ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കി വരുന്ന മനുഷ്യത്വവിരുദ്ധമായ നീക്കങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ വ്യാപകമാവുകയാണ്. പ്രഫുല്‍ കെ. പട്ടേല്‍ എന്ന പുതിയ അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപില്‍ നടപ്പാക്കിയതും നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതുമായ പുതിയ പരിഷ്‌കരണങ്ങളെല്ലാം തന്നെ ആ നാടിനെ അടിമുടി തകര്‍ക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള ഹിന്ദുത്വ പദ്ധതികളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിനെ ഘട്ടം ഘട്ടമായി തകര്‍ത്തതുപോലെ, മുസ്ലിങ്ങള്‍ മാത്രം ജീവിക്കുന്ന ലക്ഷദ്വീപിനെയും ഇല്ലാതാക്കുക എന്ന സംഘപരിവാര്‍ തന്ത്രങ്ങള്‍ തന്നെയാണത്.
മോദിയുടെ എക്കാലത്തെയും പ്രിയപ്പെട്ടവനും വിശ്വസ്തനുമായ പ്രഫുല്‍ പട്ടേലിന്റെ ചരിത്രം കൂടി പരിശോധിച്ചാല്‍ ലക്ഷദ്വീപില്‍ ഇന്ന് നടപ്പാക്കപ്പെടുന്നത് ഒരു അഡ്മിനിസ്ട്രേറ്ററുടെ കേവല പരിഷ്‌കാരങ്ങളല്ല മറിച്ച് രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി ഭരണകൂടത്തിന്റെ തന്ത്രങ്ങള്‍ തന്നെയാണ് എന്ന് നമുക്ക് ബോധ്യമാകും.
ആരാണ് പ്രഫുല്‍ പട്ടേല്‍
നരേന്ദ്രമോദി തന്റെ ഗുരുസ്ഥാനത്ത് കണ്ടിരുന്ന ഗുജറാത്തിലെ മുന്‍കാല ആര്‍.എസ്.എസ് നേതാവ് രഞ്ജോദ്ഭായി പട്ടേലിന്റെ മകനാണ് പ്രഫുല്‍ പട്ടേല്‍. എഞ്ചിനിയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷം റോഡ് കോണ്‍ട്രാക്ടറായി ജീവിതം ആരംഭിച്ച പ്രഫുല്‍ പട്ടേല്‍ രാഷ്ട്രീയത്തിലേക്ക് കളംമാറ്റി ചവിട്ടിയതും പിന്നീട് ഉയര്‍ച്ചകളിലേക്കെത്തിയതും അഴിമതി, അക്രമം, കലാപാസൂത്രണങ്ങള്‍ തുടങ്ങി ഗുജറാത്ത് രാഷ്ട്രീയത്തില്‍ മോദിയും അമിത്ഷായും പയറ്റിയ അതേ തന്ത്രവഴികളിലൂടെ തന്നെയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
അക്ഷരാര്‍ത്ഥത്തില്‍ മോദിയുടെയും അമിത്ഷായുടെയും പിന്‍ഗാമിയാണ് പ്രഫുല്‍ പട്ടേല്‍. 2007 ല്‍ ഗുജറാത്തിലെ ഹിമാത് നഗറില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പട്ടേലിനെ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി മന്ത്രിപദം നല്‍കി കൂടെ നിര്‍ത്തുകയായിരുന്നു.
2010 ല്‍ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരിക്കെ സൊഹ്റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെടുകയും ശേഷം മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വരികയും ചെയ്തപ്പോള്‍ പകരം ഗുജറാത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രിയായി നരേന്ദ്രമോദി നിയോഗിച്ച ആളാണ് പ്രഫുല്‍ പട്ടേല്‍.
2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ പ്രഫുല്‍ പട്ടേല്‍ അല്‍പ കാലം സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിന്നെങ്കിലും 2014 ല്‍ നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായതോടെ തന്റെ വിശ്വസ്തനെ വീണ്ടും സുപ്രധാന ചുമതലകളില്‍ നിയോഗിക്കുകയായിരുന്നു.
