|

കുംഭമേളക്കിടയില്‍ തുറന്ന മലമൂത്ര വിസര്‍ജനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇൻഫ്ലുവൻസര്‍; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രയാഗ്‌രാജ്: മഹാ കുംഭമേളക്കിടയില്‍ തുറന്ന മലമൂത്ര വിസര്‍ജനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ നിധി ചൗധരി. ത്രിവേണി സംഗമത്തിന്റെ തീരത്തുള്ള മലിനീകരണമാണ് നിധി ചൗധരി പകര്‍ത്തിയത്.

നദീതീരത്ത് ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, അഴുകിയ പൂക്കള്‍, മാലകള്‍ എന്നിവയും വീഡിയോയില്‍ കാണാം. പുണ്യസ്‌നാനത്തിന് ശേഷമാണ് നിധി ചൗധരി മേഖലയിലെ മലിനീകരണത്തിന്റെ ദൃശ്യങ്ങള്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. വൈകാരികമായി പ്രതികരിച്ചാണ് നിധി വീഡിയോ പകര്‍ത്തിയത്.

തുടര്‍ന്ന് നിധി ചൗധരിക്കെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ നിധിയുടെ നീക്കത്തെ പിന്തുണച്ചും സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പ്രതികരിച്ചു. പൊതുജനാരോഗ്യത്തിന് ദോഷമുണ്ടാകുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടു.

പുണ്യസ്ഥലത്തെ മലിനമാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിധിയും ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. നേരത്തെ കുംഭമേളക്കെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ആരോഗ്യപരമായ അപകടങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍.ജി.ടി) ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ദിവസം മഹാ കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരണപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് യു.പി സര്‍ക്കാര്‍ ഇന്നലെ (ബുധന്‍) പുറത്തിവിട്ടിരിന്നു. 30 പേരാണ് കുംഭമേളക്കിടെ മരണപ്പെട്ടത്.

മൗനി അമാവാസി ദിനത്തില്‍ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്യാന്‍ ആളുകള്‍ തടിച്ചുകൂടിയതോടെയാണ് അപകടം ഉണ്ടായത്. ബാരിക്കേഡ് തകര്‍ന്നത് അപകടത്തിന് കാരണമായെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. സ്ത്രീകള്‍ ഉള്‍പ്പെടെയാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടര്‍ന്ന്, കുംഭമേളക്ക് എത്തിയ വി.ഐ.പികളിലേക്ക് സുരക്ഷാ സന്നാഹം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. കുംഭമേളയില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളും ചികിത്സാ സൗകര്യങ്ങളും ഇല്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

യു.പി സര്‍ക്കാര്‍ അപകടത്തെ തുടര്‍ന്നാണ് കുംഭമേളക്കെത്തുന്നവര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനായി 1920 ഹെല്‍പ്പ്ലൈന്‍ നമ്പര്‍ സ്ഥാപിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു. നിലവില്‍ കുംഭമേളയിലെ വി.ഐ.പി പാസുകള്‍ യു.പി സര്‍ക്കാര്‍ നിര്‍ത്തിവെച്ചു.

Content Highlight: Video: Influencer exposes open defecation at Maha Kumbh mela 2025

Latest Stories