| Tuesday, 31st March 2015, 10:28 pm

ഇന്ത്യക്കാരന്‍ ലണ്ടനില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടുന്നതിന്റെ വീഡിയോ വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടീഷ് നഗരമായ ബിര്‍മിങ്ഹാമില്‍ അജ്ഞാതര്‍ ഇന്ത്യക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. സിഖുകാരനെ ഒരു കൂട്ടം അക്രമികള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതിനെത്തുടര്‍ന്ന് ബിര്‍മിങ്ഹാം പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിനിടെ ഇന്ത്യക്കാരന്‍ മുഖം മറക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. ഞായറാഴ്ചയായിരുന്നു സംഭവം നടന്നിരുന്നത്. യുവാവിന് ചുറ്റും വലിയ ജനക്കൂട്ടം ഉണ്ടായിരുന്നെന്നും എന്നാല്‍ ആരും അദ്ദേഹത്തെ സഹായിക്കാന്‍ തയ്യാറായില്ലെന്നുമാണ് ബിര്‍മിങ്ഹാം മെയില്‍ എന്ന മാധ്യമത്തെ അധികരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

“മാര്‍ച്ച് 29 ഞായറാഴ്ച ഓരാള്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.” പോലീസ് വക്താവ് അറിയിച്ചു. വംശീയ  ആക്രമണമാണെന്നാണ് സൂചനയെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. വിഷയം ഗൗരവമായി എടുക്കുമെന്നും എല്ലാതലത്തിലും അന്വേഷണം നടത്തുമെന്നും വക്താവ് വ്യക്തമാക്കി.

“എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നത് എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്. എന്നാല്‍ താനാണ് ആക്രമിക്കപ്പെട്ടതെന്ന് പറഞ്ഞ് ആരും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല.” അദ്ദേഹം അറിയിച്ചു. ആക്രമിക്കപ്പെട്ടയാളോട് മുന്നോട്ട് വരണമെന്നും പോലീസ് ആവശ്യപ്പെട്ടു. വീഡിയോ എടുത്ത വ്യക്തി മുന്നോട്ട് വന്ന് സംഭവം വിവരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more