| Thursday, 9th August 2018, 12:25 pm

'ജീവനില്‍ കൊതിയുള്ളതുകൊണ്ട് പേരുകള്‍ പറയുന്നില്ല' അര്‍ച്ചന പദ്മിനി

അന്ന കീർത്തി ജോർജ്

മലയാളസിനിമരംഗത്ത് നിന്നും നേരിടേണ്ടിവന്ന ചൂഷണങ്ങളെക്കുറിച്ച് നടിയും സംവിധായകയുമായ അര്‍ച്ചന പദ്മിനി ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന സ്ത്രീകള്‍ കേരളത്തിന്റെ കപടപുരോഗമനവാദത്തെയും സാദാചാരബോധത്തെയും തുറന്നുകാട്ടുകയാണ്. സാക്ഷരകേരളത്തിന്റെ ജീര്‍ണ്ണതക്കെതിരെ ഉറച്ചനിലപാടുകള്‍ക്കൊണ്ട് പോരാടുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ കരുത്തുപകരുകയാണ് നടിയും സംവിധായകയുമായ അര്‍ച്ചന പദ്മിനി. മലയാള സിനിമയിലെ തൊഴിലിടങ്ങള്‍ സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് തന്റെ അനുഭവത്തിലൂടെ അര്‍ച്ചന വെളിപ്പെടുത്തുന്നു. സൂപ്പര്‍താരങ്ങളും അവരുടെ കയ്യാളുകളും അരങ്ങുവാഴുന്ന സിനിമാലോകത്തിന് മാറ്റം അനിവാര്യമാണെന്ന് സമാന്തരസിനിമകളികളിലൂടെ മലയാളസിനിമയില്‍ തന്റേതായ ഇടം രേഖപ്പെടുത്തിയ അര്‍ച്ചന പദ്മിനി വ്യക്തമാക്കുന്നു.

കേരളത്തില്‍ നിരവധി സ്ത്രീകള്‍ തങ്ങള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഒരിക്കലുമുണ്ടാകില്ലെന്ന കരുതിയ ഇടങ്ങളില്‍ നിന്നാണ് പല ആക്രമണങ്ങളും ഉണ്ടായിട്ടുളളത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് തനിക്ക് നേരെയുണ്ടായ അതിക്രമത്തെ തന്റേടത്തോടെ നേരിട്ട വ്യക്തി എന്ന നിലയില്‍ ഈ തുറന്നുപറച്ചിലുകളെ എങ്ങിനെ കാണുന്നു ?

ഞാനൊരു വലിയ തന്റേടം കാണിച്ചെന്ന് കരുതുന്നില്ല. കാരണം ഡബ്ല്യു.സി.സി പോലുള്ള സംഘടനയും ഇപ്പോള്‍ തുറന്നുപറയുന്ന സ്ത്രീകളും പകര്‍ന്നുതന്ന ഊര്‍ജത്തില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. ഏകദേശം ഒരു വര്‍ഷം മുന്‍പ് ഉണ്ടായ അനുഭവത്തെക്കുറിച്ച്, പല ഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷമാണ് ഞാന്‍ സംസാരിക്കാന്‍ തയ്യാറാകുന്നത്. ഇവരുടെ തുറന്നുപറച്ചിലുകളിലൂടെ രൂപപ്പെട്ട അന്തരീക്ഷത്തില്‍ നിന്നുകൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്.

തുറന്നുപറച്ചില്‍ എളുപ്പമുള്ള ഒരു കാര്യമല്ല. അങ്ങിനെയായിരുന്നെങ്കില്‍ നമ്മള്‍ അതിനെക്കുറിച്ച് ഇത്രത്തോളം സംസാരിക്കില്ലായിരുന്നു. വളരെ കോപ്ലിക്കേറ്റഡ് ആയ വിഷയമാണത്. ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, ഇത്തരത്തില്‍ ഒരു പ്രശ്‌നം തുറന്നുപറയാന്‍ പെണ്‍കുട്ടികള്‍ക്ക് ഉള്‍ക്കരുത്ത് പകരുന്ന സാമൂഹികാന്തരീക്ഷം കേരളത്തിലില്ല.

