'ഫലസ്തീന്‍ അതിര്‍ത്തിയിലെ ആ ദൃശ്യം എ.ബി.പി ന്യൂസില്‍ ആദ്യമെന്ന് ചാനല്‍'; സംപ്രേഷണം ചെയ്തത് 2021ലെ വീഡിയോ
national news
'ഫലസ്തീന്‍ അതിര്‍ത്തിയിലെ ആ ദൃശ്യം എ.ബി.പി ന്യൂസില്‍ ആദ്യമെന്ന് ചാനല്‍'; സംപ്രേഷണം ചെയ്തത് 2021ലെ വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th October 2023, 11:16 pm

ന്യൂദല്‍ഹി: യുദ്ധമുഖത്ത് നിന്നുള്ള എക്‌സ്‌ക്ലൂസീവ് വീഡിയോ എന്ന പേരില്‍ ഹിന്ദി വാര്‍ത്താ ചാനല്‍ എ.ബി.പി ന്യൂസ് സംപ്രേഷണം ചെയ്തത് 2021 മെയ് മാസം ഇസ്രഈല്‍-ലെബനന്‍ അതിര്‍ത്തിയില്‍ നിന്നെടുത്ത വീഡിയോ.

തങ്ങളുടെ രണ്ട് റിപ്പോര്‍ട്ടര്‍മാരെ എ.ബി.പി ന്യൂസ് ഇസ്രഈലിലേക്ക് അയച്ചിരുന്നു. എ.ബി.പി ന്യൂസില്‍ ആദ്യം എന്ന് അവകാശപ്പെട്ടായിരുന്നു വീഡിയോ ചാനലില്‍ പ്രത്യക്ഷപ്പെട്ടത്.

‘ഫലസ്തീന്‍ അതിര്‍ത്തിയില്‍ ലെബനനില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന ദൃശ്യമാണ് കാണുന്നത്. ഈ വീഡിയോ ആദ്യമായി വരുന്നത് എ.ബി.പി ന്യൂസിലാണ്, എക്‌സ്‌ക്ലൂസീവാണ്,’ ചാനല്‍ അവതാരകന്‍ പറഞ്ഞു.

ആള്‍ട്ട് ന്യൂസ് സ്ഥാപകനും ഫാക്റ്റ് ചെക്കറുമായ മുഹമ്മദ് സുബൈര്‍ ഈ വീഡിയോയുടെ നിജസ്ഥിതിയെ എക്‌സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തി. ഇസ്രഈല്‍ ലെബനന്‍ അതിര്‍ത്തിയില്‍ നിന്നുള്ള വീഡിയോയാണ് ഇതെന്ന് സുബൈര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലും അഭയാര്‍ത്ഥികള്‍ നിയമവിരുദ്ധമായി യു.എസ് അതിര്‍ത്തി കടക്കുന്നു എന്ന പേരില്‍ പഞ്ചാബി സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഈ വീഡിയോ പ്രചരിച്ചിരുന്നു.

ടി.ആര്‍.പിക്ക് വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് നിരവധി പേര്‍ ചാനലിനെതിരെ രംഗത്ത് വന്നു.

ഇസ്രഈലും ഫലസ്തീനുമായി യാതൊരു ബന്ധവുമില്ലാത്ത പഴയ വീഡിയോ ദൃശ്യങ്ങള്‍ യുദ്ധമുഖത്ത് നിന്ന് എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഹമാസ് കമാണ്ടറുടേതെന്ന് എന്ന പേരില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്ത വീഡിയോ 2022ല്‍ പുറത്തുവന്നതാണെന്നും വീഡിയോയിലുള്ളത് ഹമാസിന്റെ കമാണ്ടര്‍ അല്ലായെന്നും പിന്നീട് വ്യക്തമായിരുന്നു.

Content Highlight: video from the Israel-Lebanon border in May 2021 aired by ABP News titled as Exclusive Video from the palestine