അങ്ങനെയാണ് അതുവരെയുണ്ടായിരുന്ന കീഴ്വഴക്കങ്ങളെല്ലാം കാറ്റില്‍ പറത്തി പട്ടേലിനെ ആദ്യം ദാമന്‍-ദിയുവിന്റെ അഡ്മിനിസ്ട്രറ്റര്‍ പദവിയില്‍ പ്രതിഷ്ഠിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍മാരായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍മാര്‍ മാത്രം നിയോഗിക്കപ്പെട്ടിരുന്ന രാജ്യത്താണ് സര്‍വ മാനദണ്ഡങ്ങളെയും ലംഘിച്ച് മോദി തന്റെ വിശ്വസ്തനായ രാഷ്ട്രീയക്കാരനെ ദാമന്‍ ദിയുവിന്റെ അഡ്മനിസ്ട്രേറ്റര്‍ പദിവിയില്‍ നിയോഗിക്കുന്നത്. വൈകാതെ ദാദ്ര-നഗര്‍ ഹവേലിയുടെ ചാര്‍ജ് കൂടി നല്‍കി. ഒടുവില്‍ 2020 ഡിസംബറില്‍ ലക്ഷദ്വീപിന്റെ ചുതലയും.
ദാമന്‍-ദിയുവില്‍ വികസനത്തിന്റെ പേരില്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായി തദ്ദേശീയരായ ആദിവാസി വിഭാഗത്തില്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളടക്കമുള്ളവരുടെ വീടുകളടക്കം പൊളിച്ചുനിരത്തപ്പെട്ടിട്ടുണ്ട്. അനേകം ദരിദ്രകുടുംബങ്ങള്‍ അങ്ങനെ പെരുവഴിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ അവയെ അടിച്ചമര്‍ത്തുകയും ചെയ്തു. സ്‌കൂളുകളെ ജയിലുകളാക്കി മാറ്റിയാണ് അന്ന് സമരം ചെയ്ത ആദിവാസികളെ ദാമന്‍ ദിയു ഭരണകൂടം തടവിലിട്ടത്.
ദാദ്ര-നഗര്‍ ഹവേലി എം.പി.യും ആദിവാസി അവകാശ പ്രവര്‍ത്തകനുമായിരുന്ന മോഹന്‍ ദെല്‍ക്കര്‍ അഡ്മിനിസ്ട്രേഷന്റെ ഭീഷണികളെയും സമ്മര്‍ദങ്ങളെയും തുടര്‍ന്ന് 2021 ഫെബ്രുവരി 22 ന് മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ച് ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് കാരണക്കാരായി എഴുതിവെച്ചത് അവിടുത്തെ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന പ്രഫുല്‍ പട്ടേലിന്റെയും സംഘത്തിന്റെയും പേരായിരുന്നു.
2019 ല്‍ ദാദ്ര-നഗര്‍ ഹവേലി കലക്ടറായിരുന്ന മലയാളിയായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചതിന്റെ പിറകിലും മുഖ്യ കാരണക്കാരന്‍ സംഘപരിവാര്‍ ഏജന്റായി മാത്രം ഭരണനിര്‍വഹണം നടത്തിയ അഡ്മിനിസ്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ആയിരുന്നു.
ഇത്തരത്തില്‍ നിരവധി വിവാദങ്ങളില്‍ നേരത്തെ തന്നെ ഇടം പിടിച്ചിരുന്ന പ്രഫുല്‍ പട്ടേല്‍ ആദ്യമായി ലക്ഷദ്വീപിലെത്തിയത് പോലും ദ്വീപ് ജനത അന്നോളം കാത്തുസൂക്ഷിച്ചിരുന്ന കൊവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു. ഒരു വര്‍ഷത്തോളം ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥിതിയില്‍ ലക്ഷദ്വീപിന് നിലനില്‍ക്കാനായത് ഈ നിയന്ത്രണങ്ങള്‍ പാലിച്ചത് കൊണ്ടായിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പുതിയ അഡ്മിനിസ്ട്രേറ്ററും സംഘവും ദ്വീപിലെത്തിയതിന് ശേഷമാണ് ലക്ഷദ്വീപിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും പിന്നീട് മരണങ്ങള്‍ വരെ സംഭവിച്ചതും.
