പൊന്നിയിന്‍ സെല്‍വനില്‍ തനിക്ക് വേണ്ടി അലൈകടല്‍ പാട്ട് ചെയ്തതിന് എ.ആര്‍. റഹ്മാന് നന്ദി പറയുന്ന നടി ഐശ്വര്യ ലക്ഷ്മിയുടെ വീഡിയോ ശ്രദ്ധ നേടുന്നു. ഒടുവില്‍ സ്റ്റേജില്‍ കയറിയ സമയത്തും റഹ്മാന് നന്ദി പറയാന്‍ വിട്ടുപോയെന്നും താങ്കളുടെ പാട്ട് വളരെ സ്‌പെഷ്യലാണെന്നും ഹൈദരബാദില്‍ വെച്ച് നടന്ന പരിപാടിയിലാണ് ഐശ്വര്യ പറഞ്ഞത്.
‘ഈ സിനിമയില്‍ മണി സാറിന്റെ പൂങ്കുഴലി ആവാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഞാന്‍ ചെറിയൊരു കഥ പറയാം. പക്ഷേ ഇത് ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംഭവിച്ച ഒരു കഥയാണ്.
എപ്പോള്‍ സ്‌റ്റേജില്‍ കയറിയാലും എനിക്ക് ഭയമാണ്. ഒന്നും ശരിക്ക് പറയാന്‍ സാധിക്കില്ല. ഈ സിനിമയില്‍ ഞാന്‍ നന്ദി പറയേണ്ട ഒരാളോട് ഒരിക്കലും നന്ദി പറയാന്‍ സാധിച്ചിട്ടില്ല. എ.ആര്‍. റഹ്മാന്‍ സാര്‍, അവസാനം സ്റ്റേജില്‍ കയറിയ സമയത്തും നിങ്ങളുടെ പേര് പറയാന്‍ വിട്ടുപോയി. അലൈകടലാഴം എനിക്ക് തന്നതിന് വളരെ നന്ദി.
എന്ത് അനുഗ്രഹം ലഭിച്ചതിനാലാണ് ഇപ്പോള്‍ ഈ സ്‌റ്റേജില്‍ നില്‍ക്കാന്‍ സധിക്കുന്നതെന്ന് എനിക്കറിയില്ല. എനിക്ക് സങ്കല്‍പിക്കാവുന്നതിനും അപ്പുറത്താണിത്.
ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചയ്യ ചയ്യ എന്ന പാട്ടിന് ഡാന്‍സ് കളിക്കാന്‍ കുട്ടികളെ തെരഞ്ഞെടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ എന്നെ തെരഞ്ഞെടുത്തില്ല. ഇന്ന് മണിരത്‌നം സിനിമയില്‍ എ.ആര്‍. റഹ്മാന്റെ മ്യൂസിക്കില്‍ എനിക്കൊരു പാട്ട് ഉണ്ടെന്ന് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.
അന്ന് എന്റെ ഒപ്പം മൂന്നാം ക്ലാസില്‍ പഠിച്ച എല്ലാ കൂട്ടുകാരോടും ഈ പാട്ട് കാണൂ എന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്. ഇത് എനിക്ക് വളരെയധികം സ്‌പെഷ്യലാണ്. റഹ്മാന്‍ സാറിന് നന്ദി,’ ഐശ്വര്യ പറഞ്ഞു.
പൊന്നിയില്‍ സെല്‍വനിലെ ഐശ്വര്യ ലക്ഷ്മിയുടെ പൂങ്കുഴലി എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. കുമാരിയാണ് ഒടുവില്‍ പുറത്തിറങ്ങിയ ഐശ്വര്യയുടെ ചിത്രം. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സ്വാസിക, തന്‍വി റാം, രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: video of actress Aishwarya Lakshmi thanking Rahman for making Alaikadal song for her in Ponniyin Selvan movie is gaining attention