'ഇന്ത്യ'യുടെ കണ്‍വീനറെ തീരുമാനിച്ചിട്ടില്ല; തര്‍ക്കവുമില്ല: ലാലു പ്രസാദ് യാദവ്
ന്യൂദല്‍ഹി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ കണ്‍വീനറെ തെരഞ്ഞെടുക്കുന്നതില്‍ യാതൊരു തര്‍ക്കവും നിലനില്‍ക്കുന്നില്ലെന്ന് ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. കണ്‍വീനര്‍ ആരാണെന്ന് തീരുമാനിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘കേന്ദ്രത്തില്‍ നിന്നും ബി.ജെ.പിയെ പുറത്താക്കലാണ് മഹാസഖ്യത്തിന്റെ ലക്ഷ്യം. ബി.ജെ.പിയെ പുറത്താക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ആദ്യം അത് ഒരു മുദ്രാവാക്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഞങ്ങളുടെ തീരുമാനമായി മാറി.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പോരാടാന്‍ 18 പ്രതിപക്ഷ പാര്‍ട്ടികളാണ് ഒത്തുചേര്‍ന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ കാവി പാര്‍ട്ടിക്ക് തിരിച്ചടി നല്‍കാനുള്ള വേദിയാണ് ഇന്ത്യ,’ അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഒരു കരാറും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ പ്രകാരം നിതീഷ് മുഖ്യമന്ത്രി സ്ഥാനം തേജസ്വി പ്രസാദ് യാദവിന് കൈമാറുമെന്നും അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നുമുള്ള ആരോപണങ്ങള്‍ ബി.ജെ.പി ഉന്നയിച്ചിരുന്നു. അതില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം തേജസ്വിയെ മുഖ്യമന്ത്രിയായി കാണാനാണ് താനും സംസ്ഥാനവും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളെന്ന നിലയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറായിരിക്കും കണ്‍വീനറെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഓഗസ്റ്റ് 30, സെപ്റ്റംബര്‍ ഒന്ന് എന്നീ തിയ്യതികളില്‍ ഇന്ത്യയുടെ മൂന്നാമത്തെ യോഗം മുംബൈയില്‍ വെച്ച് ചേരുന്നുണ്ട്. ഇന്ത്യ സഖ്യത്തിന്റെ ആദ്യ യോഗം പട്നയിലും രണ്ടാമത്തേത് കഴിഞ്ഞ മാസം ബെംഗളൂരുവിലുമായിരുന്നു നടന്നത്. ബെംഗളൂരു യോഗത്തിലാണ് ഇന്ത്യ എന്ന പേര് പ്രതിപക്ഷ സഖ്യം സ്വീകരിക്കുന്നത്.
26 പാര്‍ട്ടികളാണ് പ്രതിപക്ഷ സഖ്യത്തിലുള്‍പ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസ്, തൂണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ജെ.ഡി.യു, ആര്‍.ജെ.ഡി, ജെ.എം.എം, എന്‍.സി.പി (ശരദ് പവാര്‍), ശിവസേന (യു.ബി.ടി), സമാജ്‌വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, സി.പി.ഐ.എം, സി.പി.ഐ, ആര്‍.എല്‍.ഡി, എം.ഡി.എം.കെ, കൊങ്കുനാട് മക്കള്‍ ദേശീയ കച്ചി (കെ.എം.ഡി.കെ), (വിടുതലൈ ചിരുതൈഗല്‍ കച്ചി) വി.സി.കെ, ആര്‍.എസ്.പി, സി.പി.ഐ-എം.എല്‍ (ലിബറേഷന്‍), ഫോര്‍വേഡ് ബ്ലോക്ക്, ഐ.യു.എം.എല്‍, കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (മാണി), അപ്നാദള്‍ (കാമറവാടി), മണിത്തനേയ മക്കള്‍ കച്ചി (എം.എം.കെ) എന്നിവയാണ് ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍.
content highlights: Video for ‘India’ undecided; No dispute: Lalu Prasad Yadav