ലിജോ എന്താണെന്ന് നമ്മള്‍ പഠിക്കുന്നേയുള്ളൂ; ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നത്: മോഹന്‍ലാല്‍
Film News
ലിജോ എന്താണെന്ന് നമ്മള്‍ പഠിക്കുന്നേയുള്ളൂ; ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നത്: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th June 2023, 11:30 am

മലൈക്കോട്ടൈ വാലിബന്റെ പാക്കപ്പ് ആഘോഷമാക്കി താരങ്ങളും അണിയറ പ്രവര്‍ത്തകരും. പാക്കപ്പിന് പിന്നാലെ നടത്തിയ പാര്‍ട്ടിയില്‍ സംസാരിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നതെന്നും വളരെ വ്യത്യസ്തമായ സിനിമയാവുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നേ ഉള്ളൂ. ഇതൊരു മികച്ച സിനിമ ആവുമെന്നാണ് പ്രതീക്ഷ. ഒരുപാട് ആശങ്കകളുണ്ടായിരുന്നു. കാലാവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ നാം അതെല്ലാം മറികടന്നു. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെ വ്യത്യസ്തമായ സിനിമയാവും. എന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതിന് നന്ദി,’ മോഹന്‍ലാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു മലൈക്കോട്ടൈ വാലിബന് ലിജോ പാക്കപ്പ് പറഞ്ഞത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ വേളയില്‍ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നന്ദി പറഞ്ഞു.

‘കുറച്ചധിക ദിവസത്തെ ഷൂട്ടിങ് നമ്മള്‍ പൂര്‍ത്തിയാക്കി. അതില്‍ വളരെ സന്തോഷമുണ്ട്. എല്ലാവരോടും നന്ദി പറയുകയാണ്. ഈ സിനിമ എല്ലാവര്‍ക്കും അഭിമാനിക്കാന്‍ കാരണമാവണമെന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ‘പാക്ക് അപ്പ്’,’ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

ജോണ്‍ ആന്‍ഡ് മേരി ക്രീയേറ്റീവും സെഞ്ച്വറി ഫിലിംസും മാക്‌സ് ലാബ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ വരുന്ന ബിഗ് ബജറ്റ് ചിത്രമെന്ന പേര് മലൈക്കോട്ടൈ വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യറാണ്.

Content Highlight: video of Mohanlal speaking at the packup party of Malaikottai Valiban going viral