| Friday, 7th October 2022, 10:37 pm

ലൊക്കേഷനിലുള്ളവര്‍ പോലും അന്തംവിട്ടു; കാര്‍ കറക്കി നിര്‍ത്തി മമ്മൂട്ടി; റോഷാക്ക് സെറ്റിലെ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി- നിസാം ബഷീര്‍ കൂട്ടുകെട്ടിലൊരുങ്ങിയ റോഷാക്ക് മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. റിവഞ്ച് ത്രില്ലറായി ഒരുങ്ങിയ ചിത്രം ഒക്ടോബര്‍ ഏഴിനാണ് റിലീസ് ചെയ്തത്.

ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്നുമുള്ള വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഷൂട്ടിന്റെ സമയത്ത് മമ്മൂട്ടി കാറോടിച്ച് കറക്കിയാണ് നിര്‍ത്തുന്നത്. കാറിന്റെ മുന്‍വശത്ത് സെറ്റ് ചെയ്തിരിക്കുന്ന ക്യാമറയും വീഡിയോയില്‍ കാണാം. മമ്മൂട്ടി കാര്‍ നിര്‍ത്തുമ്പോള്‍ ലൊക്കേഷനിലുള്ളവര്‍ ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. നിര്‍മാതാവ് എം.എന്‍. ബാദുഷയാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചത്.

വിവിധ ഇടങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് റോഷാക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആകാംക്ഷ വര്‍ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ അവതരണവും, സാങ്കേതിക പരിചരണവും എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പ് സിനിമയെ വേറൊരു തലത്തിലേക്ക് എത്തിച്ചുവെന്നും ആരാധകര്‍ പറയുന്നു.

‘മലയാളത്തില്‍ ഇതുവരെ കാണാത്തൊരു പുതിയ ഐറ്റം, റോഷാക്ക് മികച്ചൊരു സിനിമാ അനുഭവം. മമ്മൂക്ക വീണ്ടും അത്ഭുതപെടുത്തുന്നു. അപ്രധാനം എന്നു കരുതിയിരുന്ന ചില കഥാപാത്രങ്ങള്‍ അവസാന നിമിഷങ്ങളില്‍ നിര്‍ണായക വേഷങ്ങളായി മാറുന്ന കിടിലന്‍ മേക്കിങ്. എല്ലാ അഭിനേതാക്കളുടെയും മികച്ച പ്രകടനം. കൂടെ നിഗൂഢതകള്‍ നിറഞ്ഞ മമ്മൂക്കയുടെ ലൂക്ക് എന്ന വിസമയവും, മലയാളി എന്ന നിലയില്‍ അഭിമാനത്തോടെ ഞാന്‍ പറയുന്നു ഞാന്‍ ഒരു സിനിമ കണ്ടു, ഹോളിവുഡ് ലെവലില്‍ തീ പാറിച്ച ഒരു ഐറ്റം, റോഷാക്ക്. ബിഗ്ബിയോടൊപ്പം ചേര്‍ത്തു വെക്കാനൊരു ചിത്രം, റോഷാക്ക്. ബിലാലിനൊപ്പം പ്രതിഷ്ഠിക്കുവാനൊരു നായകന്‍ ലൂക്ക് ആന്റണി. ഇത് മലയാള സിനിമയുടെ അഭിമാന നിമിഷം. ക്വാളിറ്റിയുള്ള തിയേറ്ററില്‍ കുടുംബത്തോടൊപ്പം കാണുക. ഇതുപോലൊരെണ്ണം ഇനി ഉണ്ടാകുമോ ? പ്രിയപ്പെട്ട മമ്മൂക്കാ, നിങ്ങളുടെ പക്ഷം നില്‍ക്കുന്നതില്‍ അഭിമാനം തന്നെ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിര്‍മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നടന്‍ ആസിഫലിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍, സഞ്ജു ശിവറാം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Content Highlight: video of mammootty driving car from rorschach set

We use cookies to give you the best possible experience. Learn more