“പ്രബുദ്ധകേരളം””പുരോഗമനകേരളം” എന്നുള്ള പ്രയോഗങ്ങളെല്ലാം വെറുതെയാണെന്നും അടിസ്ഥാനപരമായ ബോധ്യങ്ങള്‍പ്പോലും ഇല്ലാത്ത നാടാണിതെന്നും ബോധ്യപ്പെടുത്തുകയാണ് എന്റെ അനുഭവമടക്കമുള്ള എല്ലാ തുറന്നുപറച്ചിലുകളും.

ഒരു വര്‍ഷം മുന്‍പാണ് അര്‍ച്ചനക്ക് ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് ഒരു ദുരമുഭവമുണ്ടാകുന്നത്. അന്നുണ്ടായ അനുഭവത്തെ തുറന്നുപറഞ്ഞുകൊണ്ട് നേരിടാനൊരുങ്ങിയപ്പോള്‍ സിനിമയും ബന്ധപ്പെട്ട മേഖലകളും സമൂഹവുമൊക്കെ എങ്ങിനെയാണ് പ്രതികരിച്ചത് ?

ഞാന്‍ ഈ പ്രശ്‌നം സിനിമയുടെ സംവിധായകനോടാണ് ആദ്യം പറയുന്നത്. സംവിധായകനും തിരക്കഥാകൃത്തും അസോസിയേറ്റ് ഡയറക്ടറും അവിടെയുണ്ടായിരുന്നു. തിരക്കഥാകൃത്തും അസോസിയേറ്റ് ഡയറക്ടറും അവരുടെ വര്‍ക്ക് സ്‌പേസില്‍ വെച്ച് സംഭവിച്ചതില്‍ എന്നോട് മാപ്പ പറഞ്ഞു. സംവിധായകന്‍ അന്നും ഇന്നും എന്നോട് സംസാരിച്ചിട്ടില്ല. ഇത് തന്റെ സിനിമയല്ലെന്നും എവിടെ എപ്പോള്‍ ഷൂട്ട് ചെയ്യണമെന്നല്ലാതെ മറ്റു വിഷയങ്ങളില്‍ തനിക്ക് ഒന്നും തന്നെ ചെയ്യാനാകില്ലെന്നും പിന്നീട് ഒരിക്കല്‍ ഇദ്ദേഹം പറഞ്ഞിട്ടു.

അന്ന് സെറ്റില്‍വെച്ചു തന്നെ് എന്നോട് മോശമായി പെരുമാറിയ പ്രൊഡക്ഷന്‍ മാനേജര്‍ കുറ്റം സമ്മതിക്കുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരുപക്ഷെ അയാളുടെ അഭിനയമായിരിക്കാം. അന്ന് അവിടെവെച്ചു തന്നെ എല്ലാം തെളിയിക്കപ്പെട്ടതാണ. സ്വാഭാവികമായും ഇത്തരത്തില്‍ പെരുമാറുകയും അത് തെളിയിക്കപ്പെടുകയും ചെയ്തയാളെ ആ സിനിമയില്‍ നിന്നും പിരിച്ചുവിടുമെന്ന് ഞാന്‍ കരുതി. പക്ഷെ അതുണ്ടായില്ല.

ഇതിനിടയില്‍ ആ സിനിമയിലെ നായകനായ സൂപ്പര്‍താരത്തിന്റെ സുഹൃത്തും ഫെഫ്ക ഭാരവാഹിയുമായ വ്യക്തി എന്നോട് സംസാരിക്കുന്നുണ്ടായിരുന്നു.നടനും സംവിധായകനുമായ അദ്ദേഹം ഫെഫ്ക ഭാരവാഹിയാണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം എന്റെ പക്ഷത്താണെന്നാണ് ഞാന്‍ കരുതിയത്. എനിക്ക് കൂടി അനുഭാവമുള്ള രാഷ്ട്രീയപാര്‍ട്ടിയില്‍ അംഗം കൂടിയായതുകൊണ്ടും അദ്ദേഹത്തിന്റെ സംസാരരീതി അത്തരത്തിലുള്ളതായതുകൊണ്ടുമായിരിക്കാം എനിക്ക് അങ്ങനെ തോന്നിയത്. പക്ഷെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സിനിമ പ്രശ്‌നങ്ങള്‍ക്കൂടാതെ നടന്നുപോകാന്‍ മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്ന് പിന്നീട് മനസ്സിലായി. ഒരിക്കലും ഫെഫ്കയില്‍ പരാതിയുമായി ചെല്ലരുതെന്നായിരുന്നു പറഞ്ഞത്.

