| Thursday, 2nd November 2017, 8:53 am

മുക്കം പൊലീസ് സ്റ്റേഷനുമുമ്പില്‍ ഗെയില്‍വിരുദ്ധ സമരക്കാര്‍ക്കെതിരായ പൊലീസ് നരനായാട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുക്കത്ത് ഗെയില്‍ വിരുദ്ധ സമരക്കാരെ പൊലീസ് ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഗെയില്‍വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പൊലീസ് അറസ്റ്റു ചെയ്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മുക്കം പൊലീസ് സ്റ്റേഷനുമുമ്പില്‍ പ്രതിഷേധിച്ചവരെ പൊലീസ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സ്റ്റേഷനുമുമ്പില്‍ കാണുന്നവരെയെല്ലാം പൊലീസ് കൂട്ടംചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതും പിറകേ ഓടി ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പ്രദേശത്തെ ഒരു കെട്ടിടത്തിനുള്ളില്‍ കയറിയും പൊലീസ് അതിക്രമം നടത്തുന്നുണ്ട്.

വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സംഭവം. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എം.ഐ ഷാനവാസ് എം.പി, മുന്‍ എം.എല്‍.എ എ.സി മൊയിന്‍കുട്ടി സമരസമിതി നേതാക്കള്‍ തുടങ്ങിയവര്‍ മുക്കം പൊലീസ് സ്റ്റേഷനുള്ളില്‍ ഉപരോധ സമരം നടത്തുകയായിരുന്നു. പുറത്ത് നൂറുകണക്കിന് പ്രദേശവാസികളും മുദ്രാവാക്യം വിളികളുമായി ഒത്തുകൂടിയിരുന്നു.

ഈ സമയത്ത് മുക്കം എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ ഒരു ബസില്‍ പൊലീസ് സ്റ്റേഷനിലെത്തുകയും സ്റ്റേഷനു പുറത്തുകൂടിയവരെയൊക്കെ ആക്രമിക്കുകയുമായിരുന്നെന്ന് സമരസമിതി നേതാവും കെ.എസ്.യു കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് ദിഷാല്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

“പൊലീസ് സ്റ്റേഷനുമുമ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകളടക്കം തട്ടിത്തെറിപ്പിച്ചുകൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പൊലീസ് ബസ് എത്തിയത്. ബസ് നിര്‍ത്തിയ ഉടന്‍ അതില്‍ നിന്നും ഇറങ്ങി പ്രതിഷേധക്കാരെ ആക്രമിക്കുകയാണുണ്ടായത്.” അദ്ദേഹം പറഞ്ഞു. ഇരുട്ടായതിനാല്‍ പലര്‍ക്കും ഓടാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നെന്നും ദിഷാല്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് ഗെയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ പൊലീസ് ക്രൂരമായി ആക്രമിച്ചത്. എരഞ്ഞിമാവില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത 60ഓളം പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചവര്‍ക്കുനേരെയാണ് പൊലീസ് നരനായാട്ട് നടത്തിയത്.

പൊലീസ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച രാവിലെയും സമരക്കാര്‍ക്കുനേരെ പൊലീസ് ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടിരുന്നു. സമരക്കാര്‍ക്കുനേരെ ലാത്തിവീശുകയും നിരവധി തവണ ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നു. ടിയര്‍ഗ്യാസും പൊലീസ് പ്രയോഗിച്ചിരുന്നു.

ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിനെച്ചൊല്ലിയാണ് സമരസമിതി രംഗത്ത് വന്നത്. ഇവിടെ റീ സര്‍വേ നടത്തണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇവിടെ സമരം നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.

വീഡിയോ കടപ്പാട്: സുനീര്‍ ഖാന്‍ കൂരാട്‌ ഫേസ്ബുക്ക്‌

We use cookies to give you the best possible experience. Learn more