|

ഗോളടിച്ചുകൂട്ടാന്‍ സഞ്ജു സാംസണ്‍, എതിരാളികളെ വെട്ടി പന്തുമായി കുതിപ്പ്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

പ്രാദേശിക സെവന്‍സ് ടൂര്‍ണമെന്റില്‍ തിളങ്ങി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. എതിരാളികളെ മറികടന്ന് പന്തുമായി മുന്നേറുന്ന സഞ്ജുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സഞ്ജു മികച്ച കോര്‍ണര്‍ കിക്ക് എടുക്കുന്നതും വീഡിയോയിലുണ്ട്. എന്ന് പകര്‍ത്തിയ വിഡിയോ ആണെന്നോ എവിടെയാണ് ഈ മത്സരം നടന്നതെന്നോ ആരാണ് ഈ വീഡിയോ പകര്‍ത്തിയതെന്നോ എന്നുള്ള കാര്യങ്ങളൊന്നും തന്നെ വ്യക്തമല്ല.

ഒരു പ്രാദേശിക ടൂര്‍ണമെന്റിലാണ് സഞ്ജു കളിച്ചതെന്നു വീഡിയോയില്‍നിന്നു മനസിലാകുന്നത്.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കായി കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ അനായാസം ജയിച്ചതോടെ സഞ്ജുവിന് ബാറ്റിങ്ങിനിറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല.

രണ്ടാം മത്സരത്തില്‍ താരം നിരാശപ്പെടുത്തുകയും ഇന്ത്യ പരാജയപ്പെടുകയും ചെയ്തപ്പോള്‍ ബോളണ്ട് പാര്‍ക്കില്‍ നടന്ന മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. അന്താരാഷ്ട്ര തലത്തില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറി നേട്ടമാണിത്. ഇതിന് പിന്നാലെ കളിയിലെ കേമനായും സഞ്ജുവിനെ തന്നെയായിരുന്നു തെരഞ്ഞെടുത്തത്.

വരാനിരിക്കുന്ന അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തില്‍ സഞ്ജു ടീമിന്റെ ഭാഗമാകുമെന്നാണ് വിശ്വസിക്കുന്നത്.

അതേസമയം, രഞ്ജി ട്രോഫിയാണ് സഞ്ജുവിന് മുമ്പില്‍ ഇനിയുള്ളത്. ആദ്യ രണ്ട് മത്സരത്തില്‍ സഞ്ജുവാണ് കേരളത്തെ നയിക്കുക. രോഹന്‍ എസ്. കുന്നുമ്മലാണ് സഞ്ജുവിന്റെ ഡെപ്യൂട്ടി.

ആലപ്പുഴയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍. ജനുവരി 12ന് അസമിനെതിരെയാണ് കേരളത്തിന്റെ രണ്ടാം പോരാട്ടം.

എലീറ്റ് ഗ്രൂപ്പ് ബി-യിലാണ് കേരളം കളിക്കുന്നത്. ബംഗാള്‍, ആന്ധ്ര പ്രദേശ്, മുംബൈ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

രഞ്ജി ട്രോഫി 2023-24 സീസണിലെ ആദ്യ രണ്ട് മത്സരത്തിനുള്ള കേരള ടീം:

സഞ്ജു വിശ്വനാഥ് സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണന്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേശ്വര്‍ എ. സുരേഷ്, നിധീഷ് എം.ഡി. ബേസില്‍ എന്‍.പി. വിഷ്ണു രാജ്.

Content highlight: Video of Sanju Samson playing football goes viral