ഒരുതരത്തിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരാതിയായി പോലും പുറത്തുവരരുതെന്നാണ് ഇവരെല്ലാം ആഗ്രഹിക്കുന്നത്. സിനിമയിലെ അണിയറപ്രവര്‍ത്തകരെയും സൂപ്പര്‍സ്റ്റാറിനെയുമൊക്കെ സംബന്ധിച്ച് അവരുടെ ഇമേജിന് പ്രശ്‌നം സംഭവിക്കരുത്, സിനിമ തടസ്സമില്ലാതെ ഇറങ്ങണം എന്നെല്ലാമായിരിക്കുമല്ലോ ആഗ്രഹം. മറ്റൊരു കാര്യം അവരെ സംബന്ധിച്ചിടത്തോളം വയലന്‍സ് സ്വാഭാവികമാണ്. വൈകാതെ റേപ്പും സ്വാഭാവികമാണെന്ന് പറഞ്ഞേക്കാം. എനിക്ക് നേരിട്ട അനുഭവം അബ്യൂസാണെന്ന് പോലും അവര്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. സുഹൃത്തും സഹ്പ്രവര്‍ത്തകയുമായ നടിക്കുനേരെ ആക്രമണമുണ്ടായതും ഏകദേശം ആ സമയത്തായിരുന്നു.

ഞാന്‍ ഇപ്പോള്‍ കുറ്റമാരോപിച്ച വ്യക്തി ഫെഫ്കയിലെ അംഗമായതുകൊണ്ട് ഞാന്‍ ഫെഫ്കയിലാണ് പരാതിയുമായെത്തിയത്. മെയിലയച്ചെങ്കിലും മറുപടി കിട്ടിയില്ല. പിന്നീട് പലതവണ വിളിച്ച ശേഷമാണ് ഫെഫ്ക ഭാരവാഹികള്‍ പരാതി കേള്‍ക്കാന്‍ തയ്യാറായത്. മീറ്റങ്ങില്‍വെച്ച് ബി. ഉണ്ണികൃഷ്ണനോട് കാര്യങ്ങള്‍ വിശദമാക്കിയിരുന്നു. അന്ന് എനിക്ക് കിട്ടിയ മറുപടി ആ പ്രൊഡക്ഷന്‍ മാനേജര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അന്വേഷണവിധേയമായി ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു. പക്ഷെ ആറ് മാസവും അതിനുശേഷവും ഈ അന്വേഷണത്തിനും നടപടിക്കും എന്ത് സംഭവിച്ചെന്ന് യാതൊരു അറിവില്ല. പിന്നീട് ഞാന്‍ അയച്ച മെയിലുകള്‍ അവര്‍ കണ്ടിട്ടുപോലുമുണ്ടാകില്ല.

ഫെഫ്കയിലേക്ക് പോകുന്നതിനുമുന്‍പ് തന്നെ ചിലര്‍ പണം വേണമോയെന്ന് ചോദിച്ച് വിളിക്കുന്നുണ്ടായിരുന്നു. പണത്തിനുവേണ്ടിയാണ് ഞാനിത് ചെയ്യുന്നതെന്നാണ് അവരുടെ വിചാരം. ഞാന്‍ ചെയ്ത ജോലിക്കുള്ള തുക മാത്രം നല്‍കിയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. തുച്ഛമായ തുക നല്‍കി. ഒരു വര്‍ഷം കഴിഞ്ഞിട്ടും ആ സിനിമയില്‍ എന്റെ അതേ പൊസിഷനില്‍ ജോലി ചെയ്ത പലര്‍ക്കും ശമ്പളം കിട്ടിയിട്ടില്ലെന്ന് എനിക്ക് അറിയാം.

പക്ഷെ ഇത്രയും വയലന്റായി പെരുമാറുന്ന ഒരാളെ ഇന്‍ഡസ്ട്രിയില്‍ നിറുത്തരുതെന്നാണ് എന്റെ ആവശ്യം എന്ന് ഞാന്‍ കൃത്യമായി അന്ന് പറഞ്ഞിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോടുള്ള അയാളുടെ പെരുമാറ്റം അത്രമാത്രം ക്രൂരമാണ്. ഇന്നും ഇയാള്‍ പല ബിഗ്ബജറ്റ് ചിത്രങ്ങളുടെയും ഭാഗമായി സജീവമായി സിനിമയിലുണ്ട്.

