അന്ധേരി: വഴിയോര കച്ചവടക്കാരെ ക്രൂരമായി മര്‍ദ്ദിച്ച് അന്ധേരി വെസ്റ്റ് ബി.ജെ.പി എം.എല്‍.എ അമീത് സതാം. സംഭവത്തിന്റെ വീഡിയോ വൈറലയാതിന് പിന്നാലെ വലിയ ജനരോഷമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്.
തന്റെ മണ്ഡലത്തില്‍ വഴിയോര കച്ചവടക്കാര്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനം നടത്തുകയാണെന്നും അതിനെ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും പറഞ്ഞ് ഇദ്ദേഹം പൊലീസുകാരെ അസഭ്യം പറയുന്നതും വീഡിയോയില്‍ ഉണ്ട്.
സംഭവത്തില്‍ പിന്നാലെ എം.എല്‍.എല്‍ക്കെതിരെ കച്ചവടക്കാര്‍ പൊലീസില്‍ പരാതി നല്‍കി. തങ്ങളെ എം.എല്‍.എ അകാരണമായി മര്‍ദ്ദിച്ചെന്നും തങ്ങളുടെ പക്കലുണ്ടായിരുന്ന പണം അദ്ദേഹം അപഹരിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ആക്രികച്ചവടക്കാര്‍ തനിക്കെതിരെ നല്‍കിയത് വ്യാജപരാതിയാണെന്നാണ് എം.എല്‍.എയുടെ വാദം.
റോഡിന് അരികിലിരുന്ന് നിയമവിരുദ്ധമായി ഭക്ഷണം പാചകം ചെയ്തതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്. ഇതിനെതിരെ പൊലീസ് ഒരു നടപടിയും കൈക്കൊണ്ടില്ല. പൊലീസ് സ്റ്റേഷനില്‍ നിന്നും 100 മീറ്റര്‍ അകലത്തിലാണ് ഇത് നടക്കുന്നത്. മനീഷ് നഗറില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ഇവരുടെ വാഹനങ്ങളില്‍ നിന്നും ലീക്ക് ചെയ്തുകൊണ്ടിരുന്ന സിലിണ്ടര്‍ പിടിച്ചെടുക്കാന്‍ പൊലീസ് തയ്യാറായില്ല. നിരവധി വീടുകളും ഫ്‌ളാറ്റുകളും ഇവിടെയുണ്ട്. അതിന് സമീപമായി ഇത്തരം സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാല്‍ എന്താണ് സംഭവിക്കുക? അതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്. അമിത് സതാം പറയുന്നു. തന്റെ മണ്ഡലത്തില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതിന്റെ പ്രതികാരമാണ് തനിക്കെതിരായ പരാതിയെന്നും എം.എല്‍.എ പ്രതികരിച്ചു.
എന്നാല്‍ എം.എല്‍.എ തങ്ങളെ മര്‍ദ്ദിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് അദ്ദേഹത്തിന്റെ ആളുകളാണെന്ന് പറഞ്ഞ് ചിലര്‍ തങ്ങളെ സമീപിച്ചിരുന്നെന്നും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കച്ചവടക്കാര്‍ മൊഴി നല്‍കി.
അതേസമയം വീഡിയോയില്‍ കച്ചവടക്കാരെ മര്‍ദ്ദിക്കുന്നതും അവരെ അസഭ്യം പറയുന്നതും ഉണ്ടല്ലോയെന്ന ചോദ്യത്തിന് അത് തന്റെ വൈകാരിക പ്രകടനമായി മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു എം.എല്‍.എയുടെ മറുപടി. രണ്ട് ദിവസം മുന്‍പ് ജുഹുവിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തതില്‍ കരിഞ്ഞുകിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടിരുന്നു. അതില്‍ നിന്നുണ്ടായ വികാരത്തിന്റെ പുറത്താണ് അങ്ങനെ സംസാരിച്ചതെന്നായിരുന്നു എം.എല്‍.എയുടെ മറുപടി.
എം.എല്‍.എ അവരെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കച്ചവടക്കാര്‍ നല്‍കിയ പരാതിയില്‍ പറയുന്നതെന്നും അവരുടെ മൊഴി ഞങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അവരോട് മെഡിക്കല്‍ ചെക്കപ്പ് നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിച്ചതിന് ശേഷം എം.എല്‍.എക്കെതിരായ നടപടിയെ കുറിച്ച് ആലോചിക്കുമെന്നും ജുഹു പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗോസാല്‍ക്കര്‍ പറഞ്ഞു.