| Saturday, 13th July 2024, 4:19 pm

വിരമിക്കലിന് ശേഷം സ്പിന്നറായി ജെയിംസ് ആന്‍ഡേഴ്‌സണ്‍; അവസാന ടെസ്റ്റിന് ശേഷം ലോര്‍ഡ്‌സില്‍ 'പുതിയ താരങ്ങള്‍ക്കൊപ്പം'

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് കരിയര്‍ ആരംഭിച്ച അതേ ലോര്‍ഡ്‌സില്‍ തന്നെ കരിയറിലെ അവസാന മത്സരവും കളിച്ച് ജെയിംസ് ആന്‍ഡേഴ്‌സണ്‍ 22 യാര്‍ഡ് പിച്ചിനോട് വിടപറഞ്ഞിരിക്കുകയാണ്. വിന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ നാല് വിക്കറ്റ് വീഴ്ത്തിയാണ് ആന്‍ഡേഴ്‌സണ്‍ പടിയിറങ്ങിയിരിക്കുന്നത്.

2003 മുതല്‍ 2024 വരെയുള്ള 21 വര്‍ഷക്കാലം ആന്‍ഡേഴ്‌സണിന്റെ ജീവിതം ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്നെയായിരുന്നു. 188 ടെസ്റ്റ് മത്സരങ്ങളാണ് ഇക്കാലയളവില്‍ താരം കളിച്ചത്. 704 ടെസ്റ്റ് വിക്കറ്റുകള്‍, 40,037 പന്തുകള്‍, 32 തവണ നാല് വിക്കറ്റ് നേട്ടവും 32 തവണ അഞ്ച് വിക്കറ്റ് നേട്ടവും. ഒപ്പം കരിയറില്‍ മൂന്ന് ടെന്‍ഫറുകളും ഐതിഹാസിക കരിയറിന് മാറ്റുകൂട്ടുന്നു.

രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയ റെക്കോഡ് നേട്ടങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. റെഡ് ബോള്‍ ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഏറ്റവുമധികം മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത് താരം, ടെസ്റ്റില്‍ 700 വിക്കറ്റ് നേടുന്ന മൂന്നാമത് താരം, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പേസറും ആദ്യ ഇംഗ്ലണ്ട് താരവും, ടെസ്റ്റ് ഫോര്‍മാറ്റില്‍ 40,000 പന്തുകളെറിയുന്ന നാലാമത് താരം, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പേസര്‍, കരിയര്‍ ആരംഭിച്ച 2003 മുതല്‍ 2024 വരെ എല്ലാ വര്‍ഷവും ഏറ്റവും കുറഞ്ഞത് ഒരു ടെസ്റ്റ് വിക്കറ്റ്, ഏറ്റവുമധികം അന്താരാഷ്ട്ര വിക്കറ്റുകള്‍ വീഴ്ത്തുന്ന മൂന്നാമത് താരം… ആന്‍ഡേഴ്സണിന്റെ ലെഗസി അന്ത്യമില്ലാതെ തുടരുന്നു.

വിരമിച്ചാലും തന്റെ ജീവിതം ക്രിക്കറ്റിനെ ചുറ്റിപ്പറ്റി തന്നെയായിരിക്കുമെന്നാണ് ആന്‍ഡേഴ്‌സണിന്റെ പ്രവര്‍ത്തികള്‍ വ്യക്തമാക്കുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് ശേഷവും ഗ്രൗണ്ടില്‍ തന്നെ തുടര്‍ന്ന താരം കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന കാഴ്ചകളാണ് ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

കുട്ടികള്‍ക്കായി പന്തെറിഞ്ഞും അവര്‍ അടിച്ച പന്തുകള്‍ എടുത്തുകൊണ്ടുവന്നും ആന്‍ഡേഴ്‌സണ്‍ പുതിയ ആന്‍ഡേഴ്‌സണ്‍മാരെ പടുത്തുയര്‍ത്തുകയാണ്. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ പങ്കുവെച്ച വീഡിയോ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സും പങ്കുവെച്ചിട്ടുണ്ട്.

‘എന്റെ മകളാണ് ബാറ്റ് ചെയ്യുന്നത്, മകന്‍ ഫീല്‍ഡിങ്ങും. എന്താണ് നടക്കുന്നതെന്ന് അവര്‍ക്ക് ഒരു ഐഡിയയുമില്ല, പക്ഷേ ഒരിക്കല്‍ അവരത് മനസിലാക്കും,’ എന്നെഴുതി ജെയിംസ് ആന്‍ഡേഴ്‌സണെ ടാഗ് ചെയ്തുകൊണ്ടാണ് സ്റ്റോക്‌സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, വിരമിക്കലിന് ശേഷവും ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ട് ടീമിനൊപ്പം പുതിയ റോളിലെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിരമിക്കലിന് ശേഷം താരം ടീമിന്റെ ബൗളിങ് കണ്‍സള്‍ട്ടന്റായി ചുമതലയേല്‍ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അങ്ങനെ സംഭവിച്ചാല്‍ നിലവിലെ ബൗളര്‍മാര്‍ക്കും യുവ താരങ്ങള്‍ക്കും ഇതിഹാസത്തിന്റെ ശിക്ഷണത്തില്‍ ‘ആന്‍ഡേഴ്സണ്‍ അക്കാദമി’യില്‍ നിന്നും പഠിച്ചിറങ്ങാന്‍ സാധിക്കും.

Content highlight: Video of James Anderson playing cricket with kids goes viral

We use cookies to give you the best possible experience. Learn more