| Sunday, 15th October 2023, 9:02 pm

ഹമാസിനെ പിന്തുണച്ച് വീഡിയോ ചെയ്തു; വിശ്വഹിന്ദു പരിഷത്തിന്റെ പരാതിയില്‍ മംഗളൂരുവില്‍ 58കാരന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: മംഗളൂരുവില്‍ ഹമാസിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചയാള്‍ അറസ്റ്റില്‍. സാക്കിര്‍ അലിയാസ് (58)നെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഹമാസിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ട് സാക്കിര്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

വീഡിയോ വൈറലായതോടെ സാക്കിറിന് തീവ്രവാദ ബന്ധമുണ്ടെന്നും ഇയാള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്നും ആരോപിച്ചാണ് മംഗളൂരു നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വിനായക് തൊറഗല്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹമാസിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച സാക്കിര്‍ വെള്ളിയാഴ്ച തന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ പങ്കുവെക്കുകയായിരുന്നു.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട വിശ്വഹിന്ദു പരിഷത്തിന്റെ കന്നഡ യൂണിറ്റ് മംഗളൂരു പൊലീസിന് പരാതി നല്‍കുകയായിരുന്നെന്നും ‘ഹമാസ് പോലൊരു ഭീകരസംഘടനയെ പിന്തുണയ്ക്കുന്ന വീഡിയോ രാജ്യസുരക്ഷയെ ബാധിച്ചേക്കും’ എന്നുമാണ് വിശ്വഹിന്ദു പരിഷത്ത് നല്‍കിയ പരാതിയില്‍ പറയുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മംഗളൂരു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സാക്കിറിനെ 15 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സാക്കിറിനെതിരെ നേരത്തെ മംഗളൂരു സ്‌റ്റേഷനില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Content Highlights: Video made in support of Hamas; A 58-year-old man was arrested in Mangalore on the complaint of Vishwa Hindu Parishad

We use cookies to give you the best possible experience. Learn more