താഴേക്ക് നോക്കി അടിച്ചു പറത്തിയത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡിലേക്ക്; റാഷിദ് ഖാന്‍ മാജിക്, വൈറലായി വീഡിയോ
Sports News
താഴേക്ക് നോക്കി അടിച്ചു പറത്തിയത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡിലേക്ക്; റാഷിദ് ഖാന്‍ മാജിക്, വൈറലായി വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th March 2024, 12:23 pm

അഫ്ഗാനിസ്ഥാന്‍ – അയര്‍ലന്‍ഡ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയിച്ച് അഫ്ഗാനിസ്ഥാന്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം അവസാനിച്ചപ്പോള്‍ അഫ്ഗാന്‍ സിംഹങ്ങള്‍ 2-0ന് ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ വെറ്ററന്‍ താരം മുഹമ്മദ് നബിയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടി.

നബി 38 പന്തില്‍ 59 റണ്‍സ് നേടിപ്പോള്‍ 32 പന്തില്‍ 35 റണ്‍സുമായി സിദ്ദിഖുള്ള അടല്‍ മികച്ച പിന്തുണ നല്‍കി. 12 പന്തില്‍ 25 റണ്‍സ് നേടിയ റാഷിദ് ഖാനാണ് ടീമിന്റെ മൂന്നാമത് ടോപ് സ്‌കോറര്‍.

മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്‍ റാഷിദ് ഖാന്റെ ഇന്നിങ്‌സ്. ഈ സിക്‌സറാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം.

ബാരി മക്കാര്‍ത്തിയെറിഞ്ഞ 18ാം ഓവറിലെ അവസാന പന്താണ് റാഷിദ് സിക്‌സറിന് പറത്തിയത്. ബാക്ക്‌വാര്‍ഡ് ഡീപ് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ പറന്നിറങ്ങിയ നോ ലുക്ക് സിക്‌സറിന് പിന്നാലെ ആരാധകരൊന്നാകെ ആവേശത്തിലായിരുന്നു. ഇതിന്റെ വീഡിയോ വൈറലാവുകയാണ്.

അതേസമയം, അയര്‍ലാന്‍ഡിനായി മാര്‍ക് അഡയര്‍ മൂന്ന് വിക്കറ്റ് നേടി. ജോഷ്വ ലിറ്റിലും ബാരി മക്കാര്‍ത്തിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ബെഞ്ചമിന്‍ വൈറ്റാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയും ക്യാപ്റ്റന്‍ പോള്‍ സ്‌റ്റെര്‍ലിങ്ങും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

സ്‌റ്റെര്‍ലിങ്ങിനെ പുറത്താക്കി ഖരോട്ടെയാണ് വിക്കറ്റ് വീഴ്ത്തിയത്. ലോര്‍കന്‍ ടക്കറിനൊപ്പം ബാല്‍ബിര്‍ണി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ടീം സ്‌കോര്‍ 68ല്‍ നില്‍ക്കവെ ഇവര്‍ രണ്ട് പേരും പുറത്തായി.

പിന്നാലെയെത്തിയവര്‍ വന്നതുപോലെ കൂടാരം കയറിയപ്പോള്‍ മധ്യനിരയില്‍ ഗാരത് ഡെലാനിയാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. 18 പന്തില്‍ 39 റണ്‍സ് നേടിയ ഡെലാനി അവസാന ഘട്ട ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും കൂടെ നില്‍ക്കാന്‍ ആളില്ലാതെ വന്നതോടെ അയര്‍ലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ പത്ത് റണ്‍സകലെ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ നംഗേയാലിയ ഖട്ടോരെ രണ്ട് വിക്കറ്റും നേടി. മുഹമ്മദ് നബിയും ഫസലാഖ് ഫാറൂഖിയുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

 

Content highlight: Video of Rashid Khan’s no look sixer goes viral