഡിയോ ലീക്കായി; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ആരാധകരാകെ കാത്തിരിക്കുന്ന ചിത്രമാണ് വാരിസ്. വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയാണ് നായികയാവുന്നത്. രശ്മികയും വിജയ്‌യും ചുവട് വെക്കുന്ന ഗാനമായിരിക്കും ആദ്യമെത്തുകയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

എന്നാലിപ്പോള്‍ ഗാനത്തിന്റെ ചിത്രീകരണ വീഡിയോ ലീക്കായിരിക്കുകയാണ്. സെറ്റിന്റെ മുകളില്‍ നിന്നും ചിത്രീകരിച്ച സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വിജയ് എന്ന കഥാപാത്രത്തെ തന്നെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്നത്. ഇദ്ദേഹം ഒരു ആപ്പ് ഡിസൈനറായിരിക്കും. വിജയ്‌യുടെ 66-ാം ചിത്രമാണ് വാരിസ്.

ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിക്കുന്നത്. തമനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. വിജയ്‌ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിമൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.

ഗില്ലി, പോക്കിരി തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന സിനിമയിലാണ് പ്രകാശ് രാജും വിജയ്‌യും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.

Content Highlight: Video of song from Vijay film varisu leaked

We use cookies to give you the best possible experience. Learn more