| Friday, 12th May 2023, 9:17 am

അഡ്വാന്‍സ് വാങ്ങിയത് പെങ്ങളുടെ കല്യാണ കാര്യം പറഞ്ഞ്; ആന്റണി തിരിച്ച് തന്നതില്‍ ചെലവായതിന്റെ രണ്ട് ശതമാനം പോലുമില്ല; വീഡിയോയുമായി നിര്‍മാതാക്കള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആന്റണി വര്‍ഗീസ്- ജൂഡ് ആന്തണി തര്‍ക്കങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസമായി ചര്‍ച്ചകളില്‍ നിറയുകയാണ്. ഉപേക്ഷിക്കപ്പെട്ട ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഇപ്പോള്‍ ഇതില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവ് അരവിന്ദ് കുറുപ്പും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ എം. കുമാറുമാണ് യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്ത വീഡിയോയില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ചത്.

ആന്റണി ചിത്രം ചെയ്യുമെന്ന വിശ്വാസത്തില്‍ വലിയ കാശ് ചെലവായി എന്നും എന്നാല്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടതോടെ തങ്ങളുള്‍പ്പെടെ സിനിമയുടെ ഭാഗമായ പല ആളുകള്‍ക്കും വലിയ നഷ്ടമുണ്ടായി എന്നും അരവിന്ദ് പറഞ്ഞു.

‘ജൂഡ് ആണ് അന്ന് ആന്റണി വര്‍ഗീസിന്റെ പേര് നിര്‍ദേശിച്ചത്. കഥ എഴുതിയ ആളും സംവിധായകനും കഥ ആന്റണിയോട് ബ്രീഫ് ചെയ്തിരുന്നു. അന്ന് കഥയില്‍ സംതൃപ്തനായിരുന്നു. ആന്റണിക്ക് രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് കൊടുക്കാമെന്നാണ് പ്ലാന്‍ ചെയ്തിരുന്നത്. ആന്റണിക്ക് ഒരു ആവശ്യമുണ്ടെന്നും അതിനാല്‍ പത്ത് ലക്ഷം രൂപ അഡ്വാന്‍സ് വേണമെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് പറയുന്നത്.

2019 ജൂണ്‍ 27നാണ് അഡ്വാന്‍സ് കൊടുക്കുന്നത്. ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും എന്താണെന്ന് ആന്റണിക്ക് അറിയാം. അപ്പോള്‍ അദ്ദേഹം അതില്‍ സംതൃപ്തനായിരുന്നു. അജഗജാന്തരത്തിന്റെ ഷൂട്ടിനിടക്കാണ് പ്രിന്റഡ് സ്‌ക്രിപ്റ്റ് കൊടുക്കുന്നത്. അപ്പോഴും ഒരു അസംതൃപ്തിയും പറഞ്ഞില്ല. ഡിസംബര്‍ 15നാണ് കാസ്റ്റിങ് വീഡിയോ റിലീസ് ചെയ്യുന്നത്. അതിന് ശേഷം ആന്റണി ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയായി. അങ്ങനെ വന്നപ്പോള്‍ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഞങ്ങള്‍ പോയി. അജഗജാന്തരത്തിന്റെ പോഷന്‍സ് കഴിഞ്ഞാല്‍ ഷൂട്ട് ചെയ്യാമെന്ന് അന്ന് ആന്റണി പറഞ്ഞു.

അതോടെ ഞങ്ങള്‍ ഒഫീഷ്യല്‍ പ്രൊസീജ്യേഴ്‌സ് തുടങ്ങി. റെയില്‍വേ സ്‌റ്റേഷനും ട്രെയ്‌നും റെന്റിനെടുക്കണം. അതിനുള്ള ഫോമുകള്‍ വാങ്ങി ഫില്‍ ചെയ്തു. സംവിധായകനും ക്യാമറമാനും ജൂഡും ഞാനും കൂടി വാരണാസിയില്‍ പോയി. റൂമുകളുടെ ബുക്കിങ് ഭക്ഷണത്തിന്റെയും യാത്രകളുടെയും കാര്യങ്ങളുമൊക്കെ അറേഞ്ച് ചെയ്തതിന് ശേഷം തിരിച്ചുവന്നു. മൈസൂരിലും അങ്കമാലിയിലും പോയി റൂമുകള്‍ ബുക്ക് ചെയ്തു. തുടര്‍ച്ചയായ ഷൂട്ടാണ് ഉദ്ദേശിച്ചിരുന്നത്. വണ്ടിയിലും ട്രെയ്‌നിലും ഫ്‌ളൈറ്റിലുമായി പോകാമെന്ന് പ്ലാന്‍ ചെയ്തു. ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. ഈ സമയത്തൊന്നും ആന്റണിയുടെ ഒരു വിവരവുമില്ല. ഡിസംബര്‍ 23ന് ജൂഡ് തന്നെ ബന്ധപ്പെട്ടപ്പോള്‍ താല്‍പര്യമില്ലെന്ന് ആന്റണി പറഞ്ഞു. 2020 ജനുവരി പത്തിനാണ് ഷൂട്ട് തുടങ്ങാനിരുന്നത്. ഡിസംബര്‍ 29ന് സംവിധായകന്‍ ആന്റണിയുടെ ചിത്രത്തിന്റെ സെറ്റില്‍ പോയി ആന്റണിയോട് സംസാരിച്ചു. ഒട്ടും താല്‍പര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ആന്റണി സിനിമ ചെയ്യില്ലെന്ന് 100 ശതമാനം ഉറപ്പാക്കിയതിന് ശേഷമാണ് അഡ്വാന്‍സ് തിരിച്ച് ചോദിച്ചത്. ആകെ ചിലവായതിന്റെ രണ്ട് ശതമാനം പോലുമില്ല അത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴി ആന്റണി തിരിച്ച് ബന്ധപ്പെട്ടിരുന്നു. പ്രെസ് മീറ്റില്‍ കോംപ്രമൈസ് ചെയ്ത കാര്യം ആന്റണി പറഞ്ഞു. കോംപ്രമൈസ് ചെയ്തപ്പോള്‍ ഞങ്ങള്‍ കണ്ടിട്ടില്ല. അതിന് ശേഷം അദ്ദേഹം ഞങ്ങളെ വിളിക്കുകയോ ഞങ്ങള്‍ അദ്ദേഹത്തെ വിളിക്കുകയോ ചെയ്തിട്ടില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴിയാണ് പണം സെറ്റില്‍ ചെയ്തത്. അഡ്വാന്‍സിന് പുറമേ ആകെ ചെലവായ പണത്തിന്റെ അഞ്ച് ശതമാനം അദ്ദേഹത്തിന് ചാര്‍ജ് ചെയ്തിരുന്നു. തരാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് അംഗീകരിച്ചാണ് പത്ത് ലക്ഷം തിരികെ വാങ്ങിയത്.

