ലഖ്‌നൗ: അമേഠിയിലെ സ്‌ട്രോങ് റൂമുകളില്‍ നിന്നും ഇ.വി.എമ്മുകള്‍ പുറത്തെത്തിച്ച് ട്രക്കുകളില്‍ കടത്തി കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അമേഠിയില്‍ റീ ഇലക്ഷന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷനും അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഹുലും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലം കൂടിയാണ് അമേഠി.
അമേഠി മണ്ഡലത്തിലെ ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമില്‍ നിന്നും നിരവധി ഇ.വി.എമ്മുകള്‍ പുറത്തേക്ക് കടത്തുകയും സമീപത്തായി നിര്‍ത്തിയിട്ടിരിക്കുന്ന ട്രക്കില്‍ കയറ്റുന്നതുമായ വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. ജാഗ്രന്‍ പത്രവും ന്യൂസ് 18 നും ഉള്‍പ്പെടെയുള്ള നിരവധി മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആരുടെ നിര്‍ദേശപ്രകാരമാണ് ഇ.വി.എമ്മുകള്‍ സ്‌ട്രോങ് റൂമിന് പുറത്തേക്ക് എടുത്തതെന്ന് വ്യക്തമല്ല. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ് ഇ.വി.എമ്മുകള്‍ ട്രക്കുകളില്‍ കയറ്റിക്കൊണ്ടുപോകുന്ന വീഡിയോ എടുത്തത്.
അങ്ങേയറ്റം സംശയാസ്പദമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നും ഇ.വി.എം അമേഠിയിലെ സ്‌ട്രോങ് റൂമുകളില്‍ നിന്നും മാറ്റുന്നതായുള്ള ഒരു അറിയിപ്പും തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്.
അമേഠിയിലെ ഗൗരിരാജ് ഏരിയയിലുള്ള ഗേള്‍സ് സ്‌കൂളിലാണ് ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് ചോദിക്കാനായി ജില്ലാ ഓഫീസറുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് യോഗേന്ദ്ര മിശ്ര പറഞ്ഞു. മെയ് 6 നായിരുന്നു അമേഠിയില്‍ വോട്ടെടുപ്പ് നടന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ ലഖ്നൗവില്‍ നിന്നും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ഇ.വി.എമ്മുകള്‍ ലോറിയില്‍ കയറ്റിവിടുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
മാധ്യമപ്രവര്‍ത്തകനായ അനുരാഗ് ദന്‍തയാണ് യാതൊരു സുരക്ഷയുമില്ലാതെ ഇ.വി.എം മെഷീനുകളായി യാത്ര തിരിക്കുന്ന ട്രക്കിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ലഖ്നൗവില്‍ പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിട്ടായിരുന്നു ഇ.വി.എം നിറച്ച ലോറി സുരക്ഷാ ജീവനക്കാരൊന്നും ഇല്ലാതെ റോഡിലൂടെ ഓടിയത്.
” വോട്ടിങ് അവസാനിക്കുന്ന സമയം 6 മണിയാണ്. എന്നാല്‍ 5.30 ന് ഇത്രയും ഇ.വി.എമ്മുകള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത്? അത് തന്നെ യാതൊരു സുരക്ഷയും ഇല്ലാതെ? ‘ എന്നായിരുന്നു അദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററില്‍ ചോദിച്ചത്.
ഇ.വി.എമ്മുകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്ന അവസരത്തിലാണ് ഇത്രയും വലിയ സുരക്ഷാ വീഴ്ച വോട്ടിങ് ദിവസം തന്നെ ലഖ്നൗവില്‍ സംഭവിച്ചത്. വിഷയത്തില്‍ ഇതുവരെ പ്രതികരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനോ ഭരണനേതൃത്വമോ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് അമേഠിയിലെ സ്‌ട്രോങ് റൂമില്‍ നിന്നും ഇ.വി.എം കടത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യുന്നത്.