പ്രൊഡക്ഷന്‍ മാനേജരുടെ ഭാഗത്ത് നിന്നും പിന്നീട് എന്തെങ്കിലും ഭീഷണിയോ പ്രതികാരനടപടിയോ ഉണ്ടായിട്ടുണ്ടോ?

ഞാന്‍ ഈ സൂപ്പര്‍താരത്തിന്റെ ആളാണ്. നിന്നെ കൊന്നിട്ടാല്‍പ്പോലും ആരും അറിയില്ലെന്നായിരുന്നു അയാള്‍ എന്നോട് പറഞ്ഞത്. സൂപ്പര്‍താരത്തിന്റെ ആളായി പ്രൊ#ക്ഷനില്‍ ജോലി ചെയ്യുന്ന ഒരാളുടെ ആത്മവിശ്വാസമാണത്. എന്നോട് അതിക്രമം കാണിച്ചാലും കൊന്നാലും അയാള്‍ക്കത് ഒരു പ്രശ്‌നമാകില്ല എന്ന് അയാള്‍ പറയുന്നത് ഇവരെല്ലാവരും ചേര്‍ന്ന് ഇയാളെ സംരക്ഷിക്കുമെന്നല്ലേ സൂചിപ്പിക്കുന്നത്.

മലയാളസിനിമയില്‍ നിലനില്‍ക്കുന്ന താരപദവികളും താരമൂല്യവുമെല്ലാം അതിക്രമങ്ങള്‍ക്ക് വളംവെച്ചുകൊടുക്കുകയാണോ ചെയ്യുന്നത് ?

അതില്‍ സംശയമൊന്നുമില്ല. സൂപ്പര്‍താരങ്ങളും അവരുടെ ബിനാമികളും ചേര്‍ന്നാണ് സിനിമയുടെ സാമ്പത്തികരംഗം നിയന്ത്രിക്കുന്നത്. മുഴുവന്‍ പണവും കുറച്ചുപേര്‍ ചേര്‍ന്ന് നിയന്ത്രിക്കുകയാണ്. ഇതുണ്ടാക്കുന്ന പവറും പ്രിവില്ലേജും താരപ്രഭയും ചേര്‍ന്നാണ് ചൂഷണത്തിനുള്ള അന്തരീക്ഷം ഉണ്ടാക്കുന്നത്. കച്ചവട സിനിമകളില്‍ സൂപ്പര്‍താരത്തിന് കോടികളും പുതുമുഖങ്ങള്‍ക്ക് പണം കിട്ടുമോയെന്ന ഉറപ്പുപോലുമില്ലാത്ത അവസ്ഥയുമുണ്ടാകുന്നത് ഇതിന്റെ ഉദാഹരണമാണ്.

ഇത്തരക്കാരില്‍ നിന്നും സിനിമയെ പുറത്തുകൊണ്ടുവരണം. ഡിജിറ്റല്‍ യുഗത്തില്‍ എല്ലാവര്‍ക്കും അവനവന്റെ സിനിമകള്‍ നിര്‍മ്മിക്കാന്‍ കഴിയും. WCCയില്‍ തന്നെ നിരവധി സംവിധായകരുണ്ട്. Let”s make films . അതാണ് ഇതിനൊക്കെയുള്ള മറുപടിയും അതിജീവനവുമെന്നും ഞാന്‍ കരുതുന്നു. ഒരു പ്രൊഡക്ഷന്‍ മാനേജരുടെ പിന്നാലെ പോയി കളയാന്‍ എനിക്ക് സമയമില്ല. എനിക്ക് ചെയ്യാനുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത്.

സിനിമരംഗത്തെ ചൂഷണങ്ങള്‍ തുറന്നുകാണിക്കുന്നവരെ അവസരങ്ങള്‍ ഇല്ലാതാക്കി ഒതുക്കികളയുകയാണ് പലപ്പോളും ചെയ്യാറാള്ളുന്നതെന്ന് ചിലര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. എത്രമാത്രം പ്രബലമാണ് മലയാളസിനിമയില്‍ ഇത്തരം പ്രതികാരനടപടികള്‍ ?