പൈസ തിരിച്ച് തന്നല്ലോ എന്ന് ഒരുപാട് പേര്‍ പറഞ്ഞത് കേട്ടു. ഒരാള്‍ അഡ്വാന്‍സ് വാങ്ങിയാല്‍ സിനിമ കമ്മിറ്റ് ചെയ്തുവെന്നാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പിന്നെയുള്ള ചെലവുകളെല്ലാം. ആ വ്യക്തിയെ വിശ്വസിച്ച് അടുത്ത 45 ദിവസം ചെലവെക്കിയ കാശ് വളരെ കൂടുതലാണ്.

അദ്ദേഹത്തിന്റെ പെങ്ങളേയും കുടുംബത്തേയും ഇതിലേക്ക് വലിച്ചിടുന്നത് വിഷമമുള്ള കാര്യമാണ്. എന്നാല്‍ കുടുംബം എന്ന് പറയുന്നത് ഒരാള്‍ക്ക് മാത്രമുള്ളതല്ല. റൂം ക്ലീന്‍ ചെയ്യാന്‍ വരുന്ന ആള്‍ മുതലുള്ളവര്‍ക്ക് ഫാമിലി ഉണ്ട്. പലരോടും കടം വാങ്ങിയ പൈസയാണ് ചെലവാക്കിയത്. ആന്റണി കളഞ്ഞിട്ട് പോയതോടെ ആ സിനിമ അവിടെ നിന്നു. ഇതിന് പിന്നാലെ കൊവിഡ് വന്നു. അഞ്ച് പൈസ കയ്യിലില്ലാതെ കഷ്ടപ്പെട്ടു. ഇപ്പോഴും അതുകൊണ്ടുണ്ടായ ബുദ്ധിമുട്ട് തീര്‍ന്നിട്ടില്ല. ഇത് പറഞ്ഞതിന്റെ പേരില്‍ ട്രോളുകള്‍ വന്നാലും കുഴപ്പമില്ല. നമ്മുടെ പ്രൊഡക്ഷന്‍ കമ്പനി പിരിച്ചുവിട്ടു. ഞാനായതുകൊണ്ടാണ് ജൂഡ് വികാരഭരിതനായി പറഞ്ഞത്. ഒരുപാട് പ്രതീക്ഷയോടെ ഈ സിനിമയുടെ ഭാഗമായി നിന്ന പല ആളുകള്‍ക്കും സംഭവിച്ച കാര്യങ്ങളുണ്ട്. ഇതൊന്നും ആന്റണി അറിഞ്ഞിട്ടില്ല,’ അരവിന്ദ് പറഞ്ഞു.

അഡ്വാന്‍സ് വാങ്ങുമ്പോള്‍ അന്ന് പറഞ്ഞ ആവശ്യം പെങ്ങളുടെ കല്യാണം തന്നെയാണെന്ന് പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. ‘ആന്റണിയുടെ കുടുംബത്തിനുണ്ടായ വിഷമത്തില്‍ ഞങ്ങള്‍ക്കും സങ്കടമുണ്ട്. എന്നാല്‍ ആന്റണി ഈ പടം ഉപേക്ഷിച്ചപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ വഴി മുട്ടിപ്പോയി. അന്ന് സിനിമയുടെ ആവശ്യത്തിനായി വന്ന് നിന്ന ഫ്‌ളാറ്റില്‍ നിന്നും ജൂഡ് ആന്തണി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിക്കരഞ്ഞാണ് ഇറങ്ങിയത്,’ പ്രവീണ്‍ പറഞ്ഞു.

Content Highlight: video of producers of antony varghese’s movie

Latest Stories

We use cookies to give you the best possible experience. Learn more