ലക്ഷദ്വീപ് ജനത പൗരത്വ സമരകാലത്ത് സ്ഥാപിച്ച മോദിക്കെതിരായ ബോര്‍ഡുകള്‍ കൂടി കണ്ടതോടെ പ്രഫുല്‍ പട്ടേലിലെ സംഘപരിവാര്‍ നേതാവ് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു. ആദ്യം ബോര്‍ഡ് സ്ഥാപിച്ചവരെ അറസ്റ്റ് ചെയ്തു. ഓരോരോ നീക്കങ്ങളിലൂടെ ലക്ഷദ്വീപിന്റെ സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്.
യാതൊരുവിധ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇന്ത്യയിലെ ഏക പ്രദേശമെന്ന് വിളിക്കാന്‍ സാധിക്കുന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കാനുള്ള ശ്രമങ്ങളാരംഭിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭക്ഷ്യ മെനുവില്‍ നിന്ന് മാസംഹാരം ഒഴിവാക്കി, ദ്വീപുകളില്‍ ഗോവധ നിരോധന നിയമം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടത്തി, ദ്വീപുകാര്‍ കേരളത്തെ ആശ്രയിക്കുന്നത് ഒഴിവാക്കി അവരുടെ ആശ്രയകേന്ദ്രം മംഗലാപുരമാക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തി. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ പാടില്ല എന്ന നിയമം കൊണ്ടുവന്നു.
തീര്‍ന്നില്ല, ദ്വീപിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന തദ്ദേശീയരായ നൂറുകണക്കിന് താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. അംഗനവാടികള്‍ അടച്ചുപൂട്ടി. മത്സ്യത്തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നാരോപിച്ച് പൊളിച്ചുമാറ്റി.
അപൂര്‍വം വാഹനങ്ങള്‍ മാത്രമുള്ള യാതൊരു ഗതാഗതപ്രശ്നവുമില്ലാത്ത ദ്വീപില്‍ നിരവധി വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുന്ന രീതിയില്‍ 7 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനുള്ള നീക്കങ്ങളുമാരംഭിച്ചു. ദ്വീപിലെ ജനവാസത്തെ ദുസ്സഹമാക്കുന്ന രീതിയിലുള്ള വലിയ ടൂറിസം വികസന പദ്ധതികളും നടപ്പാക്കാനാരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയത് ദ്വീപ് ജനതയുടെ സാമൂഹിക ജീവിതത്തെ അടിമുടി തകര്‍ക്കുന്ന അനേകം പദ്ധതികള്‍.
അറബിക്കടലിലെ പവിഴ ദ്വീപുകളില്‍ കൃഷി ചെയ്തും മീന്‍പിടിച്ചും ജീവിക്കുന്ന സാധാരണക്കാരായ പാവം കുറേ മനുഷ്യര്‍. മുസ്ലിങ്ങളായതിന്റെ പേരില്‍ ഒരു ജനത ഇന്ന് നിലനില്‍പ്പിന്റെ ഭീഷണി നേരിടുകയാണ്. നൂറ്റാണ്ടുകളുടെ ചരിത്രവും പൈതൃകവുമുള്ള ഒരു നാടിനെയും സമാധാനം നിറഞ്ഞ അവിടുത്തെ സാമൂഹികാന്തരീക്ഷത്തെയുമാണ് മോദിയുടെ ഉറ്റതോഴന്‍ തകര്‍ത്തുതരിപ്പണമാക്കിക്കൊണ്ടിരിക്കുന്നത്.