നാട്ടുരാജാക്കന്‍മാരുടെ സിനിമകളില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ടുതന്നെ സൂപ്പര്‍താരത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്ന വ്യഥയൊന്നുമെനിക്കില്ല.

ഒരുപാട് അവസരങ്ങള്‍ ലഭിച്ച ആളൊന്നുമല്ല ഞാന്‍. സാമന്തരസിനിമകളുടെ ഭാഗമായി നില്‍ക്കുന്ന വ്യക്തിയാണ്. മലയാളസിനിമകളില്‍ സജീവമായി നില്‍ക്കുന്നവര്‍ക്കായിരിക്കും ഒരുപക്ഷെ ഇതിനെപ്പറ്റി കൂടുതല്‍ അറിയുക.

പ്രൊഡക്ഷന്‍ മാനേജര്‍ എനിക്ക് ഇനി അവസരങ്ങളൊന്നും നല്‍കരുതെന്ന് പറഞ്ഞുകൊണ്ട് ഫോട്ടോയും കുറിപ്പും സഹിതം പ്രചരിപ്പിച്ചതായി അറിയാം. ലൈവ് സൗണ്ട് റെക്കോര്‍ഡിസ്റ്റായ എന്റെ സുഹൃത്തിനുപോലും ഈ പ്രൊഡക്ഷന്‍ മാനേജര്‍ അവസരം നഷ്ടപ്പെടുത്തിയിട്ടുണ്ട്.

എ.എം.എം.എയില്‍ ഒരിക്കലും ചേരുകയില്ലെന്ന് പ്രഖ്യാപിച്ച ഡബ്ല്യു.സി.സിയിലെ അംഗങ്ങളായ ഞങ്ങള്‍ കുറച്ചുപേര്‍ക്കെതിരെയും ഇത്തരത്തിലുള്ള പ്രചരണം നടന്നിട്ടുണ്ട്. ഈയിടെ വളരെ സുഗമമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പെട്ടെന്ന് ഒരു ദിവസം യാതൊരു കാരണവും കൂടാതെ എന്നെ ഒഴിവാക്കിയിരുന്നു.

ലോകം മുഴുവന്‍ ചര്‍ച്ചയായ #Metoo ക്യാംപെയ്‌നില്‍ ഉയര്‍ന്നുവന്ന പ്രധാനവിഷയങ്ങളിലൊന്ന് അക്രമിയുടെ പേര്കൂടി തുറന്നുപറയണം എന്നതായിരുന്നു. ഇന്ന് കേരളത്തില്‍ ചര്‍ച്ചയാകുന്ന തുറന്നുപറച്ചിലുകളിലും അക്രമിയുടെ പേര് എടുത്ത് പറയുന്നുണ്ട്. ഇതിനെ എങ്ങിനെയാണ് കാണുന്നത് ?

പേര് പറയണം എന്ന് തന്നെ ഞാന്‍ കരുതുന്നു. പക്ഷെ ഞാന്‍ പറയാത്തതിന് കാരണം ഇത് ആ ഒരു സൂപ്പര്‍സ്റ്റാറിലേക്കോ വ്യക്തിയിലേക്കോ ആയി ചുരുങ്ങിപ്പോകുകയല്ലാതെ സിനിമയുടെ തൊഴിലിടങ്ങളില്‍ പ്രത്യേകിച്ച് മാറ്റമൊന്നും വരില്ലെന്ന് അറിയാവുന്നതുകൊണ്ടാണ്.

മറ്റൊരു പ്രധാനകാരണം എനിക്ക് ജീവനില്‍ കൊതിയുണ്ട് എന്നതു തന്നെയാണ്. വളരെ പ്രിവില്ലെജ്ഡ് ആയ ഒരു നടിയോട് ഇത്തരത്തില്‍ പെരുമാറിയവരാണ്. എനിക്ക് തീര്‍ച്ചയായും പേടിയുണ്ട്. എന്റെ നിലനില്‍പ് പ്രധാനപ്പെട്ടത് തന്നെയാണ്. എനിക്ക് ഇവരുടെ പേര് പറയുന്നതില്‍ ഒരു പ്രശ്‌നവുമില്ല. പക്ഷെ പേടിയില്ലാതെ പേര് പറയാന്‍ കഴിയുന്ന അന്തരീക്ഷം ആദ്യമുണ്ടാകണം.

