ജനീവ: ദിവസം മുഴുവന്‍ കുത്തിയിരുന്ന് വീഡിയോ ഗെയിമുകള്‍ കളിക്കുന്നവരുടെ ശ്രദ്ധക്ക്, ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്കായിരിക്കാം ഒരുപക്ഷെ ഈ കളി ഭ്രമം നിങ്ങളെ കൊണ്ടെത്തിക്കുക.
വീഡിയോ ഗെയിമുകളോടുള്ള അമിതമായ ആസക്തി മാനസികരോഗമാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പുതുക്കിയ International Classification of Disease റിപ്പോര്‍ട്ടിലാണ് വീഡിയോ ഗെയിമുകള്‍ക്കായി ഒരുപാട് സമയം ചിലവഴിക്കുന്നത് കളിക്കുന്നവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ഗെയിമിങ്ങ് അഡിക്ഷനെ “ജീവിതത്തിലെ മറ്റു കാര്യങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുന്ന തരത്തില്‍ ഗെയിമിങ്ങിനോടുള്ള സ്ഥിരമായി നിലനില്‍ക്കുന്നതോ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതോ ആയ അഭിനിവേശം” എന്നാണ് നിര്‍വചിച്ചിരിക്കുന്നത്.
ALSO READ: ലൈംഗിക ഉത്തേജന മരുന്നുകള്‍ വാങ്ങിയവരുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കി ആന്ധ്ര
വീഡിയോ ഗെയിമുകളില്ലാതെ മറ്റ് യാതൊരു വിഷയത്തിലും താല്‍പര്യമില്ലാതിരിക്കുക എന്നതാണ് വെറുമൊരു കളിയില്‍ നിന്നും മാനസികപ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ വഴിമാറാന്‍ തുടങ്ങിയതിന്റെ ആദ്യ ലക്ഷണങ്ങള്‍ എന്ന് പഠനങ്ങള്‍ പറയുന്നു.
ഇതേ സ്ഥിതി തുടരുന്നത് കടുത്ത മാനസിക സംഘര്‍ഷത്തിനിടയാക്കുമെന്നും വ്യക്തി ജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും വിള്ളല്‍ വിള്ളല്‍ വീഴ്ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പഠനത്തെയും ജോലിയെയും വരെ ദോഷകരമായി ബാധിക്കും. ഉറക്കമില്ലായ്മ, ദഹനപ്രശ്നങ്ങള്‍, കായികബലം കുറയുക തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും.
ശാസ്ത്രീയ പഠനങ്ങള്‍ക്കു ശേഷം പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടിനെ അതീവ ഗൗരവത്തോടെയാണ് ആരോഗ്യവിദഗ്ദ്ധര്‍ കാണുന്നത്. പക്ഷെ വീഡിയോ ഗെയിമുകളെ പേടിയോടെ കാണേണ്ട കാര്യമില്ലെന്നും കളിക്കുന്ന എല്ലാവരെയും പ്രത്യേകിച്ച് കുട്ടികളോട് ഒരുതരം സ്റ്റിഗ്മ വെച്ചു പുലര്‍ത്തേണ്ട ആവശ്യമില്ലെന്നും ലോകാരോഗ്യ സംഘടന എടുത്ത് പറഞ്ഞിട്ടുണ്ട്. അമിതമായ അഭിനിവേശം കാണിക്കുന്നതില്‍ ഒരല്പം ശ്രദ്ധയും കരുതലും ആവശ്യമാണെന്നും ആരോഗ്യ സംഘടന ഓര്‍മ്മപ്പെടുത്തുന്നു.