| Sunday, 15th August 2021, 7:09 pm

നരേന്ദ്രമോദിയെ വിമര്‍ശിച്ച് വീഡിയോ; വൃദ്ധനായ യൂട്യൂബറെ തമിഴ്‌നാട്ടിലെത്തി അറസ്റ്റ് ചെയ്ത് യു.പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വീഡിയോ പങ്കുവെച്ചതിന് വൃദ്ധനായ യൂട്യൂബറെ തമിഴ്‌നാട്ടിലെത്തി അറസ്റ്റ് ചെയ്ത് യു.പി പൊലീസ്.

ചെന്നൈയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന 62 വയസുകാരനായ മന്‍മോഹന്‍ മിശ്ര എന്ന വ്യക്തിയെയാണ് മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്.

ഉത്തര്‍പ്രദേശിലെ ജാന്‍പുര്‍ സ്വദേശിയായ മിശ്ര 35 വര്‍ഷമായി ചെന്നൈയില്‍ ആണ് താമസിക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ നിരന്തരം പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തി വീഡിയോ മിശ്ര പങ്കുവെയ്ക്കുന്നെന്ന് കാണിച്ചാണ് യു.പി പൊലീസ് ചെന്നൈയില്‍ നേരിട്ട് എത്തി മിശ്രയെ അറസ്റ്റ് ചെയ്തത്.

അതേസമയം നൂറില്‍ താഴേയാണ് മിശ്രയുടെ പല വീഡിയോകളുടെയും കാഴ്ച്ചക്കാര്‍. 600 വരിക്കാര്‍ മാത്രമാണ് മിശ്രയുടെ യൂട്യൂബ് ചാനലിനുള്ളത്.

പല വീഡിയോകളിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും അതിന്റെ നയങ്ങളെയും കൊവിഡ് 19 ന്റെ രണ്ടാം തരംഗത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിനെയും മിശ്ര വിമര്‍ശിച്ചിട്ടുണ്ട്.

നരേന്ദ്ര മോദി, അമേരിക്ക, അയല്‍ രാജ്യങ്ങളായ ചൈന, പാകിസ്ഥാന്‍ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വിവരിക്കുന്ന വീഡിയോകളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ ഒരു മാഫിയ തലവന്‍ എന്നും അദ്ദേഹം രാജ്യത്തെ അസ്ഥിരപ്പെടുത്തിയെന്നും വീഡിയോയില്‍ മിശ്ര ആരോപിച്ചിരുന്നു.

അദ്ദേഹത്തിന്റെ ആഗസ്റ്റ് 13 -ലെ ഒരു വീഡിയോയില്‍, 2002 ലെ ഗുജറാത്ത് കലാപസമയത്തെ ഗോധ്ര സംഭവത്തെ പരാമര്‍ശിക്കുകയും പ്രധാനമന്ത്രി മോദി ‘ആ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ മരണം വോട്ട് ചോദിക്കാന്‍ ഉപയോഗിക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു’ എന്നും മിശ്ര പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തിയ യു.പി പൊലീസ് കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും മിശ്രയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Video criticizing Narendra Modi; UP police arrest elderly YouTuber in Tamil Nadu

We use cookies to give you the best possible experience. Learn more