ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ഹിന്ദുമതത്തിനെതിരെ മിമുകളും ട്രോളുകളും പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദീപക് ശര്‍മ്മ എന്നയാളാണ് തന്റെ മതത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദികുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഹിന്ദു മതത്തിന്റെ സ്വയം പ്രഖ്യാപിത സുരക്ഷാ ഭടനെന്ന നിലയില്‍ സോഷ്യല്‍ മീഡിയ പ്രശസ്തനായാ ആളാണ് ദീപക് ശര്‍മ്മ. ഇയാളുടെ പല പ്രസ്താവനകളും മുമ്പ് ട്രോളുകള്‍ക്ക് കാരണമായിരുന്നു. ഹിന്ദു മതത്തിനെതിരെയുള്ള പോസ്റ്റുകളോടും തമാശ കലര്‍ന്ന ട്രോളുകളോടു പോലും വളരെ രൂക്ഷമായി പ്രതികരിക്കുന്ന ഇയാളുടെ അസഭ്യ വര്‍ഷത്തോടെയുള്ള വീഡിയോകളും വൈറലായിട്ടുണ്ട്. എന്നാല്‍ ഇത്തവണ സകല അതിരുകളും ലംഘിക്കുന്നതാണ് ദീപകിന്റെ പ്രതികരണം.
മതത്തിനെതിരെ മിമുകളും ട്രോളുകളും തയ്യാറാക്കിയതിനാണ് താന്‍ യുവാവിനെ മര്‍ദ്ദിക്കുന്നതെന്ന് ദീപക് വീഡിയോയില്‍ പറയുന്നുമുണ്ട്. എന്നാല്‍ യുവാവിന്റെ മുഖത്ത് തുണിയിട്ടിട്ടുള്ളതിനാല്‍ ആരാണെന്നത് വ്യക്തമല്ല. എന്റെ ധര്‍മ്മത്തിനെതിരെ ശബ്ദിച്ചാല്‍ ഇതായിരിക്കും അവസ്ഥയെന്നും ഇയാള്‍ പറയുന്നുണ്ട്.
ഇന്റീരിയര്‍ ഡിസൈനറായി ജോലിച്ചെയ്യുന്നയാളാണ് ദീപക് ശര്‍മ്മെയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെക്കുലര്‍ ചിന്താഗതിയുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഇയാളുടെ വീഡിയോയും നേരത്തെ വൈറലായിരുന്നു. മതത്തിനെതിരെ നീങ്ങിയാല്‍ എല്ലാവരുടേയും ഗതി ഇതായിരിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകളും വൈറലാകാറുണ്ടെങ്കിലും ഇത്തരം ക്രൂരമായതൊന്ന് സോഷ്യല്‍ മീഡിയ യൂസേഴ്‌സിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനെതിരെ നിരവധി പേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്.
ദീപകിനെതിരെ നടപടിയെടുക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. ഹെല്‍മറ്റ് വെക്കാതെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതിന് സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായ ഡിഞ്ചക് പൂജയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുന്ന നാട്ടില്‍ ഇത്രയും വലിയ ക്രൂരതകാണിച്ചിട്ടും എന്തുകൊണ്ട് പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ചോദ്യം ഉയരുന്നത്.