രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; അമിത് മാളവ്യക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്
national news
രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; അമിത് മാളവ്യക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th June 2023, 12:42 pm

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതില്‍ ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയ്ക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്.

രാഹുല്‍ ഗാന്ധി അപകടകാരിയാണെന്നും വഞ്ചനാപരമായ കളികളാണ് കളിക്കുന്നതുമെന്ന ക്യാപ്ഷനോട് കൂടി ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനാണ് കേസ്.

രാഹുല്‍ ഗാന്ധിയുടെ മുഖമടക്കമുള്ള 3D അനിമേറ്റഡ് വീഡിയോ ആണ് മാളവ്യ പങ്കുവെച്ചത്. രാഹുല്‍ ഗാന്ധി ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഈ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

ഈ വീഡിയോക്കെതിരെ ബെംഗളൂരു സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രമേശ് ബാബു ബെംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഐ.ടി. നിയമങ്ങളുടെ ലംഘനമാണെന്നും അപകീര്‍ത്തികരമായ ഉള്ളടക്കങ്ങളാണിതിലുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

ഇതനുസരിച്ചാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 120 ബി, 505(രണ്ട്), 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

അതേസമയം എഫ്.ഐ.ആര്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി നേതാവ് തേജസ്വി സൂര്യ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ നിയമോപദേശം തേടിയ ശേഷമാണ് കേസെടുത്തതെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.

‘നിയമനടപടി നേരിടേണ്ടിവരുമ്പോഴെല്ലാം ബി.ജെ.പിക്കാര്‍ കരയുന്നു. രാജ്യത്തെ നിയമം അംഗീകരിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്.

മാളവ്യയ്‌ക്കെതിരായ കുറ്റപത്രത്തിലെ ഏതു ഭാഗത്താണ് ദുരുദ്ദേശ്യപരമായ ഉള്ളടക്കമുള്ളതെന്ന് ബി.ജെ.പിയോട് ഞാന്‍ ചോദിക്കുന്നു.

നിയമോപദേശം ലഭിച്ചതിന് ശേഷമാണ് ഞങ്ങള്‍ കേസ് കൊടുത്തിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

content highlights:Video mocking Rahul Gandhi circulated; Karnataka Police registered a case against Amit Malviya