| Tuesday, 11th August 2020, 4:24 pm

പാകിസ്ഥാനില്‍ ഇസ്‌ലാമിക വിരുദ്ധമെന്നാരോപിച്ച് ജനം മരത്തൈകള്‍ പിഴുതെറിഞ്ഞോ; പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യാവസ്ഥയെന്ത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാകിസ്ഥാനില്‍ ഒരു കൂട്ടം ആളുകള്‍ സര്‍ക്കാര്‍ വെച്ചുപിടിപ്പിച്ച മരത്തൈകള്‍ പിഴുതെറിയുന്ന വിഡീയോ പുറത്ത്. അക്രമാസക്തരായ ജനം മരത്തൈകള്‍ പിഴുതെറിയുകയും കരിങ്കൊടികള്‍ നാട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ആഗസ്റ്റ് ഒമ്പതിന് പാകിസ്ഥാനിലെ കൈബര്‍ പഖ്തുണ്‍വ പ്രവിശ്യയിലാണ് സംഭവം നടന്നത്. എന്നാല്‍ ഇസ്‌ലാമിക ആചാരത്തിന് വിരുദ്ധമായതിനാലാണ് ജനങ്ങള്‍ മരത്തൈകള്‍ പിഴുതെറിയുന്നതെന്ന തരത്തിലാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്.

യഥാര്‍ഥത്തില്‍ പ്രാദേശിക ഭരണകൂടവുമായി തര്‍ക്കത്തിലുണ്ടായിരുന്ന ഭൂമിയില്‍ സര്‍ക്കാര്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച ജനങ്ങളാണ് ഈ രീതിയില്‍ പ്രതിഷേധിച്ചത്.

ഓഗസ്റ്റ് 9 ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജ്യത്ത് 35 ലക്ഷം മരത്തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പഖ്തുണ്‍വ പ്രവിശ്യയിലും മരത്തൈകള്‍ വെച്ചുപിടിപ്പിച്ചത്.

എന്നാല്‍ ഉടമസ്ഥാവകാശത്തിന്റെ പേരില്‍ തര്‍ക്കത്തിലുണ്ടായിരുന്ന ഭൂമിയില്‍ മരത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നതിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായെത്തി. അക്രമാസക്തമായ ജനം മരത്തൈകള്‍ പിഴുതെറിയുകയായിരുന്നു.

അതേസമയം ഇസ്‌ലാമോഫോബിക് എന്ന ടാഗില്‍ ഈ വീഡിയോ തെറ്റായ രീതിയില്‍ പ്രചരിച്ചുക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി നേതാവായ സുരേന്ദ്ര പൂനിയയും ഈ സംഭവത്തെ ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിരുന്നു.

‘ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച് മരത്തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ ശ്രമിക്കുന്ന ഇമ്രാന്‍ ഖാന്‍. എന്നാല്‍ അദ്ദേഹത്തിന്റെ അണികള്‍ ഇത് അനിസ്‌ലാമികമെന്ന് തള്ളിക്കളയുന്നതിന്റെ ദൃശ്യങ്ങളാണിത്’- എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

അതേസമയം കോളമിസ്റ്റ് കൂടിയായ താരിഖ് ഫത്തേഹ് ഈ വിഡീയോ ഷെയര്‍ ചെയ്തിട്ടുണ്ട്. പാകിസ്ഥാനികള്‍ ജിഹാദികളെന്നാണ് അദ്ദേഹം ജനക്കൂട്ടത്തെ വിളിച്ചത്.

എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍. ആഗസ്റ്റ് ഒമ്പതിന് ശേഷമാണ് ഈ പ്രതിഷേധം നടന്നിരിക്കുന്നത്. പാക് പ്രവിശ്യയിലെ ജനക്കൂട്ടം പ്രാദേശിക ഗവണ്‍മെന്റിനെതിരെ നടത്തുന്ന പ്രതിഷേധമാണ് ഇപ്പോള്‍ അനിസ്‌ലാമികമെന്നും പാകിസ്ഥാനിലെ ജിഹാദികളെന്ന രീതിയിലും പ്രചരിക്കപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: video-of-men-uprooting-saplings-in-pakistan-viral-with-islamophobic-claim

We use cookies to give you the best possible experience. Learn more