കൂട്ടായ്മ എന്ന രീതിയിലാണ് ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനമെന്നാണല്ലോ പറയുന്നത്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന എങ്ങിനെയുള്ള ഇടപെടലുകളാണ് സിനിമാമേഖലയില്‍ ലക്ഷ്യംവെക്കുന്നത് ?

കൂട്ടായ്മ ഉദ്ദേശിക്കുന്നത് അതിനകത്തുള്ള ഇടത്തെ ഉദ്ദേശിച്ചാണ്. രജിസ്റ്റര്‍ ചെയ്ത സംഘടന തന്നെയാണ് ഡബ്ല്യു.സി.സി. എന്റെ പ്രശ്‌നത്തില്‍ ഇവര്‍ ഒപ്പം നിന്ന രീതിയില്‍ വിശ്വാസം തോന്നിയതുകൊണ്ടാണ് ഞാന്‍ ഡബ്ല്യു.സി.സിയിലേക്ക് കടന്നുചെല്ലുന്നത്. ബഹളങ്ങളുണ്ടാക്കാതെ കാര്യക്ഷമമായ ഇടപെടലുകളാണ് ഞങ്ങള്‍ ലക്ഷ്യംവെക്കുന്നത്. നിയമപരമായ ഇടപെടലുകള്‍ നടക്കുന്ന സമ്മേളനങ്ങളിലും മറ്റു ചര്‍ച്ചകളിലും കൃത്യമായ ഇടപെടലുകള്‍ ഡബ്ല്യു.സി.സി നടത്തുന്നുണ്ട്.

മനുഷ്യത്വപരമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കപ്പെടണം എന്ന ബോധ്യമുള്ളവരാണ് ഡബ്ല്യു.സി.സി രൂപീകരിക്കുന്നത്. സിനിമമേഖലയില്‍ ഇപ്പോഴും അത്തരം കാഴ്ചപ്പാടുകളില്ലാത്ത നിരവധിയാളുകളുണ്ട്. ഇതില്‍ ഡബ്ല്യു.സി.സിയുടെ കാഴ്ചപ്പാടെന്താണ് ?

പുരുഷാധിപത്യസമൂഹത്തില്‍ വളര്‍ന്ന് അത്തരം സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചു വന്നവരാണ് എല്ലാവരും. ആരെയും കുറ്റപ്പെടുത്താനാകില്ല. കാഴ്ചപ്പാടുകള്‍ മാറാന്‍ ഒരുപാട് സമയം എടുക്കും. പ്രിവില്ലിജ്ഡ് പൊസിഷനിലിരുന്നുകൊണ്ട് ക്ലാസ് നടത്തി അവബോധം സൃഷ്ടിക്കാനല്ല ഞങ്ങള്‍ കരുതുന്നത്. ഇവിടെ പ്രശ്‌നങ്ങളില്ലെ എന്ന ഡയലോഗ് ആണ് നടക്കേണ്ടതും നടത്താനുദ്ദേശിക്കുന്നതും.

സ്ത്രീകള്‍ക്കായിരിക്കും ഈ മാറ്റം സൃഷ്ടിക്കാന്‍ കഴിയുകയെന്ന് ഞാന്‍ കരുതുന്നു. കാരണം അവര്‍ക്കാണ് അടിയേറ്റത്. അവര്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. അടിച്ചവര്‍ക്ക് ഇത് മനസ്സിലാകണമെന്നില്ല.

പുരോഗമനപരമായ കാഴ്ചപ്പാടുകളുള്ള മറ്റു സംഘടനകള്‍ രൂപപ്പെട്ട് വരുന്നതിനുള്ള എന്തെങ്കിലും നീക്കങ്ങള്‍ നടക്കുന്നുണ്ടോ?

എന്റെ അറിവിലില്ല. വ്യത്യസ്ത സംഘടനകള്‍ നിലവില്‍ വരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. അഭിനേതാക്കള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കുമെല്ലാം വ്യത്യസ്തങ്ങളായ സംഘടനകളുണ്ടാകണം. ഒരു സംഘടനയില്‍ മാത്രമായി എല്ലാം ഒതുങ്ങേണ്ട ആവശ്യമില്ല. സംഘടനകള്‍ക്കെല്ലാം പുറത്തുനില്‍ക്കുന്നവര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകണം. സിനിമ കച്ചവടം മാത്രമല്ലല്ലോ കലയും കൂടിയാണല്ലോ.

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.