കൊവിഡ് മാറാന്‍ ഹിന്ദുക്ഷേത്രത്തില്‍ പ്രാര്‍ഥനയുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍; സത്യാവസ്ഥയെന്ത്?
Fake News
കൊവിഡ് മാറാന്‍ ഹിന്ദുക്ഷേത്രത്തില്‍ പ്രാര്‍ഥനയുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍; സത്യാവസ്ഥയെന്ത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th August 2020, 4:25 pm

കൊവിഡ് പ്രതിരോധത്തിന്റെ ഉത്തമമാതൃകളിലൊന്നായി ലോകമുറ്റുനോക്കിയ രാജ്യമാണ് ന്യൂസിലാന്റ്. എന്നാല്‍ രാജ്യത്തെ പ്രധാനമന്ത്രിയായ ജസിന്‍ഡ ആര്‍ഡേന്‍ രോഗം മാറാന്‍ നിരവധി ക്ഷേത്രങ്ങളില്‍ പൂജ നടത്തിയത് കൊണ്ടാണ് കൊവിഡ് രോഗം കുറയാന്‍ കാരണമെന്ന രീതിയില്‍ നിരവധി പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെത്തുന്നത്.

ഓക്‌ലാന്‍ഡിലെ രാധാകൃഷ്ണ ക്ഷേത്രത്തില്‍ പൂജകളിലും പ്രാര്‍ഥനകൡലുമേര്‍പ്പെട്ടിരിക്കുന്ന ജസിന്‍ഡയുടെ വീഡിയോകള്‍ ആണ് ഇപ്പോള്‍ ഈ രീതിയില്‍ പ്രചരിക്കുന്നത്. ആഗസ്റ്റ് ആറിനാണ് ക്ഷേത്രദര്‍ശനത്തിനായി അവര്‍ ഓക്‌ലാന്‍ഡിലെത്തിയത്.

രാജ്യത്ത് കൊവിഡ് രോഗികള്‍ കുറഞ്ഞു. രോഗവ്യാപനം കുറഞ്ഞതിനാല്‍ ഹിന്ദു ക്ഷേത്ര ദര്‍ശനം നടത്തുന്ന ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍- എന്ന രീതിയിലാണ് വീഡിയോ പ്രചരിപ്പത്.

കഴിഞ്ഞ 100 ദിവസങ്ങളിലധികമായി ഒരു കൊവിഡ് രോഗികള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യമായിരുന്നു ന്യൂസിലാന്‍ഡ്. അതിന് നന്ദി അറിയിക്കാനായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്ഷേത്ര ദര്‍ശനം നടത്തുന്നു. ഇവിടെ ചിലര്‍ രാമക്ഷത്രനിര്‍മ്മാണത്തിനെതിരെ ഭീഷണിയുയര്‍ത്തുന്നു- ഇതായിരുന്നു മറ്റൊരു ട്വീറ്റ്.

ആഗസ്റ്റ് അഞ്ചിലെ ഭൂമി പൂജയെ പിന്‍തുണയ്ക്കാനും ഹിന്ദു ഐക്യം ഊട്ടിയുറപ്പിക്കാനുമാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന തരത്തിലും ചില പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്ന വീഡിയോയുടെ യാഥാര്‍ഥ്യം മറ്റൊന്നാണ്.

ഓക്‌ലാന്‍ഡിലെ മഹാത്മാ ഗാന്ധി സെന്ററിലെ ഒരു ചടങ്ങില്‍ ജസിന്‍ഡ പങ്കെടുത്ത ദൃശ്യങ്ങളാണ് ഇത്തരം വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്നത്. അവര്‍ കൊറോണയെ തുരത്താനുള്ള പൂജയ്ക്കായി വന്നതല്ല. ഓക്‌ലാന്‍ഡിലെ ഇന്ത്യന്‍ ന്യൂസ് ലിങ്കിന്റെ പത്താം വാര്‍ഷിക സമ്മേളനത്തില്‍ ജസിന്‍ഡ പങ്കെടുത്ത ദൃശ്യങ്ങളാണിത്. ആഗസ്റ്റ് ആറിനായിരുന്നു ഈ ചടങ്ങ്. ഇതിന്റെ ഭാഗമായി അവര്‍ ഓക്‌ലാന്‍ഡിലെ രാധാകൃഷ്ണ മന്ദിര്‍ സന്ദര്‍ശിച്ചിരുന്നു. ആ ദൃശ്യങ്ങളാണ് കൊറോണയ്‌ക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ പ്രതിരോധം എന്ന രീതിയില്‍ പ്രചരിക്കപ്പെടുന്നത്.

അതേസമയം 100 ദിവസമായി കൊവിഡ് സ്ഥിരീകരിക്കാത്ത രാജ്യം എന്ന പദവി ന്യൂസിലാന്‍ഡിന് നഷ്ടമായിരിക്കുകയാണ്. 102 ദിവസത്തിന് ശേഷം ന്യൂസിലാന്‍ഡിലും കൊവിഡ് രോഗം തിരിച്ചെത്തിയിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓക് ലാന്‍ഡ് നഗരത്തില്‍ നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ പറഞ്ഞു.

 

 

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights:   video-of-jacinda-arderns-visit-to-a-hindu-temple-shared-with-false-claim